സ്വര്‍ണക്കടത്ത്: വിമാനത്താവള പരിസരത്ത് ക്യാമറയില്ലെന്ന് പൊലീസ്- കസ്റ്റംസ് നീക്കങ്ങള്‍ക്ക് തിരിച്ചടി

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ നോക്കി അന്വേഷണം ഊര്‍ജിതമാക്കാനുള്ള കസ്റ്റംസ് നീക്കത്തിന് തിരിച്ചടി. കസ്റ്റംസ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട സ്ഥലത്ത് നിരീക്ഷണ ക്യാമറയില്ലെന്ന് പൊലീസ് അറിയിച്ചു. ഈ സ്ഥലത്തു നിന്ന് അര കിമോമീറ്റര്‍ അകലെ മുതലാണ് ക്യാമറയുള്ളത്. മൂന്നു മാസത്തിനിടെയുള്ള ആറു പ്രത്യേക ദിവസങ്ങളിലെ ദൃശ്യങ്ങളാണ് കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുള്ളത്. ഉള്ള ദൃശ്യങ്ങള്‍ കൈമാറാമെന്ന് പൊലീസ് അറിയിച്ചു.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ സന്ദീപ് നായരാണെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍. ആറുമാസത്തിനിടെ ഏഴുതവണ സ്വര്‍ണം കടത്തിയതായും കസ്റ്റംസ് കരുതുന്നു. കോണ്‍സുലേറ്റ് മുന്‍ പി.ആര്‍.ഒ സരിത് മൂന്നാംകണ്ണി മാത്രമാണ് എന്നാണ് സൂചന. മറ്റൊരു പ്രതിയായ സ്വപ്‌ന സുരേഷിനെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കുന്നുണ്ട്.

അതേസമയം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എയര്‍ കാര്‍ഗോ അസോസിയേഷന്‍ നേതാവ് ഹരിരാജിനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്താനാണ് നിര്‍ദ്ദേശം. സ്വര്‍ണ്ണം അടങ്ങിയ ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാനായി കസ്റ്റംസില്‍ ഇയാള്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

കേസില്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് വിലയിരുത്തിയാണ് എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രം അനുമതി നല്‍കിയത്. സ്വര്‍ണ കള്ളക്കടത്തിനു പിന്നില്‍ ആരാണ്, സ്വര്‍ണം എവിടെനിന്ന് വന്നു, ആര്‍ക്കുവേണ്ടിയായിരുന്നു എത്തിച്ചത് തുടങ്ങിയ കാര്യങ്ങള്‍ എന്‍ഐഎയുടെ അന്വേഷണത്തില്‍ ഉള്‍പ്പെടും. നേരത്തെ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു.