ഇന്ത്യന്‍ വനിതാ ലീഗില്‍ ചാമ്പ്യന്‍മാര്‍; ചരിത്രം കുറിച്ച് ഗോകുലം എഫ്‌സി

ബാംഗളൂരു: ഇന്ത്യന്‍ വനിതാ ലീഗ് കിരീടത്തില്‍ ഗോകുലം കേരള എഫ്‌സി ചാമ്പ്യന്‍മാരായി. കലാശപ്പോരാട്ടത്തില്‍ മണിപ്പൂരില്‍നിന്നുള്ള ക്രിപ്‌സയെ പരാജയപ്പെടുത്തിയാണ് ഗോകുലം ചാംപ്യന്മാരായത്. രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു ഗോകുലത്തിന്റെ വിജയം. കഴിഞ്ഞ വര്‍ഷം സെമിയില്‍ അവസാനിച്ച കുതിപ്പ് ഇത്തവണ കിരീടത്തിലെത്തിച്ചിരിക്കുകയാണ് ഗോകുലം വനിതകള്‍.

ഇതാദ്യമായാണ് കേരളത്തില്‍ നിന്നൊരു ടീം ദേശീയ വനിതാ ലീഗ് കിരീടം സ്വന്തമാക്കുന്നത്. ഇതുവരെ കേരളത്തില്‍നിന്നുള്ള ഒരു ക്ലബ്ബിന്റെ പുരുഷവനിതാ ടീമുകള്‍ക്ക് ദേശീയ ലീഗ് കിരീടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. ഈ നേട്ടവും ഇനി ഗോകുലം വനിതകള്‍ക്ക് സ്വന്തം.

പ്രാഥമിക ഘട്ടത്തില്‍ കളിച്ച എല്ലാ മത്സരവും ജയിച്ചായിരുന്നു ഗോകുലത്തിന്റെ കുതിപ്പ്. പല മത്സരങ്ങളും ഗോകുലം വനിതകള്‍ ഗോള്‍ മഴ തീര്‍ക്കുകയായിരുന്നു. സെമിയില്‍ മുന്‍ ചാംപ്യന്മാരായ സേതു എഫ്‌സിയെ പരാജയപ്പെടുത്തിയാണ് ഗോകുലം ഫൈനലിന് യോഗ്യത നേടിയത്. ഫൈനലിലെ വിജയ ഗോള്‍ ഉള്‍പ്പടെ 18 ഗോള്‍ നേടിയ നേപ്പാള്‍ താരം സബിത്രയാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍.

SHARE