തൊണ്ടി ഏല്‍പിച്ചാല്‍ എല്ലാം തീരുന്നില്ല

കേരളത്തില്‍ ഏപ്രിലോടെ 80ലക്ഷം പേരിലേക്ക് കോവിഡ്-19 പടര്‍ന്നുപിടിക്കുമെന്നും അതിനെ പ്രതിരോധിക്കാന്‍ രോഗികളുടെയും ക്വാറന്റീനില്‍ കഴിയേണ്ടിവരുന്നവരുടെയും മറ്റുംവിവരങ്ങള്‍ ശേഖരിക്കണമെന്നും ചൂണ്ടിക്കാട്ടി സംസ്ഥാനസര്‍ക്കാര്‍ രഹസ്യമായി ഉണ്ടാക്കിയ കരാര്‍ കയ്യോടെ പിടിക്കപ്പെട്ടതോടെ തൊണ്ടിമുതല്‍ തിരിച്ചേല്‍പിച്ച് രക്ഷപ്പെടാനുള്ള കള്ളന്റെ ധൃതിയാണ് ഭരണപക്ഷം ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്. സര്‍ക്കാര്‍ വ്യാഴാഴ്ച ഹൈക്കോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലപ്രകാരം അമേരിക്കന്‍ കുത്തകകമ്പനിയായ സ്പ്രിന്‍കഌറുമായി സര്‍ക്കാര്‍ ഇനി ബന്ധപ്പെടില്ലെന്നും കോവിഡ് അനുബന്ധവിവരങ്ങള്‍ ശേഖരിക്കുന്നതിന് സര്‍ക്കാരുടമസ്ഥതയിലുള്ള സി-ഡിറ്റിനെ ചുമതലപ്പെടുത്തിയതുമായാണ് വ്യക്തമാക്കിയിട്ടുള്ളത്.

നിത്യേന കോവിഡ് പ്രതിരോധത്തെക്കുറിച്ച് വാര്‍ത്താസമ്മേളനം നടത്തി വാചാലനാകുന്ന മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഇത്തരമൊരു നിര്‍ണായക തീരുമാനം പ്രഖ്യാപിക്കാന്‍ മടിയുണ്ടായത് സ്വാഭാവികമാവാമെങ്കിലും ഇതുകൊണ്ടുതീരുന്നതല്ല കരാറിനുപിന്നില്‍ അടങ്ങിയിരിക്കുന്ന ഗൂഢഇടപാടുകളും കൈമാറ്റങ്ങളും.

സ്പ്രിന്‍കഌ കമ്പനിയുമായി ഇക്കഴിഞ്ഞ മാര്‍ച്ച്24നാണ് സര്‍ക്കാര്‍ വിവരശേഖരണത്തിനുള്ള രഹസ്യകരാറിലേര്‍പ്പെടുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് യാതൊരുതരത്തിലുള്ള ജനാധിപത്യപരവും നിയാമകവുമായ നടപടിക്രമങ്ങളും സര്‍ക്കാര്‍ പാലിച്ചില്ലെന്ന് വെളിപ്പെടുത്തിയത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയായിരുന്നു. ഏപ്രില്‍ പത്തിലെ വെളിപ്പെടുത്തിലിനുശേഷം മുഖ്യമന്ത്രിയോട് മാധ്യമപ്രവര്‍ത്തകര്‍ വിശദീകരണം അന്വേഷിച്ചപ്പോള്‍, പ്രതിപക്ഷനേതാവ് ഇതും ഇതിലധികവും പറയുമെന്നുപറഞ്ഞ് പ്രശ്‌നത്തെ നിസ്സാരവല്‍കരിക്കുകയായിരുന്നു.

കോവിഡ്‌രോഗികളുടെ കാര്യത്തില്‍ ടെന്‍ഡറില്ലാതെയുള്ള ഇത്തരമൊരു അന്താരാഷ്ട്രസംബന്ധിയായ കരാറിലേര്‍പെടുന്നതിനുമുമ്പ് ഇടതുമുന്നണി സര്‍ക്കാര്‍ നിറവേറ്റുമെന്ന് പ്രതീക്ഷിച്ചതെല്ലാം ഇല്ലായിരുന്നുവെന്നാണ് പ്രതിപക്ഷനേതാവിന്റെ ആരോപണത്തിലൂടെ തെളിഞ്ഞത്. പ്രതിപക്ഷനേതാവ് ആരോപണം ഉന്നയിച്ചതിനുശേഷമാണ് 12ന് ചില രേഖകളുമായി സ്പ്രിന്‍കഌ കമ്പനി പൊടുന്നനെ രംഗത്തുവന്നതെന്നതും ദുരൂഹതയേറ്റി. ഇക്കാര്യത്തില്‍ പ്രതിപക്ഷവും ചില വ്യക്തികളും കോടതിയെ സമീപിച്ചതോടെയാണ് സര്‍ക്കാര്‍ ഉരുണ്ടുകളി ആരംഭിച്ചത്. ആദ്യം ഇതിന്റെ വിശദീകരണം ഐ.ടി വകുപ്പിനോട് ചോദിക്കണമെന്ന് പറഞ്ഞൊഴിഞ്ഞ മുഖ്യമന്ത്രിക്ക് ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ നിലപാടിലെ നിയമവിരുദ്ധത തുറന്നുസമ്മതിക്കേണ്ടിവന്നു. ഐ.ടി വകുപ്പ് സെക്രട്ടറികൂടിയായ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറി എം.ശിവശങ്കറാകട്ടെ തന്റെ മാത്രം ഉത്തരവാദിത്തത്തിലും ബോധ്യത്തിലുമാണ് കരാറുണ്ടാക്കിയതെന്ന് പറഞ്ഞതോടെ കേരളം ഞെട്ടി. പിന്നീടുള്ള ദിവസങ്ങളും ആഴ്ചകളും സര്‍ക്കാര്‍ ഈ ഊരാക്കുരുക്കില്‍നിന്ന് തലയൂരുന്നതിനുള്ള പാഴ്ശ്രമമാണ് നടത്തിവന്നത്.

ഹൈക്കോടതി നല്‍കിയ ഏപ്രില്‍24ലെ ഇടക്കാലവിധി സര്‍ക്കാരിന് കനത്ത താക്കീതായിരുന്നു. ഇത്തരമൊരു കരാറുണ്ടാക്കുമ്പോള്‍ വിവരങ്ങള്‍ (ഡാറ്റ) ചോരുന്നില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് സര്‍ക്കാരിന് കൃത്യമായ മറുപടിയില്ലായിരുന്നു. ഈ ഘട്ടത്തില്‍ കരാര്‍ റദ്ദാക്കുന്നത് സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തിന് ക്ഷീണംവരുത്തിയേക്കാമെന്നതിനാല്‍ റദ്ദാക്കുന്നില്ലെന്നാണ് കോടതി പറഞ്ഞത്. ഇതിനെയാകട്ടെ സര്‍ക്കാരിന്റെ വലിയനേട്ടമായി കൊട്ടിഘോഷിക്കാനായിരുന്നു സി.പി.എമ്മുകാരുടെ താല്‍പര്യം. അവരത് നന്നായി സമൂഹമാധ്യമങ്ങളിലൂടെ നടത്തുകയും ചെയ്തു. എന്നാല്‍ ആരോരുമറിയാതെ പ്രശ്‌നം ഒതുക്കിത്തീര്‍ത്ത് തടിയൂരാമെന്ന ചിലരുടെ ഗൂഢോദ്ദേശ്യത്തിനാണ് വ്യാഴാഴ്ചത്തെ സത്യവാങ്മൂലത്തിലൂടെ തിരിച്ചടിയേറ്റിരിക്കുന്നത്.

കരാര്‍പ്രകാരം സ്പ്രിന്‍കഌ കമ്പനിക്കായിരുന്നു ഡാറ്റശേഖരിക്കാനുള്ള പൂര്‍ണാധികാരമെന്നിരിക്കെ അതില്‍നിന്ന് അവരെ ഒഴിവാക്കിയെന്നാണ് സത്യവാങ്മൂലത്തിലൂടെ സര്‍ക്കാര്‍ പുതുതായി പറഞ്ഞിരിക്കുന്നത്. പ്രതിപക്ഷം ഉന്നയിച്ച പ്രധാന ആരോപണത്തിനാണ് ഇതോടെ സാധൂകരണം ലഭിച്ചിരിക്കുന്നത്. രണ്ടാമതായി, വ്യക്തികളില്‍നിന്ന് ശേഖരിക്കുന്നവിവരം പരസ്യമായിരിക്കുമെന്നതായിരുന്നു. അതിപ്പോള്‍ രഹസ്യമായിരിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. 3. സ്പ്രിന്‍കഌറില്‍നിന്ന് വിവരശേഖരണവും വിശകലനവും മാറ്റി സി.ഡിറ്റിനെ ഏല്‍പിക്കും. (സി ഡിറ്റിന് അതിനുള്ള ശേഷിയില്ലെന്നാണ് സര്‍ക്കാര്‍ വാദിച്ചിരുന്നത്.) 4. വിവരങ്ങള്‍ ശേഖരിക്കുന്നതിനും വേണ്ടിവന്നാല്‍ ഒഴിവാക്കുന്നതിനുമുള്ള അധികാരം സി ഡിറ്റിന് കൈമാറി. 5. കോവിഡ് രോഗികളില്‍നിന്നും മറ്റുമായി ശേഖരിക്കുന്ന വിവരങ്ങള്‍ അതാത് വ്യക്തിയുടെ സമ്മതത്തോടെയായിരിക്കും ഇനി. 6. സ്പിന്‍കഌ ജീവനക്കാര്‍ക്ക് ഇനിമുതല്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യാനാവില്ല. 7. സി ഡിറ്റിന്റെ സാങ്കേതികവിദ്യയാകും ഇനി ഉപയോഗിക്കുക. 8. ഉടന്‍തന്നെ നിലവില്‍ ശേഖരിച്ച വിവരങ്ങള്‍ സ്പ്രിന്‍കഌ അവരുടെ കൈവശത്തുനിന്ന് നീക്കം (ഡിലീറ്റ്) ചെയ്യണം. ഈ വകമാറ്റങ്ങളെല്ലാം വരുത്തിയതിനുപിന്നില്‍ സര്‍ക്കാരിന്റെ സ്വന്തം തീരുമാനമാണെന്ന് ആരെങ്കിലും ഇനിയും ധരിക്കുന്നെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നേ പറയാനാകൂ. പ്രതിപക്ഷനേതാവിനെ വ്യക്തിപരമായി തൊലിക്കട്ടിയുള്ളയാളാണെന്നും യു.ഡി.എഫ് അനാവശ്യമായി കോവിഡ് പ്രതിരോധത്തിന ്തടസ്സമുണ്ടാക്കുന്നുവെന്നും സി.പി.എമ്മും സര്‍ക്കാരും മുഖ്യമന്ത്രിയും ഉന്നയിച്ച ആരോപണങ്ങള്‍ വിഴുങ്ങേണ്ട അവസ്ഥയിലാണിപ്പോഴവര്‍.

പ്രതിപക്ഷത്തിന്റെ ജോലി എന്നത് ഭരണകൂടത്തിന്റെ വീഴ്ചകളെ ചൂണ്ടിക്കാട്ടി ജനങ്ങള്‍ക്ക് സുഗമവും സുതാര്യവുമായ നീതിനിര്‍വഹണം ഉറപ്പുവരുത്തുക എന്നതാണ്. ആ മഹത്തായ ജനാധിപത്യദൗത്യത്തെയാണ് ഒരു മുഖ്യമന്ത്രി പരസ്യമായി അധിക്ഷേപിച്ചതെന്നതിനാല്‍ അതേ വേദിയില്‍വെച്ചുതന്നെ പിണറായിവിജയന്‍ പ്രതിപക്ഷത്തോടും ജനങ്ങളോടും മാപ്പു പറയാന്‍ തയ്യാറാകണം. നിയമ-ആരോഗ്യ-തദ്ദേശഭരണ വകുപ്പുകളൊന്നും അറിയാതെയാണ് താനൊറ്റക്ക് തീരുമാനമെടുത്തതെന്ന് പറഞ്ഞ സെക്രട്ടറിയെ തള്ളി ഇപ്പോള്‍ പല വകുപ്പുകളും അറിഞ്ഞാണ് കരാറിലേര്‍പെട്ടതെന്ന് സത്യവാങ്മൂലത്തില്‍ സര്‍ക്കാരിപ്പോള്‍ പറഞ്ഞിരിക്കുന്നത്. അന്തിമ ഉത്തരവില്‍ വന്‍പ്രഹരം ഉണ്ടാകാതിരിക്കാന്‍ നടത്തിയ കള്ളക്കളിയായേ ഇതിനെ കാണാനാകൂ. ഇതുമാത്രമല്ല, സ്പ്രിന്‍കഌ കമ്പനിക്ക് സെപ്തംബര്‍ വരെ സൗജന്യമായി അനുമതി നല്‍കുമെന്നും തുടര്‍ന്ന് തുക നല്‍കുമെന്നുമുള്ള ഭാഗം ഇനിയും അന്വേഷിക്കപ്പെടേണ്ടതുണ്ട്. അതല്ലാതെ ഇതിനു പിന്നിലെ ഗൂഢാലോചനയും അഴിമതിയും നീങ്ങിയെന്നുപറയാനാവില്ല. സമഗ്രമായ അന്വേഷണത്തിന് കോടതിയോ സര്‍ക്കാരോ ഉത്തരവിടുമെന്നാണ് ജനം പ്രതീക്ഷിക്കുന്നത്. പൗരന്റെ സ്വകാര്യത രാജ്യത്തെ മൗലികാവകാശമായിരിക്കെ ഇതിനകം ശേഖരിക്കപ്പെട്ട ലക്ഷക്കണക്കിന് വ്യക്തിഗത ഡാറ്റകളിലൂടെ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ഇതിനുപിന്നിലെ എല്ലാവരും പിടിക്കപ്പെടുകതന്നെ വേണം.

SHARE