മുന്നറിയിപ്പുകള്‍ അവഗണിക്കരുത്

രാജ്യത്ത് കോവിഡ് 19 വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. സംസ്ഥാനങ്ങള്‍ വിവിധ മുന്‍കരുതലുകളാണ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. കടുത്ത ജാഗ്രതയാണ് രാജ്യം തുടരുന്നത്. ഇതിന്റെ ഭാഗമായി വിദേശത്തുനിന്നുള്ള എല്ലാ യാത്രാവിമാനങ്ങള്‍ക്കും ഈ മാസം 22 മുതല്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തി. ആഭ്യന്തര യാത്രകളും പരമാവധി ഒഴിവാക്കണമെന്നാണ് നിര്‍ദേശം. 65 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിനു താഴെയുള്ളവരും വീടുവിട്ട് പുറത്തിറങ്ങരുത്. 20ല്‍ കൂടുതല്‍ ആളുകള്‍ സംഘം ചേരുന്ന എല്ലാ പരിപാടികളും നിയമംമൂലം നിരോധിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും ജനപ്രതിനിധികള്‍ക്കും മാത്രമാണ് ഇതില്‍ ഇളവ് നല്‍കിയിരിക്കുന്നത്. കേന്ദ്ര സര്‍വീസിലെ പകുതി ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കിയും ജോലി സമയം പുനക്രമീകരിച്ചും വ്യക്തിഗത മന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്.

കോവിഡ് ഭീതിയില്‍ രാജ്യത്ത് ജനജീവിതം സ്തംഭിച്ചുകൊണ്ടിരിക്കുകയാണ്. റെയില്‍വേ ഇന്നലെ മാത്രം 200ലധികം സര്‍വീസുകളാണ് റദ്ദാക്കിയത്. കേരളത്തില്‍ മാത്രം 18 സര്‍സീവുകള്‍ റദ്ദാക്കി. യാത്രക്കാരില്ലാത്തതാണ് സര്‍വീസ് റദ്ദാക്കാന്‍ കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പഞ്ചാബില്‍ പൊതുഗതാഗതം പൂര്‍ണമായി നിരോധിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തി ഛത്തീസ്ഗഡ് ഗവണ്മെന്റും രംഗത്തെത്തിയിട്ടുണ്ട്. ഹരിയാനയില്‍ പച്ചക്കറി ചന്തകള്‍ പൂര്‍ണമായി അടച്ചു. തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങള്‍ അടച്ചിട്ടു. കേന്ദ്ര സര്‍വകലാശാലകള്‍ മാര്‍ച്ച് 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ഐ.സി.എസ്.ഇ പരീക്ഷകളും മാറ്റിയിട്ടുണ്ട്.

മറ്റു രാജ്യങ്ങളില്‍ തുടക്കത്തില്‍ വൈറസ് വ്യാപിച്ചവരുടെ എണ്ണം വളരെ കുറവായിരുന്നു. എന്നാല്‍ പിന്നീടുള്ള അശ്രദ്ധ കാരണമാണ് അത് കൂടിയത്. ഇന്ത്യയിലും അത്തരമൊരു സാഹചര്യമുണ്ടാവുന്നത് തടയുന്നതിന്റെ ഭാഗമായാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ കൊവിഡ് 19 കേസ് ഡൊമസ്റ്റിക് കേസാണെന്ന് ആരോഗ്യമന്ത്രി സി വിജയകുമാര്‍ അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യയില്‍ കോവിഡ് സമൂഹവ്യാപനം എന്ന ഘട്ടത്തിലേക്ക് എത്തിയെന്ന നിലക്കുള്ള ചര്‍ച്ചകള്‍ ശക്തമായത്. ഇന്ത്യയില്‍ കോവിഡ് മൂന്നാം ഘട്ടമായ സമൂഹവ്യാപനത്തിലേക്ക് എത്തിയിരിക്കാനാണ് സാധ്യതയെന്നും ഇനി കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കല്‍ കടുപ്പമായിരിക്കുമെന്നും ആരോഗ്യമേഖലയിലെ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

ചൈന, ഇറ്റലി, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം കോവിഡിന്റെ അടുത്ത ഹോട്ട്‌സ്‌പോട്ടാകാന്‍ സാധ്യത ഇന്ത്യക്കാണെന്നും ഇവിടെയുള്ള മൊത്തം ജനങ്ങളില്‍ 60 ശതമാനം വരെ ആളുകള്‍ക്ക് രോഗം വരാന്‍ സാധ്യതയുണ്ടൈന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അങ്ങിനെ 60 ശതമാനത്തിലെത്തിയാല്‍ 80 കോടി ജനങ്ങളെയായിരിക്കും രോഗം ബാധിക്കുകയെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഡിസീസ് ഡൈനാമിക്‌സ്, ഇക്കണോമിക്‌സ്, ആന്റ് പോളസി ഡയറക്ടര്‍ രമണന്‍ ലക്ഷമിനാരാണന്‍ വ്യക്തമാക്കിയിരുന്നു. എല്ലാം ഗൗരവമായ കേസുകളോ മരണത്തിലേക്കോ നയിച്ചില്ലെങ്കില്‍പോലും കോവിഡ് മഹാമാരിയുടെ അനന്തരഫലങ്ങള്‍ ഭയപ്പെടുത്തുന്നത് തന്നെയായിരിക്കും.

പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നും കാണിക്കാത്ത, ഇതുവരെ ടെസ്റ്റ് ചെയ്യപ്പെടാത്ത ആളുകളില്‍ നിന്നും അവരറിയാതെ തന്നെ മറ്റു ആളുകളിലേക്ക് രോഗം പടരും എന്നത് തന്നെയാണ് സമൂഹവ്യാപനത്തിന്റെ ഏറ്റവും അപകടകരമായ വശം. കൂടാതെ ഇത് കോവിഡ് പടരുന്നത് ട്രേസ് ചെയ്യുക എന്നത് ഏറെ ശ്രമകരവും പലപ്പോഴും അസാധ്യവുമാക്കിതീര്‍ക്കും. കോവിഡിനെ നേരിടുന്ന രീതിയില്‍ ഇന്ത്യ അടിയന്തരമായി മാറ്റം വരുത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. സാഹചര്യം വളരെ വേഗത്തില്‍ സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുകയാണ്. രോഗബാധിതരെ കണ്ടെത്തി, ഐസൊലേറ്റ് ചെയ്യുന്നതോടൊപ്പം കൂടുതല്‍ പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കുകയും വേണം.

മറ്റു രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലേക്ക് വരുന്നവരെ കൃത്യമായ ടെസ്റ്റിംഗിനും നിരീക്ഷണത്തിനും വിധേയമാക്കാനും സ്‌കൂളുകളും കോളജുകളും അടച്ചും പൊതുപരിപാടികള്‍ ഒഴിവാക്കാനും സ്വീകരിച്ച സര്‍ക്കാര്‍ നടപടികള്‍ ഏറെ ഗുണകരമാണ്. പക്ഷേ മാസ് ടെസ്റ്റിംഗ് നടപ്പാക്കിയില്ലെങ്കില്‍ ഇതെല്ലാം ഉപകാരപ്രദമാകാതെ പോകുമെന്നും അതിനാല്‍ എത്രയും വേഗം ഇതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും വിദഗ്ധര്‍ ആവശ്യപ്പെടുന്നത് ഗൗരവത്തിലെടുക്കണം. ആസ്പത്രികളില്‍ ടെസ്റ്റിംഗിനായി കൂടുതല്‍ സൗകര്യമൊരുക്കുകയും ചെറിയ രോഗ ലക്ഷണങ്ങള്‍ പോലുമുള്ളവര്‍ സ്വയം തന്നെ റിപ്പോര്‍ട്ട് ചെയ്യാനും സെല്‍ഫ് ക്വാറന്റൈനും ഐസോലേഷനും വിധേയമാകാനും തയാറാകണം. ഈ പകര്‍ച്ചവ്യാധിയുടെ ആദ്യഘട്ടത്തില്‍ വളരെ കുറച്ച് കേസുകള്‍ മാത്രമേ ഉണ്ടാവുകയുള്ളു. പക്ഷേ തുടങ്ങിയാല്‍ ഇത് കാട്ടുതീ പോലെ പടരും. അതുകൊണ്ടുതന്നെ കൂടുതല്‍ പേരെ ടെസ്റ്റ് ചെയ്യുക മാത്രമാണ് ഇതിനുള്ള വഴി.

നിലവില്‍ ഇന്ത്യ രോഗപ്പകര്‍ച്ചയുടെ രണ്ടാംഘട്ടത്തിലാണ്. ഈ ഘട്ടത്തില്‍ പടരുന്നത് തിരിച്ചറിയാനും നടപടികളെടുക്കാനും സാധിക്കും. അടുത്ത ഘട്ടത്തില്‍ രോഗ പകര്‍ച്ച തിരിച്ചറിയാന്‍ പ്രയാസമായിരിക്കും. കമ്യൂണിറ്റി ട്രാന്‍സ്മിഷന്‍ (സമൂഹപ്പകര്‍ച്ച) നടന്നിട്ടുണ്ടോയെന്നതിന് തെളിവില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. സ്ഥിതിഗതികള്‍ സങ്കീര്‍ണമാണെങ്കിലും ആശങ്കപ്പെടേണ്ടതില്ല. മുന്നറിയിപ്പുകള്‍ പാലിച്ച് അധികൃതര്‍ക്കൊപ്പം നില്‍ക്കുകയാണ് പൊതുജനങ്ങള്‍ ചെയ്യേണ്ടത്. അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ അനുസരിക്കുന്നതില്‍ പലരും വൈമനസ്യം കാണിക്കാറുണ്ട്. രോഗബാധ തടയുന്നതില്‍ പരാജയപ്പെടാന്‍ ഒരു പരിധിവരെ ഇത് കാരണമായിട്ടുണ്ട്. എല്ലാറ്റിലുമുപരി പൊതുജനങ്ങളില്‍ നിന്നുള്ള സഹകരണമാണ് പ്രധാനം. പ്രത്യേകിച്ച് ഇന്ത്യ പോലുള്ള, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാജ്യത്ത്. ഓരോരുത്തരും സ്വയം സൂക്ഷിക്കുകയെന്നതാകും സര്‍ക്കാറുകള്‍ ഏര്‍പ്പെടുത്തുന്ന വിലക്കുകളേക്കാളും രോഗ വ്യാപനം തടയാനുള്ള കരണീയമാര്‍ഗം. അതിന് സ്വയം സന്നദ്ധരാവുക. ഈ മഹാമാരിയേയും അങ്ങനെ അതിജയിക്കാനാകും.

SHARE