മതേതരഗര്‍ജനം

ഇന്ത്യയിലെ മതേതരപാര്‍ട്ടികളില്‍ ഇപ്പോള്‍ തിളങ്ങിനില്‍ക്കുന്നവരില്‍ മുമ്പനാരെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ ഉള്ളൂ: കപില്‍സിബല്‍. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജിയും കേരളമുഖ്യന്‍ പിണറായി വിജയനുമൊക്കെ പൗരത്വഭേദഗതിനിയമത്തിലെ വിവാദവ്യവസ്ഥക്കെതിരെ രംഗത്തുവന്നെങ്കിലും കപില്‍സിബലിന്റേതുപോലെ നിയമപരമായി വ്യക്തതയുള്ളതും മതേതരത്വം പ്രോജ്വലിക്കുന്നതുമായ വാക്കുകള്‍ രാജ്യം വേറെകേട്ടിട്ടില്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും സൂക്ഷിപ്പുകാരനാണിപ്പോള്‍ കപില്‍സിബല്‍. ജനാധിപത്യത്തിന്റെ രണ്ട് മുഖ്യതൂണുകളായ പാര്‍ലമെന്റിലെയും കോടതിയിലെയും സിംഹഗര്‍ജനം. പറയുന്നതുപോലെ പ്രവര്‍ത്തിക്കാനും പോരാടാനും എന്നുംമുന്നില്‍. സുപ്രീംകോടതിന്യായാധിപന്മാര്‍ക്കുമുന്നിലെ വാക്കുകള്‍തന്നെയാണ് പാര്‍ലമെന്റില്‍ മോദിയോടും അമിത്ഷായോടും കപിലിന് പറയാനുള്ളത്. അതുകൊണ്ടാണ് പൗരത്വനിയമത്തെക്കുറിച്ചുള്ള സഭാപ്രസംഗങ്ങളില്‍ രാഹുല്‍ഗാന്ധിക്കും ശശിതരൂരിനുമൊക്കെ മുന്നില്‍ ഈ കോണ്‍ഗ്രസ്‌നേതാവിന്റെ പേര് ഇടംപിടിച്ചത്.

2004 മുതല്‍ 2014വരെ യു.പി.എ മന്ത്രിസഭയില്‍ ശാസ്ത്രസാങ്കേതികം, ടെലികോം, നിയമം-നീതി, വാര്‍ത്താവിനിമയം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായിരുന്ന കപില്‍സിബല്‍ അന്നത്തെക്കാളുമേറെ തിളങ്ങുന്നത് തന്റെ പാര്‍ട്ടി പ്രതിപക്ഷത്തിരിക്കുന്ന ഇക്കാലത്താണ്. വാക്കുകളിലെ വ്യക്തത,ആര്‍ജവം, ലക്ഷ്യബോധം തുടങ്ങിയവ കപിലിനെ സഹചാരികളില്‍നിന്ന് വ്യസ്തനാക്കുന്നു. വെറുതെയല്ല, മോദിക്കും അമിത്ഷാക്കുമെതിരെ പ്രതീക്ഷാഗോപുരങ്ങളിലൊന്നായി മതേതരജനത ഈ അഭിഭാഷക-രാഷ്ട്രീയക്കാരനെ നോക്കിക്കാണുന്നത്.
മോദിയെയും അമിത്ഷായെയും സൂചിപ്പിച്ച്, ‘രണ്ട് ദിനോസറുകള്‍ മാത്രമുള്ള ജുറാസിക്പാര്‍ക്കാക്കി ഇന്ത്യയെ മാറ്റരുത് ‘ എന്നായിരുന്നു കപിലിന്റെ ചരിത്രത്തിലേക്ക് ചേക്കേറിയ തീപ്പൊരിപ്രസംഗത്തിലെ വാക്കുകള്‍.

നിമിഷംകൊണ്ട് സമൂഹമാധ്യമങ്ങളില്‍ ഇത് തരംഗമായി. പൗരത്വനിയമത്തില്‍ മുസ്്‌ലിംകളെമാത്രം ഒഴിവാക്കി ആറുമതങ്ങളെ ഉള്‍പ്പെടുത്തിയത് ഭരണഘടനാവിരുദ്ധമാണെന്ന് സ്ഥാപിച്ചുകൊണ്ട് ഡിസംബര്‍ 11ന് കപില്‍സിബല്‍ രാജ്യസഭയില്‍ നടത്തിയ പ്രസംഗം പെട്ടെന്നൊന്നും ഇന്ത്യന്‍ജനത മറക്കില്ല. കഴിഞ്ഞയാഴ്ച കേരളത്തില്‍ വന്നപ്പോഴും മോദിക്കും ആര്‍.എസ്.എസ്സിനുമെതിരെ വാക്കുകള്‍കൊണ്ട് ആഞ്ഞടിച്ചു കപില്‍. പൗരത്വനിയമത്തെക്കുറിച്ച് ഒന്‍പത് നുണകളാണ് മോദിയുംകൂട്ടരും പറയുന്നതെന്ന് കോഴിക്കോട്ടെ യു.ഡി.എഫ്‌റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് കപില്‍സിബല്‍ അക്കമിട്ടുനിരത്തി. മതവിവേചനപരമല്ല പൗരത്വഭേദഗതി നിയമമെന്നും എന്‍.ആര്‍.സി നടപ്പാക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും തടങ്കല്‍ പാളയങ്ങളില്ലെന്നും മറ്റുമുള്ള മോദിയുടെയും അമിത്ഷായുടെയും കള്ളങ്ങളെയാണ് കരഘോഷത്തിനിടെ കപില്‍സിബല്‍ തന്റെ സ്വതസ്സിദ്ധമായ വാക്പാടവംകൊണ്ട് ഒന്നൊന്നായി പൊളിച്ചടുക്കിയത്. കേരളത്തിന് ഇദ്ദേഹം ഇത്ര സ്വീകാര്യനായതിനും മറ്റ് കാരണമില്ല.

എന്നും കോണ്‍ഗ്രസിന്റെയും പ്രതിപക്ഷത്തെ മതേതരപാര്‍ട്ടികളുടെയും ആശയസ്രോതസ്സാണ് കപില്‍. ആകാരസൗഷ്ടവവും തേജസ്സുറ്റ മുഖവും സര്‍വോപരി നയചാതുരിയുംകൊണ്ട് ആരെയും പിടിച്ചിരുത്തുന്ന പ്രകൃതം. വെറുതെയല്ല തൊട്ട കേസുകളെല്ലാം വിജയിച്ചുവരുന്നതും. ഇത്രയും അനുഭവസമ്പത്തുള്ള അഭിഭാഷകന്‍ രാജ്യത്ത് വേറെയുണ്ടോ എന്ന കാര്യത്തിലും തര്‍ക്കമില്ല. കപില്‍ സിബലാണ് കേസ് വാദിക്കുന്നതെന്നാല്‍ വിജയിച്ചുവെന്നാണ് ഡല്‍ഹിയിലെ വര്‍ത്തമാനം. പൗരത്വനിയമത്തെ നിയമത്തിന്റെ തലനാരിഴകീറി പരിശോധിക്കാന്‍ തന്നെക്കാള്‍ അര്‍ഹന്‍ മറ്റാരുമില്ലെന്ന് കപിലിനെപോലെതന്നെ ജനങ്ങള്‍ക്കുമറിയാം. അതിന് കാരണം സിബലിന്റെ മാതാപിതാക്കള്‍ ജനിച്ചത് ഇന്നത്തെ പാക്കിസ്താനിലെ ലാഹോറിലാണെന്നതാണ്. രാജ്യം വിഭജിക്കപ്പെട്ടശേഷം സകുടുംബം ഇന്ത്യയിലെത്തിയതാണ്. അതുകൊണ്ടുതന്നെ അഭയാര്‍ത്ഥികളുടെ വേദനയും ആശനിരാശകളുമൊക്കെ മോദിയില്‍നിന്ന് പഠിക്കേണ്ട. ഇതിനകം 988 പേരെ അസമിലെ തടങ്കല്‍പാളയങ്ങളില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്ന് കപില്‍ പറയുമ്പോള്‍ അത് കിറുകൃത്യമാണ്. വിവാദങ്ങളിലും അനാവശ്യസംവാദങ്ങളിലുമില്ല.

അഴിമതിയുടെ കറയുമില്ല. പൗരത്വത്തെക്കുറിച്ചുള്ള സംവാദത്തിന് അമിത്ഷായെ നേരിട്ട് ക്ഷണിച്ചിരിക്കുകയാണ് കപിലിപ്പോള്‍. വിലക്കയറ്റവും തൊഴിലില്ലായ്മയും മറയ്ക്കാനാണ് പൗരത്വനിയമവും റോബര്‍ട്ട് വാദ്രക്കെതിരെ ഇല്ലാത്ത കേസുമൊക്കെയായി സര്‍ക്കാര്‍ ഇറങ്ങിയിരിക്കുന്നതെന്ന് സിബല്‍ പറയും. ജനനം 1948ല്‍ പഞ്ചാബിലെ ജലന്ധറില്‍. ഡല്‍ഹി, ഹാര്‍വാഡ് സര്‍വകലാശാലകളിലായി നിയമ-ബിരുദാനന്തരബിരുദപഠനം. നീന മരണപ്പെട്ടശേഷം രണ്ടാംഭാര്യ പ്രമീള. രണ്ട് ആണ്‍മക്കളുണ്ട്. യു.പിയില്‍നിന്ന് 1998ല്‍ ആദ്യമായി രാജ്യസഭാംഗമായി. 2004ല്‍ ഡല്‍ഹി ചാന്ദ്‌നിചൗക്കില്‍നിന്ന് ലോക്‌സഭാംഗമായത് 71 ശതമാനം വോട്ട്‌നേടി. 2014ല്‍ പാര്‍ട്ടി തകര്‍ന്നടിഞ്ഞപ്പോള്‍ മൂന്നാംസ്ഥാനത്തായി. 89-90കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ജനറല്‍.1973ല്‍ ഐ.എ.എസ് നേടിയെങ്കിലും വേണ്ടെന്നുവെച്ച് നിയമമേഖല തിരഞ്ഞെടുത്തു. മൂന്നുതവണ സുപ്രീംകോടതി ബാര്‍അസോസിയേഷന്‍ അധ്യക്ഷന്‍. പിതാവ് ഹിരാലാല്‍സിബലും അഭിഭാഷകനായിരുന്നു. നല്ലൊരു കവികൂടിയാണ് ഈ 71കാരന്‍.

SHARE