മൈസൂര്‍പാക്ക് കഴിച്ചാല്‍ കോവിഡ് മാറുമെന്ന് പരസ്യം നല്‍കിയ ബേക്കറി അധികൃതര്‍ അടച്ചുപൂട്ടി

ചെന്നൈ: കോവിഡ് ഭേദമാകാന്‍ തങ്ങളുടെ കടയിലെ ഹെര്‍ബല്‍ മൈസൂര്‍പാക്ക് കഴിച്ചാല്‍ മതിയെന്ന് പരസ്യം പ്രചരിപ്പിച്ച ബേക്കറി അടച്ചുപൂട്ടി അധികൃതര്‍. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. നെല്ലായ് ലാ സ്വീറ്റ് ബേക്കറിക്കടയാണ് കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടം അടപ്പിച്ചത്.

ഹെര്‍ബല്‍ മൈസൂര്‍ പാക് കഴിച്ചാല്‍ കോവിഡ് മാറുമെന്നായിരുന്നു ബേക്കറിയുടെ പരസ്യം. സമൂഹമാധ്യമങ്ങളില്‍ ഈ പരസ്യം വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. നിറയെ ഔഷധ ഗുണമുള്ള ഈ പലഹാരം കഴിഞ്ഞ മൂന്ന് മാസമായി കോവിഡ് രോഗികള്‍ക്കും അവരുടെ വീട്ടുകാര്‍ക്കും വിതരണം ചെയ്യാറുണ്ടെന്നും ഇത് ഫലപ്രദമാണെന്നുമായിരുന്നു കട ഉടമയുടെ അവകാശ വാദമെന്ന് ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആരോഗ്യ വകുപ്പിലേയും ഭക്ഷ്യ സുരക്ഷ വിഭാഗത്തിലേയും ഉദ്യോഗസ്ഥര്‍ കടയിലെത്തി പരിശോധന നടത്തി. കട സീല്‍ ചെയ്തതായും കടയുടമ അവകാശപ്പെടുന്ന ഔഷധ മൈസൂര്‍ പാക്കും അത് നിര്‍മിക്കാനുപയോഗിച്ച സാധനങ്ങളും പിടിച്ചെടുത്തതായും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

SHARE