സ്വര്‍ണക്കടത്തില്‍ രക്ഷയില്ല; ചാനല്‍ ചര്‍ച്ചകളില്‍ അവതാരകരെ വ്യക്തിപരമായി അധിക്ഷേപിച്ച് സിപിഎം പ്രതിനിധികള്‍

കോഴിക്കോട്: സ്വര്‍ണക്കടത്തില്‍ ന്യായീകരിച്ച് കുഴങ്ങിയ സിപിഎം നേതാക്കളും പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് വിവാദമാവുന്നു. മോദിയെയും ബിജെപിയേയും വിമര്‍ശിക്കുന്നവരെല്ലാം രാജ്യദ്രോഹികളാണെന്ന സംഘപരിവാര്‍ രീതിയില്‍ പിണറായി വിജയനെ വിമര്‍ശിക്കുന്നവരെല്ലാം സംസ്ഥാന ദ്രോഹികളാണെന്ന നിലപാടിലാണ് സിപിഎം നേതൃത്വം. ഈ ന്യായീകരണവുമായി ചാനല്‍ ചര്‍ച്ചകളിലെത്തുന്ന സിപിഎം പ്രതിനിധികള്‍ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ വരുമ്പോള്‍ അവതാരകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. എ.എന്‍ ഷംസീര്‍, എന്‍.എന്‍ കൃഷ്ണദാസ്, എം.ബി രാജേഷ്, എ.എ റഹീം തുടങ്ങിയവരെല്ലാം അവതാരകരെ വ്യക്തിപരമായി കടന്നാക്രമിച്ച് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്.

വ്യക്തിപരമായി താന്‍ കോണ്‍ഗ്രസുകാരിയാണെന്ന് വ്യക്തമാക്കിയ നിഷ പുരുഷോത്തമനെ സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചക്കിടയിലും സിപിഎം പ്രവര്‍ത്തകരും നേതാക്കളും വ്യക്തിപരമായി കടന്നാക്രമിക്കുകയാണ്. നിഷയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ കുരുങ്ങുമ്പോള്‍ നിങ്ങള്‍ക്ക് രാഷ്ട്രീയമുണ്ടെന്ന ന്യായം പറഞ്ഞ് രക്ഷപ്പെടാനാണ് എ.എന്‍ ഷസീര്‍, എ.എ റഹീം തുടങ്ങിയ സിപിഎം നേതാക്കള്‍ ശ്രമിക്കുന്നത്. മലയാളം ടെലിവിഷന്‍ ചാനലുകളില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരും വക്താക്കളുമായി പരസ്യമായി രംഗത്തുള്ളവരാണ്. എന്നാല്‍ ഇവരെയൊന്നും ഇതുവരെ ഒരു യുഡിഎഫ് നേതാവും രാഷ്ട്രീയത്തിന്റെ പേരില്‍ വിമര്‍ശിച്ചിട്ടില്ല. എന്നാല്‍ ഇതിനിടയില്‍ നിന്ന് തന്റെ യുഡിഎഫ് അനുകൂല രാഷ്ട്രീയം വ്യക്തമാക്കിയതിന്റെ പേരില്‍ മാത്രം നിഷ പുരുഷോത്തമന്‍ ആക്രമിക്കപ്പെടുന്നത്.

പിണറായി വിജയന്‍ അധികാരമേറ്റ ശേഷം ഒരു കേസില്‍ പോലും ന്യായമായ അന്വേഷണം നടന്നിട്ടില്ലെന്നും നീതി നടപ്പായിട്ടില്ലെന്നും അന്വേഷണങ്ങള്‍ അട്ടിമറിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയതിന് മീഡിയാവണ്‍ അവതാരകനായ അഭിലാഷിനെ രാജ്യദ്രോഹിയെന്നാണ് സിപിഎം നേതാവായ എന്‍.എന്‍ കൃഷ്ണദാസ് വിശേഷിപ്പിച്ചത്. അഭിലാഷിന്റെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാതെ ചര്‍ച്ചയില്‍ ദീര്‍ഘനേരം രാജ്യദ്രോഹി എന്ന് കൃഷ്ണദാസ് അലറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടത്. തന്റെ സ്വന്തമായ രാജ്യദ്രോഹി കാര്‍ഡ് സിപിഎം നേതാവ് കൊണ്ടുപോയതോടെ ചര്‍ച്ചയില്‍ ബിജെപി നേതാവായ സന്ദീപ് വാര്യര്‍ കാഴ്ചക്കാരനായി. മനോരമ ന്യൂസിലെ മാധ്യമപ്രവര്‍ത്തകനായ അയ്യപ്പദാസിനെതിരെയും വലിയ സൈബര്‍ ആക്രമണമാണ് സിപിഎം പ്രവര്‍ത്തകര്‍ നടത്തുന്നത്.

സംഘപരിവാര്‍ മാതൃകയില്‍ തങ്ങളെ വിമര്‍ശിക്കുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സിപിഎം നേതാക്കളുടെ ശൈലിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സര്‍ക്കാറും പാര്‍ട്ടിയും ആരോപണ വിധേയരാവുമ്പോള്‍ ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം നേതാക്കള്‍ ക്ഷുഭിതരായി അവതാരകരെ അധിക്ഷേപിക്കുന്നത് പതിവ് കാഴ്ച്ചയായി മാറുകയാണ്. എ.എന്‍ ഷംസീറാണ് ഈ രീതി വികസിപ്പിച്ചെടുത്തതെങ്കിലും ഇപ്പോള്‍ എം സ്വരാജ്, എം.ബി രാജേഷ് തുടങ്ങിയവരും ഈ മാതൃക പിന്‍പറ്റുന്നതാണ് കാണാന്‍ കഴിയുന്നത്.

SHARE