നവ ഫാസിസത്തെ ശക്തിപ്പെടുത്തരുത്

ചരിത്രത്തില്‍ നിന്നാണ് ഭാവിയുടെ രാഷ്ട്രീയം ഉരുവപ്പെടുന്നത്. എന്നാല്‍ ചരിത്രത്തെ നിരാകരിക്കുകയാണ് ഇന്ത്യയിലെ ചില പാര്‍ട്ടികള്‍. ഇന്നലെകളെ തമസ്‌കരിച്ചുകൊണ്ട് നാളെയെ സ്വപ്‌നം കാണുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് മുന്നില്‍ മലര്‍പ്പൊടിക്കാരന്‍പോലും തോറ്റു പോകും. പശ്ചിമ ബംഗാളും ഉത്തര്‍പ്രദേശും ദേശീയ രാഷ്ട്രീയത്തിന്റെ താക്കോല്‍ സ്ഥാനത്തായിരുന്നു ചരിത്രത്തില്‍. ഇന്ന് ഈ നാടിനെ പ്രതിനിധീകരിക്കുന്നവര്‍ ചരിത്രത്തെ ചവറ്റുകൊട്ടയിലേക്ക് എടുത്തെറിയുകയാണ്. കാലവും ദേശവും അടയാളപ്പെടുത്തിയ സമരോജ്വല നാളുകളെ വീണ്ടെടുക്കുന്നതിന്റെ പടഹധ്വനികള്‍ മുഴങ്ങുമ്പോള്‍, ഒറ്റപ്പെട്ട ശബ്ദങ്ങളായി വേറിട്ടുനില്‍ക്കാന്‍ കൊതിക്കുന്നവര്‍ നാളെകളില്‍ ഒറ്റുകാരായി അടയാളപ്പെടുത്തപ്പെടുമെന്ന ബോധ്യങ്ങള്‍ ഇല്ലാതെ പോകുന്നുവെന്നതാണ് ഇന്നിന്റെ ദൗര്‍ഭാഗ്യം.

രാജ്യം പോര്‍മുഖത്താണ്. ഫാസിസത്തിനും വര്‍ഗീയതക്കുമെതിരായ പ്രതിരോധജ്വാലകൊണ്ട് ഇന്ത്യന്‍ ജനത ഉണര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍, വേറിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്ര തീക്ഷ്ണമായ തീപ്പൊരികളാണെങ്കിലും ചാറ്റല്‍ മഴയില്‍ കെട്ടടങ്ങുമെന്നതാണ് ചരിത്രം. കത്തിയാളുന്ന സമരമുഖത്ത് ഉയരെ ഉയരെ തിളങ്ങുന്ന പ്രകാശങ്ങളാകേണ്ടവര്‍, പ്രതീക്ഷകളുടെ ഗോപുരങ്ങള്‍ കണക്കെ ഉയര്‍ന്നുനില്‍ക്കേണ്ടവര്‍ വേറിട്ട് നില്‍ക്കുമ്പോള്‍ ആര്‍ക്കാണ് നേട്ടമെന്ന് തിരിച്ചറിയപ്പെടാതെ പോകരുത്. പൗരത്വ ഭേദഗതി നിയമം, എന്‍.ആര്‍.സി തുടങ്ങി സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച യോഗത്തില്‍നിന്ന് ബി.ജെ.പി വിരുദ്ധ ചേരിയില്‍ നില്‍ക്കുന്ന ആറ് പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ടുനിന്നത് വര്‍ത്തമാന പ്രതീക്ഷകളുടെ നിറംകെടുത്തുന്നതാണ്. തൃണമൂല്‍ കോണ്‍ഗ്രസ്, ബി.എസ്.പി, ശിവസേന, ഡി.എം.കെ, ആം ആത്മി പാര്‍ട്ടി, സമാജ്‌വാദിപാര്‍ട്ടി എന്നിവയാണ് വിട്ടുനിന്നത്. ഇന്ത്യന്‍ ജനത ഫാസിസത്തിനും സംഘ്പരിവാറിനും എതിരായ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന പുതിയ ഇന്ത്യയില്‍ ഈ പാര്‍ട്ടികളുടെ നിലപാടുകള്‍ക്ക് അതിപ്രാധാന്യമുണ്ട്. ശിവസേന ഒഴികെ മറ്റുള്ളവയെല്ലാം ബി.ജെ.പി വിരുദ്ധ നിലപാടുകളില്‍ അടിത്തറ പടുത്തുയര്‍ത്തിയവരും മതേതര ഇന്ത്യയുടെ കാവലാളുകളായി സമരമുഖത്തുള്ളവരുമാണ്. ചെറിയ ചെറിയ വിഷയങ്ങളില്‍ പരസ്പരം കൊമ്പുകോര്‍ക്കാനുള്ള അവസരമല്ല നിലവിലുള്ളതെന്ന് കൃത്യമായി ബോധ്യമുള്ളവരാണ് ഈ പാര്‍ട്ടികളുടെ നേതാക്കള്‍. അടിസ്ഥാനപരമായി ഇന്ത്യന്‍ ജനതയെ പ്രതിനിധീകരിക്കുന്നവരാണവര്‍. എന്നാല്‍ എത്രയോ നിസ്സാര വിഷയങ്ങളുടെ പേരിലാണ് ഈ പാര്‍ട്ടികള്‍ യോഗത്തില്‍നിന്ന് വിട്ട് നിന്നത്.

തുടക്കത്തില്‍ തന്നെ പങ്കെടുക്കില്ലെന്ന് നിലപാടറിയിച്ചവരാണ് മായാവതിയും മമതാ ബാനര്‍ജിയും. ഇവര്‍ രണ്ട് പേരും പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരമുഖത്ത് ഉശിരായി നില്‍ക്കുന്നവരാണ്. മമതാബാനര്‍ജിയാകട്ടെ മുഖ്യമന്ത്രിയെന്ന പരിമിതി മറികടന്നാണ് ജനകീയ പ്രക്ഷോഭങ്ങളുടെ അമരത്ത് സദാ ജാഗരൂകമായി നിലകൊള്ളുന്നത്. അത്ര പെട്ടെന്നൊന്നും കത്തിയമരുന്നതല്ല അവരുടെ സമരവീര്യം. എങ്കിലും ഡല്‍ഹിയിലെ പ്രധാന യോഗത്തിന് അവരെത്തിയില്ല. കഴിഞ്ഞ ആഴ്ച നടന്ന ദേശീയപണിമുടക്കിനിടെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുകാരും സമരാനുകൂലികളും തമ്മില്‍ നടന്ന ചില്ലറ അസ്വാര്യസ്യങ്ങളുടെ പേരിലാണ് മമത വിട്ടുനിന്നത്. മായാവതിക്കും പറയാനുള്ള കാരണങ്ങള്‍ ഇതൊക്കെ തന്നെ. പ്രാദേശിക തലത്തില്‍ നടന്ന ചില്ലറ കശിപിശകള്‍. അവസാന നിമിഷം പിന്‍മാറിയവരാണ് ഡി.എം.കെയും ശിവസനേയും സമാജ്‌വാദി പാര്‍ട്ടിയും. കാരണങ്ങള്‍ മായാവതിയും മമതയും പറയുന്നത് തന്നെ. രാജ്യം സമരമുഖത്ത് നില്‍ക്കുമ്പോള്‍ മാറിനില്‍ക്കാന്‍ ഉന്നയിക്കാവുന്നതാണോ ഈ കാരണങ്ങള്‍ എന്ന് സ്വയം ചോദിക്കേണ്ടത് ഈ പാര്‍ട്ടികള്‍ തന്നെയാണ്. തമിഴ്‌നാട്ടില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ദേശീയ പ്രാധാന്യമുള്ള യോഗത്തില്‍നിന്ന് ഡി.എം.കെ വിട്ടുനിന്നത്. ആം ആത്മി പാര്‍ട്ടിക്കാകട്ടെ ഡല്‍ഹി തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ മുഖ്യ വിഷയം. മുസ്‌ലിംലീഗ് ഉള്‍പ്പെടെ രാജ്യത്തെ പ്രധാന 20 പാര്‍ട്ടികളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. വിട്ടുനിന്ന, വിയോജിച്ച നേതാക്കളേക്കാള്‍ പ്രാധാന്യവും പ്രശംസയും അര്‍ഹിക്കുന്നവര്‍ അവര്‍ തന്നെയാണ്.

വര്‍ത്തമാന ഇന്ത്യനവസ്ഥയുടെ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍ യോജിപ്പുകളുടെ തലങ്ങളില്‍ ഒത്തുചേര്‍ന്നവര്‍ ചരിത്രത്തെ മാറ്റിയെഴുതുമെന്ന പ്രതീക്ഷ നിര്‍ണായകമാണ്. സംഘ്പരിവാര്‍ സ്ഥാപക നേതാക്കളുടെ ആര്യാധിനിവേശാഹ്വാനങ്ങള്‍ നടപ്പാക്കുക, വിഭജന രാഷ്ട്രീയത്തിലൂടെ അനാര്യരെ ചൊല്‍പിടിയില്‍ നിര്‍ത്തുക. ഈ രണ്ട് ലക്ഷ്യങ്ങളും സമര്‍ത്ഥമായി നടപ്പാക്കികൊണ്ടിരിക്കെ നടന്ന പ്രതിപക്ഷ കക്ഷികളുടെ യോഗം താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കപ്പുറം ഇന്ത്യയുടെ പൗരാണിക മൂല്യങ്ങള്‍ നിലനിര്‍ത്താനുള്ള യോജിച്ച പോരാട്ട നിര പടുത്തുയര്‍ത്താനുള്ളതായിരുന്നു. എന്നാല്‍ പ്രാദേശികമായി പരിഹരിക്കാവുന്ന വിഷയങ്ങളില്‍ കടിച്ചു തൂങ്ങി ജനങ്ങളുടെ മഹാസഖ്യത്തില്‍നിന്ന് വിട്ടുനിന്നവര്‍ ചരിത്രത്തില്‍നിന്ന് എന്ത് പാഠമാണ് ഉള്‍ക്കൊണ്ടതെന്ന ചോദ്യം പ്രകമ്പനത്തോടെ മുഴങ്ങുന്നു. വിദ്യാര്‍ത്ഥികളും ബുദ്ധിജീവികളും മതവിശ്വാസികളും മതരഹിതരും ഉള്‍പ്പെടെ സമസ്ത ജനവിഭാഗങ്ങളും ഒന്നിച്ചണിനിരക്കുന്ന മഹാസമരത്തില്‍ ഊര്‍ജ്ജവും ആവേശവുമാകേണ്ടവര്‍ മാറി നില്‍ക്കുമ്പോള്‍ നവഫാസിസത്തിന് അതിന്റെ കൊടി അടയാളം കൂടുതല്‍ ഉയരത്തില്‍ ഉയര്‍ത്താനുള്ള സൗകര്യം ചെയ്തു കൊടുക്കപ്പെടുകയാണ്.
ഇന്ത്യ ഒന്നായി പോര്‍ക്കളത്തില്‍ ജീവനും ജീവിതവും നല്‍കാന്‍ സമര്‍പ്പിതമായി ഉണര്‍ന്നെഴുന്നേറ്റ ഈ നാളുകളില്‍ ഒറ്റക്കൊറ്റക്കായിനിന്ന് അണിമുറിക്കുന്നവര്‍ ഒറ്റുകാരായി അടയാളപ്പെടുക തന്നെ ചെയ്യും.

അവര്‍ അഹോരാത്രം ഫാസിസത്തിനെതിരെ പോരാടിയാല്‍ പോലും. മതേതരത്വവും ജനാധിപത്യവും നിലനിര്‍ത്താനുള്ള അന്തിമ പോരാട്ടത്തില്‍ തോളോട്‌തോള്‍ചേര്‍ന്ന്, രാഷ്ട്രീയ വേര്‍തിരിവുകള്‍ക്കും വിഭാഗീയതകള്‍ക്കും അതീതമായി യോജിച്ച പോരാട്ടത്തിനെ നവഫാസിസത്തിന്റെ വിഭജന രാഷ്ട്രീയത്തെ എതിരിട്ട് തോല്‍പ്പിക്കാനാകൂ. ഈ സമരമുഖത്ത് ആരാണ് മുന്നില്‍, പിന്നില്‍ എന്നത് ചരിത്രത്തെ സംബന്ധിച്ച് വിഷയമേ അല്ല. സ്വാതന്ത്ര്യ സമര ഘട്ടത്തിലെന്നപോലെ ആത്മസമര്‍പ്പണത്തിന്റെ സമര ഭൂമികകളാണ് കാലം ആവശ്യപ്പെടുന്നത്. ഇല്ലെങ്കില്‍ നൂറ്റാണ്ടുകളുടെ അടിമത്തത്തില്‍നിന്ന് ജീവിതം നല്‍കി മോചനം നേടിയ പൂര്‍വീകരോടുള്ള വഞ്ചനയാകുമത്. വരും തലമുറക്കായി ജനാധിപത്യ, മതേതര ഇന്ത്യയെ കാത്തുവെക്കാനുള്ള പോരാട്ടത്തില്‍ സാഹോദര്യത്തിന്റെ അണകെട്ടി ഉയര്‍ത്തേണ്ട ബാധ്യത ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുണ്ട്.

SHARE