കോടിയേരിയുടെ പ്രസ്താവന അസംബന്ധം ; ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി

മലപ്പുറം: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പുറത്തുള്ള സംഘടനകളുമായി ലീഗ് നീക്കുപോക്കുണ്ടാക്കുന്നു എന്ന സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അസംബന്ധമാണെന്ന് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി. മുസ്ലിം ലീഗ് രാഷ്ട്രീയത്തില്‍ സി.പി.എമ്മിനെ പോലെ ഒരിക്കലും നിഗൂഡതയില്ല. ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളുടെ ഭരണഘടനാപരമായ താല്പര്യത്തിന് ഊന്നല്‍ കൊടുത്തും ഒരു ബഹുസ്വര സമൂഹത്തില്‍ എല്ലാ മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളുമായും സഹകരിക്കുകയും ചെയ്ത പാരമ്പര്യമാണ് മുസ്ലിം ലീഗിന്റേത്.

എന്നാല്‍ രാഷ്ട്രീയ സാദാചാരത്തെ ഓരോ തിരഞ്ഞെടുപ്പ് ബന്ധങ്ങളിലും വികൃതമാക്കിയ പാര്‍ട്ടിയാണ് സി.പി.എം. വോട്ട് കിട്ടാന്‍ ആരേയും കൂട്ടുപിടിക്കുമെന്ന അവരുടെ സമീപനം കേരളം പലതവണ കണ്ടതുമാണ്. മുസ്‌ലിം ലീഗിനെ പരാജയപ്പെടുത്താന്‍ മുസ്‌ലിം സംഘടനകളെ പലപ്പോഴും കൂട്ട് പിടിച്ചതും സി.പി.എം തന്നെ. സി.പി.എം ഒരു സംഘടനയെ കൂട്ട് പിടിക്കുന്നത് അത്തരം സംഘടനകള്‍ തങ്ങള്‍ക്ക് ദാസ്യ വേല ചെയ്യുമോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലാണ്. തീവ്രവാദ സംഘടനകളെന്നു അവര്‍ ആരോപിക്കുന്ന എല്ലാവരുമായും ഒളിഞ്ഞും തെളിഞ്ഞും സി.പി.എം സഖ്യമുണ്ടാക്കിയിട്ടുണ്ടെന്നതിനും ചരിത്രം സാക്ഷിയാണ്. പല തദ്ദേശ സ്ഥാപനങ്ങളിലും ഈ അവിശുദ്ധ ബന്ധം തുടരുന്ന കാര്യം സി പി എം മറക്കരുതെന്നും ഇ. ടി പറഞ്ഞു.