ആനയാംകുന്ന് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പനി പടരുന്നു; രക്ത സാമ്പിള്‍ മണിപ്പാലിലേക്കയച്ചു

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആനയാംകുന്ന് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വ്യാപകമായി പനി പടരുന്നു. ഹൈസ്‌കൂളിലെ 42 വിദ്യാര്‍ത്ഥികള്‍ക്കും 13 അധ്യാപകരും ഇപ്പോള്‍ ചികിത്സയിലാണ്. ജനുവരി 3 നാണ് ആദ്യം പനി സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. ഒരു ക്ലാസില്‍ 12 കുട്ടികള്‍ ലീവായത് അന്വേഷിച്ചപ്പോള്‍ സ്‌കൂളില്‍ മൊത്തം 42 കുട്ടികള്‍ അവധിയിലാണന്ന് കണ്ടത്തുകയായിരുന്നു. 13 അധ്യാപകരും പനിപിടിച്ച് അവധിയിലായിരുന്നു. പിറ്റേ ദിവസവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അവധിയിലായതോടെ സ്‌കൂള്‍ അധികൃതര്‍ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.

കടുത്ത പനി, തലവേദന, തൊണ്ടവേദന എന്നിവയാണ് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും. തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഭക്ഷണം, വെള്ളം, കിണര്‍ പരിസരം എന്നിവിടങ്ങളില്‍ പരിശോധന നടത്തിയങ്കിലും ഒന്നും കണ്ടത്താനായില്ലന്നാണ് വിവരം.

അതേസമയം പനി പടരുന്ന സാഹചര്യത്തില്‍ രോഗികളുടെ രക്ത സാമ്പിള്‍ മണിപ്പാലിലേക്കയച്ചു. കോഴിക്കോട് ബീച്ച് ആസ്പത്രിയില്‍ ശേഖരിച്ച മൂന്ന് വിദ്യാര്‍ത്ഥികളുടേയും ഒരു അധ്യാപകന്റെയും രക്തസാമ്പിള്‍ വിദഗ്ധ പരിശോധനക്കായി മണിപ്പാലിലേക്കാണ് അയച്ചത്.
എസ്. എസ്. എല്‍.സി പരീക്ഷ അടുത്ത സമയത്ത് ഇത്രയധികം കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒന്നിച്ച് പനിപിടിച്ചതില്‍ രക്ഷിതാക്കളും അധ്യാപകരും ആശങ്കയിലാണ്. പത്താം തിയ്യതി സ്‌കൂളില്‍ വിളിച്ചു ചേര്‍ത്ത പിടിഎ കമ്മറ്റിയും മാറ്റി വെച്ചിട്ടുണ്ട്.

SHARE