മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കയച്ച സംഭാവന തിരികെ ആവശ്യപ്പെട്ട് 97 പേര്‍


തിരുവനന്തപുരം: പ്രളയകാലത്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കിയ 97 പേര്‍ പണം തിരികെ ആവശ്യപ്പെട്ടു. ഇവരെല്ലാം കൂടി നല്‍കിയത് 55.18 ലക്ഷം രൂപ. മുഴുവന്‍ തുകയും തിരികെ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്ത തുക തിരികെ ചോദിച്ച് ആരും പൊതുവേ എത്താറില്ല.

2018 ലെ പ്രളയകാലത്ത് 4900 കോടി രൂപ സര്‍ക്കാരിനു ലഭിച്ചിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈനായി പണമടയ്ക്കാന്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തിയതും അന്നാണ്. പണം ഓണ്‍ലൈനായി കൈമാറിയപ്പോള്‍ വന്ന പിശകാണു ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ആയിപ്പോയതെന്ന് പണം തിരികെ ആവശ്യപ്പെട്ടുള്ള അപേക്ഷകളില്‍ പറയുന്നു. തുക രേഖപ്പെടുത്തിയപ്പോള്‍ ഒരു പൂജ്യം കൂടിപ്പോയെന്നു കാട്ടി ബാക്കി തിരികെ ആവശ്യപ്പെട്ടവരുമുണ്ട്.

2018 ലെ പ്രളയകാലത്ത് രാജ്യത്തെ ഒട്ടേറെ കോടതികള്‍ പ്രതികളോടു മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയിലേക്കു പണമടയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇങ്ങനെ പണമടച്ചവര്‍ രസീത് കോടതിയില്‍ ഹാജരാക്കിയ ശേഷം തുക തിരികെ വാങ്ങുകയാണെന്ന സംശയവുമുണ്ട്. ആദായ നികുതി കിഴിവു നേടിയ ശേഷം സംഭാവന തിരിച്ചു വാങ്ങാനുള്ള സാധ്യതയുമുണ്ട്. നികുതി കിഴിവ് നേടിയവര്‍ സംഭാവന തിരികെ വാങ്ങിയ വിവരം ഈ വര്‍ഷത്തെ കണക്കില്‍ രേഖപ്പെടുത്തണമെന്ന നിബന്ധനയോടെയാണു സര്‍ക്കാര്‍ പണം തിരികെ നല്‍കുന്നത്. കോവിഡ് ഫണ്ടിലേക്ക് ഇതുവരെ 344 കോടി രൂപ സംഭാവന കിട്ടി.

16 മലയാളികള്‍

അപേക്ഷിച്ച 97 പേരില്‍ 16 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ഹോങ്കോങ്ങില്‍ നിന്ന് 90,000 സംഭാവന ചെയ്ത സംഘടനയും പണം തിരികെ ആവശ്യപ്പെട്ടു. പാലക്കാട്ടുകാരനായ കെ.സുന്ദരേശ്വരനാണ് ഏറ്റവും ഉയര്‍ന്ന തുക തിരിച്ചു വാങ്ങുന്നത്: 4,95,000 രൂപ.

SHARE