യു.പിയില്‍ ഗര്‍ഭിണിക്ക് ആംബുലന്‍സില്‍ ദാരുണാന്ത്യം; ചികിത്സതേടി 13 മണിക്കൂര്‍നീണ്ട അലച്ചില്‍; എട്ട് ആസ്പത്രികളും ചികിത്സ നിഷേധിച്ചു

ലഖ്നൗ: സര്‍ക്കാര്‍ ആസ്പത്രിയടക്കം എട്ട് ആസ്പത്രികള്‍ ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് യു.പിയില്‍ എട്ടുമാസം ഗര്‍ഭിണിയായ യുവതി ആംബുലന്‍സില്‍ മരിച്ചു. ചികിത്സ തേടി 13 മണിക്കൂറോളം എട്ട് ആസ്പത്രികളിലായി അലഞ്ഞ യുവതി ആരും ചികിത്സിക്കാന്‍ തയ്യാറാവാഞ്ഞതോടെ വഴിയെ മരിക്കുകയാരുന്നു.

എട്ടുമാസം ഗര്‍ഭിണിയായ 30 കാരിയായ നീലം ആണ് വെള്ളിയാഴ്ച ഗ്രേറ്റര്‍ നോയ്ഡയിലെ ആസ്പത്രിക്ക് മുന്നില്‍ നിര്‍ത്തിയിട്ട ആംബുലന്‍സിനുള്ളില്‍ മരിച്ചതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. സംഭവത്തില്‍ ഗൗതദം ബുദ്ധ് നഗര്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഭര്‍ത്താവ് വിജേന്ദര്‍ സിങ്ങിനൊപ്പമാണ് അവര്‍ വിവിധ ആസ്പത്രികളില്‍ ചികിത്സതേടി അലഞ്ഞത്.

നോയ്ഡ-ഗാസിയാബാദ് അതിര്‍ത്തിയിലുള്ള ഖോദയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു എട്ടാംമാസം വരെ നീലത്തിനെ ചികിത്സിച്ചിരുന്നത്. എന്നാല്‍ പ്രസവ വേദനയെ തുടര്‍ന്ന് യുവതിയെ കാണിക്കാന്‍ വന്നപ്പോള്‍ ഈ ആസ്പത്രി അനുവദിക്കാത്തിനെത്തുടര്‍ന്നാണ് മറ്റ് ആസ്പത്രികള്‍ തേടി അലഞ്ഞതെന്ന് വിജേന്ദര്‍ സിങ് പറഞ്ഞു.

ഇതോടെയാണ് ഇ.എസ്.ഐ ഹോസ്പിറ്റല്‍, സെക്ടര്‍ 30 ലെ ചൈല്‍ഡ് പിജിഐ ഹോസ്പിറ്റല്‍, ശാര്‍ദാ ഹോസ്പിറ്റല്‍, ഗ്രേറ്റര്‍ നോയ്ഡയിലെ ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് തുടങ്ങിയ ആസ്പത്രികളില്‍ ദമ്പതികള്‍ക്ക് ചികിത്സ തേടി അലഞ്ഞത്. ഇതിനുശേഷം നാല് സ്വകാര്യ ആശുപത്രികളെയും ദമ്പതികള്‍ സമീപിച്ചുവെങ്കിലും കിടക്ക ഒഴിവില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും, വിജേന്ദര്‍ പറഞ്ഞു. ആരം അഡ്മിറ്റ് ചെയ്യാന്‍ അനുവദിക്കാഞ്ഞതോടെ അവസാനം അവള്‍ ആംബുലന്‍സില്‍ കിടന്ന് മരിച്ചു, വിജേന്ദര്‍ കൂട്ടിച്ചേര്‍ത്തു.

യു.പിയിലെ ഗൗതംബുദ്ധ് നഗറില്‍ അടുത്തിടെ യഥാസമയം ചികിത്സ ലഭിക്കാത്തതിനാല്‍ മനുഷ്യജീവന്‍ നഷ്ടപ്പെട്ട രണ്ടാമത്തെ സംഭവമാണിത്. മെയ് 25 ന് ചികിത്സതേടി മാതാപിതാക്കള്‍ വിവിധ ആശുപത്രികളിലേക്ക് ഓടുന്നതിനിടെ നവജാത ശിശു മരിച്ചിരുന്നു. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണം നടത്തി രണ്ട് സ്വകാര്യ ആശുപത്രികള്‍ക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.