കൊവിഡ് 19; ഇന്ത്യയില്‍ മരണം നാലായി; രാജ്യത്തേക്കുള്ള വ്യോമഗതാഗതം നിര്‍ത്തുന്നു

ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം നാലായി. ജര്‍മനിയില്‍ നിന്ന് എത്തിയ പഞ്ചാബ് സ്വദേശിയായ എഴുപതുകാരനാണ് ഇന്ന് മരിച്ചത്. അല്‍പസമയം മുന്‍പാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍.

ജര്‍മനിയില്‍ നിന്ന് ഇറ്റലി വഴി മാര്‍ച്ച് ഏഴിനാണ് ഇയാള്‍ എത്തിയത്. അന്നുതന്നെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. രക്തസമ്മര്‍ദം, പ്രമേഹം അടക്കമുള്ള രോഗങ്ങള്‍ ഇയാള്‍ക്കുണ്ടായിരുന്നു

അതിനിടെ രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 174 ആയി. മഹാരാഷ്ട്രയില്‍ മാത്രം 49 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണ്.

അതേസമയം, കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള വ്യോമഗതാഗതം നിര്‍ത്തലാക്കി. ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും വിലക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഈ മാസം 22 മുതല്‍ 29 വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ എല്ലാ അതിര്‍ത്തികളും അടച്ചിടാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തു.

കുട്ടികളും പ്രായമുള്ളവരും വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്. ജനപ്രതിനിധികളോ സര്‍ക്കാര്‍ ജോലിക്കാരോ ആരോഗ്യപ്രവര്‍ത്തകരോ, വൈദ്യസഹായം ആവശ്യമുള്ളവരോ അല്ലാത്ത പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികളും,  60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും വീടിന് പുറത്തിറങ്ങരുത് എന്നാണ് നിര്‍ദേശം. കൊറോണ വ്യാപിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത്.

അതേസമയം ഇന്ത്യയില്‍ ഇതുവരെ കൊവിഡ് 19 ല്‍ സാമൂഹ്യ വ്യാപനമില്ലെന്ന് ഐഎംസിആര്‍ അറിയിച്ചു. കൊവിഡ് 19 പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

SHARE