വ്യാജ ഹര്‍ത്താല്‍ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്: വ്യാജ ഐഡി ഉപയോഗിച്ച എറണാകുളം സ്വദേശിയെ പൊലീസ് തിരിച്ചറിഞ്ഞു

കൊച്ചി: ജമ്മു കാശ്മീരിലെ കഠ്‌വയില്‍ എട്ടു വയസ്സുകായി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തില്‍ നടന്ന വ്യാജ ഹര്‍ത്താലുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. വ്യാജ ഫെയ്‌സ്ബുക്ക് ഐഡി വഴി വ്യാജ ഹര്‍ത്താല്‍ വാര്‍ത്ത പ്രചരിപ്പിച്ച എറണാകുളം സ്വദേശിയെ പൊലീസ് തിരിച്ചറിഞ്ഞു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ ഉള്ളതായാണ് പൊലീസിന്റെ നിരീക്ഷണം. ഇതിനായി കൂടുതല്‍ ഫെയ്സ്ബുക്ക് ഐഡികള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.

ഹര്‍ത്താല്‍ വാര്‍ത്ത പ്രചരിപ്പിച്ചത് വ്യാജ ഐഡികള്‍ വഴിയായതിനാല്‍ സംഭവത്തിന് പിന്നില്‍ ശക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.വരും ദിവസങ്ങളില്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ പൊലീസിന്റെ പിടിയിലാകും. അതേസമയം തിരിച്ചറിഞ്ഞ പ്രതിയുടെ പേരു വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഏപ്രില്‍ പതിനാറിനായിരുന്നു കഠ്‌വ സംഭവുമായി ബന്ധപ്പെട്ട് കേരളത്തില്‍ വ്യാജ ഹര്‍ത്താല്‍ നടത്തിയത്.