ഇടിമിന്നലേറ്റ് സിസിടിവി ക്യാമറ കേടായാലും ദൃശ്യങ്ങള്‍ നഷ്ടമാകില്ലെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: മെയ് 1 മുതല്‍ ജൂലൈ 4 വരെയുള്ള ദൃശ്യങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് എന്‍ഐഎ ഇന്നലെ ചീഫ് സെക്രട്ടറിക്കു കത്തു നല്‍കിയത്. ഇതിന്റെ ചുമതല പൊതുഭരണ വകുപ്പ് ഹൗസ്‌കീപ്പിങ് വിഭാഗം അഡീഷനല്‍ സെക്രട്ടറിക്കാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. തുടര്‍ന്നു ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ ഒരു ജീവനക്കാരനെ അഡീഷനല്‍ സെക്രട്ടറി പി.ഹണിയുടെ ഓഫിസിലേക്ക് അയച്ചു.

സെക്രട്ടേറിയറ്റിലെ 83 ക്യാമറകളില്‍ ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ 4 ക്യാമറകള്‍ കുറച്ചു കാലം പ്രവര്‍ത്തിച്ചില്ലെന്നു ഹണി അറിയിച്ചു. മേയില്‍ ഇടിമിന്നല്‍ ഉണ്ടായപ്പോള്‍ കേടായതാണെന്നാണ് അറിയിച്ചത്. ഇവ പിന്നീടു നന്നാക്കി. നോര്‍ത്ത് ബ്ലോക്കിലെ നാലാം നിലയിലാണു മുഖ്യമന്ത്രിയുടെ ഓഫിസ്, അഞ്ചാം നിലയില്‍ ശിവശങ്കറിന്റെയും. ഇവിടത്തെ ക്യാമറ ദൃശ്യങ്ങള്‍ ലഭ്യമാണെന്നു ഹണി എന്‍ഐഎ ഉദ്യോഗസ്ഥരെ അറിയിച്ചു. സ്വര്‍ണക്കടത്തു പ്രതികള്‍ക്കു സെക്രട്ടേറിയറ്റിലെ ശക്തമായ സെക്യൂരിറ്റി സംവിധാനം മറികടന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ബ്ലോക്കില്‍ എത്താന്‍ സംഘടനാ നേതാക്കള്‍ സഹായം ചെയ്തുവെന്ന ആരോപണം ഉള്‍പ്പെടെ എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.

സെക്രട്ടേറിയറ്റിലെ സിസിടിവിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ ശേഖരിച്ചു വയ്ക്കാന്‍ സാധിക്കും. ഇടിമിന്നലില്‍ സിസിടിവി ക്യാമറ കേടായാലും ദൃശ്യങ്ങള്‍ നഷ്ടപ്പെടില്ലെന്നു സാങ്കേതിക വിദഗ്ധര്‍ പറയുന്നു. മുന്‍പ് നിയമവകുപ്പിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ നേതാവിനെ ഇടതുപക്ഷ സംഘടനക്കാര്‍ കയ്യേറ്റം ചെയ്തതായി കേസ് വന്നപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ശ്രമിച്ചിരുന്നു. അന്നു ദൃശ്യം ലഭ്യമല്ലെന്നാണു ഹൗസ്‌കീപ്പിങ് വിഭാഗം അറിയിച്ചത്.

SHARE