ഗതിതെറ്റിയവരുടെ അധരവ്യായാമം


വായാടിത്തംകൊണ്ട് സാമ്പത്തികപ്രശ്‌നങ്ങള്‍ക്ക് പരിഹാരംകാണാമെന്ന് വിശ്വസിക്കുന്നവര്‍ക്കുമാത്രമേ 2020-2021ലേക്കുള്ള ഇന്ത്യയുടെ വാര്‍ഷികബജറ്റിനെ മെച്ചമാണെന്ന് അവകാശപ്പെടാനാകൂ. കടുത്ത ചോദനപ്രതിസന്ധിയിലൂടെയും സാമ്പത്തികമാന്ദ്യത്തിലൂടെയും കടന്നുപോയിക്കൊണ്ടിരിക്കുന്ന സമകാലികഇന്ത്യയെ സംബന്ധിച്ചിടത്തോളം ധനമന്ത്രി നിര്‍മലസീതാരാമന്റെ പുതിയബജറ്റ് പൊള്ളയായ വാഗ്ദാനങ്ങളുടെ ആകെത്തുകയും ദിശതിരിച്ചറിയാത്ത ഭരണകൂടത്തിന്റെ വൃഥാപ്രയാണവുമായേ കാണാനാകൂ. രാജ്യം കടുത്തതൊഴിലില്ലായ്മയുടെയും ധനക്കമ്മിയുടെയും പണപ്പെരുപ്പത്തിന്റെയും വളര്‍ച്ചാമുരടിപ്പിന്റെയും നടുക്കടലില്‍നില്‍ക്കുന്ന നിര്‍ണായക ഘട്ടത്തില്‍ വിപ്ലവകരമായ ചില സാമ്പത്തികനടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് ധരിച്ചവര്‍ക്കാണ് തെറ്റിയത്. സാമ്പത്തികമേഖലയും പൊതുവില്‍ ജനങ്ങളും പ്രതീക്ഷിച്ചതുപോലെ, കോര്‍പറേറ്റുകള്‍ക്ക് വീണ്ടുംആനുകൂല്യങ്ങള്‍ നല്‍കുന്ന ബജറ്റ് സാധാരണക്കാരുടെയും പാവങ്ങളുടെയും കൈകളിലെങ്ങനെയാണ് പണമെത്തിക്കുക എന്നതിനെക്കുറിച്ച് ഒരുധാരണയും മുന്നോട്ടുവെക്കുന്നില്ല. കാര്‍ഷികവ്യവസായമേഖലകള്‍ക്ക് ചിലപൊടിക്കൈകള്‍ വാഗ്ദാനം ചെയ്യുന്നുവെന്നതൊഴിച്ചാല്‍ രാജ്യംനേരിടുന്ന വലിയചോദ്യങ്ങള്‍ക്ക് മറുപടിയില്ല. അതുകൊണ്ടുതന്നെയാണ് വ്യവസായ-കാര്‍ഷിക-വ്യാപാരമേഖലയാകെ ബജറ്റില്‍ നിരാശ പ്രകടിപ്പിച്ചിരിക്കുന്നത്. നോട്ടുനിരോധനത്തിലൂടെ 2016ല്‍ ആന കയറിയ കരിമ്പിന്‍തോട്ടംപോലെ തകര്‍ത്തുതരിപ്പണമാക്കിയ സാമ്പത്തികമേഖലയെ പൂര്‍വസ്ഥിതിയിലാക്കാന്‍ പുതുതായി യാതൊന്നും തങ്ങളുടെ പക്കലില്ല എന്നാണ് മോദിസര്‍ക്കാര്‍ ഒരിക്കല്‍കൂടി തുറന്നുപ്രഖ്യാപിച്ചിരിക്കുന്നത്.
രണ്ടുമണിക്കൂറും നാല്‍പത് മിനിറ്റുമെടുത്തുകൊണ്ട് ധനമന്ത്രി നിര്‍മലസീതാരാമന്‍ ഇന്നലെനടത്തിയ പാര്‍ലമെന്റിലെ ബജറ്റ്‌വായന പൊതുതിരഞ്ഞെടുപ്പിന് ശേഷമുള്ള ബജറ്റിന്റെ മറ്റൊരുപതിപ്പ് മാത്രമാണ്. 2024ല്‍ അയ്യായിരംകോടിയുടെ സമ്പദ്‌വ്യവസ്ഥയെന്ന സര്‍ക്കാര്‍ലക്ഷ്യം ബഡായി മാത്രമാണെന്ന് തുറന്ന് പ്രഖ്യാപിക്കുകയായിരുന്നു മോദിസര്‍ക്കാര്‍ ഇന്നലെ.കുതിച്ചുയരുന്ന വിലക്കയറ്റം തടയാന്‍ യാതൊന്നുമില്ല. ബജറ്റിലെ കാര്‍ഷികമേഖലക്കുള്ള കിസാന്‍ട്രെയിന്‍ പ്രഖ്യാപനമാണ് പൊള്ളത്തരങ്ങളിലൊന്ന്. കാര്‍ഷികോല്‍പന്നങ്ങളുടെ ചരക്കുനീക്കത്തിന് മതിയായ സൗകര്യമില്ലാത്തതാണോ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നമെന്ന് തോന്നിപ്പോകുന്നു ബജറ്റിലെ ഈനിര്‍ദേശം. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കാതിരിക്കുകയും കുത്തകകള്‍ കാര്‍ഷികമേഖലയിലേക്ക് കടന്നുവരികയും ചെയ്യുന്നതാണ് ഈമേഖല നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നമെന്നിരിക്കെ അത് പരിഹരിക്കാനായി യാതൊന്നും ബജറ്റ് മുന്നോട്ടുവെക്കുന്നില്ല. അതോടൊപ്പം 2022ല്‍ കാര്‍ഷികവരുമാനം ഇരട്ടിയാക്കുമെന്ന പ്രചാരണം ആവര്‍ത്തിക്കുന്നു. ചരക്കുസേവനനികുതിയുടെ വലവ്യാപിച്ചതും അത് സാധാരണക്കാര്‍ക്ക് താങ്ങാനാവാത്തതുമാണ് ഇതരമേഖലകളെപോലെ കാര്‍ഷികമേഖലയെയും തളര്‍ത്തിയത്. കഴിഞ്ഞ 58 വര്‍ഷത്തെ വായ്പാതളര്‍ച്ചയാണ് രാജ്യമിന്നനുഭവിക്കുന്നത്. ഇതിന് കാരണം ബാങ്കുകളെയും സ്വകാര്യധനകാര്യസ്ഥാപനങ്ങളെയും തളര്‍ത്തിയതാണ്. തൊഴിലില്ലായ്മ 45 വര്‍ഷത്തെ നിലവാരത്തിലേക്കാണ് താഴ്ന്നിരിക്കുന്നത്. യുവാക്കള്‍ക്കും തൊഴില്‍നഷ്ടപ്പെട്ടവര്‍ക്കും തൊഴില്‍കൊടുക്കുന്നതിന് ഈബജറ്റില്‍ കാര്യമായ നിര്‍ദേശങ്ങളൊന്നുമില്ലെന്നത് ഭാവിയെയും ആശങ്കയിലാഴ്ത്തുകയാണ്. ബാങ്ക്‌ലയനം വഴി വായ്പകള്‍ വര്‍ധിപ്പിക്കാമെന്ന ധാരണ തെറ്റിയതാണ് അനുഭവം. നോട്ടുനിരോധനംവഴി ജനങ്ങളുടെ പണം പിടിച്ചുവെച്ചതും പണം പിന്‍വലിക്കുന്നതിന് പരിധി നിശ്ചയിച്ചതും മാന്ദ്യത്തിന് കാരണമാണ്. ചരക്കുസേവനനികുതിയുടെ വരുമാനത്തില്‍ വന്‍തോതില്‍ ഇടിവുണ്ടായത് വ്യാവസായിക വ്യാപാരമേഖല തളര്‍ന്നതിന്റെ സൂചനയാണ്. അത് നന്നാക്കുന്നതിന് ഇപ്പോഴത്തെ നടപടികള്‍ പര്യാപ്തമല്ല. ധനക്കമ്മി 3.3ല്‍നിന്ന് 3.8 ശതമാനത്തിലേക്ക് ഉയര്‍ന്നത് സര്‍ക്കാരിന്റെ പരാജയമാണ്.
4.5 ശതമാനത്തിലേക്ക് കൂപ്പുകുത്തിയ മൊത്തആഭ്യന്തരവളര്‍ച്ച (ജി.ഡി.പി) ഉയര്‍ത്തുമെന്ന് ഒഴുക്കന്‍മട്ടില്‍ പറയുകയാണ് ബജറ്റില്‍. കഴിഞ്ഞദിവസം പാര്‍ലമെന്റില്‍വെച്ച സാമ്പത്തികാവലോകനറിപ്പോര്‍ട്ടില്‍ 6.5 ശതമാനത്തിലേക്ക് ജി.ഡി.പി ഉയര്‍ത്തുമെന്ന് പറഞ്ഞിരിക്കെ, 10 ശതമാനം വളര്‍ച്ച ലക്ഷ്യമിടുന്നുവെന്ന് ബജറ്റില്‍ പറയുന്നത് സര്‍ക്കാര്‍ ഒട്ടും യാഥാര്‍ത്ഥ്യബോധമില്ലാതെയാണ് മുന്നോട്ടുപോകുന്നതെന്ന് വ്യക്തമാക്കുന്നു.ആദായനികുതിയില്‍ ഇളവുവരുത്തുന്നത് ഇടത്തരക്കാരുടെ പണം വിപണിയിലേക്കൊഴുകുമെന്നാണ് കരുതുന്നതെങ്കില്‍ അതും തെറ്റി. നിലവില്‍ അഞ്ചുലക്ഷംരൂപവരെ വാര്‍ഷികവരുമാനമുള്ളയാള്‍ക്ക് നികുതി ഇല്ലെന്നത് അതേപടി തുടരുമ്പോള്‍ 7.5 ലക്ഷം വരെ 10 ശതമാനവും പത്തുലക്ഷം വരെ 15 ശതമാനവും നികുതി ഏര്‍പെടുത്തിയതില്‍ എന്ത് നേട്ടമാണ് ഉണ്ടാകാന്‍ പോകുന്നത്? നിര്‍ണായകമേഖലകളുടെ വളര്‍ച്ച 1.3 ശതമാനമായി നില്‍ക്കുന്നതാണ് ബജറ്റ് അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നം. അവിടെയും കാര്യമായനടപടികളൊന്നും കാണുന്നില്ല. പുതുതായി വ്യവസായസംരംഭം തുടങ്ങുന്നവര്‍ക്ക് നികുതി 15 ശതമാനമായി കുറച്ചുകൊടുത്തെങ്കിലും നിക്ഷേപമിറക്കാന്‍ സംരംഭകര്‍ മടികാട്ടുന്നതിന് കാരണം കഴിഞ്ഞ അഞ്ചുവര്‍ഷത്തെ അവരുടെ അനുഭവമാണ് .ഉരുക്കിന്റെയും ഇരുമ്പിന്റെയും മറ്റും ഇറക്കുമതിനികുതി വര്‍ധിപ്പിച്ചത് നിര്‍മാണമേഖലയെ വീണ്ടും തളര്‍ത്തുകയേ ഉള്ളൂ. പൊതുമേഖലാസ്ഥാപനങ്ങളായ എയര്‍ഇന്ത്യയുടെയും ഭാരത് പെട്രോളിയത്തിന്റെയും വിമാനത്താവളങ്ങളുടെയും വിറ്റഴിക്കലും റെയില്‍വെ സ്വകാര്യവല്‍കരണവും ഉണ്ടാക്കിയ വലിയ ആശങ്കക്കിടെയാണ് പൊതുമേഖലക്ക് നിര്‍ണായകസ്വാധീനമുള്ള എല്‍.ഐ.സിയെകൂടി സ്വകാര്യമേഖലക്ക് കൈമാറാനുള്ള ഓഹരിവിറ്റഴിക്കല്‍ പ്രഖ്യാപനം. ഐ.ഡി.ബി.ഐ ബാങ്ക് പൂര്‍ണമായി വില്‍ക്കുന്നതും 150 തീവണ്ടികള്‍ പി.പി.പി മാതൃകയില്‍ പുറത്തിറക്കുമെന്ന പ്രഖ്യാപനവും സ്വകാര്യമേഖലയുടെ വ്യാപനംതന്നെയാണ്. അടിസ്ഥാനസൗകര്യവികസനത്തിലെ തുകനീക്കിവെക്കല്‍ എത്രകണ്ട് ഗുണപ്പെടുമെന്ന് കണ്ടറിയണം. രൂപയുടെമൂല്യം തിരിച്ചുവരുമെന്ന് പറയാനേ ആകുന്നില്ല.
കേരളത്തോടുള്ള മോദിസര്‍ക്കാരിന്റെ ചിറ്റമ്മനയം അതുപോലെതന്നെ തുടരുകയാണെന്നാണ് ഈബജറ്റിലെയും അനുഭവം. പ്രകൃതിദുരന്തത്തിന്റെ പിടിയില്‍നിന്ന് രക്ഷകാത്തിരിക്കുന്ന കേരളത്തിന് യാതൊന്നും പ്രതീക്ഷക്കില്ല. ചരക്കുസേവനനികുതി കുടിശ്ശിക ഗഡുക്കളായി നല്‍കാമെന്ന വാഗ്ദാനമാണ് ഇതിലൊന്ന്. മല്‍സ്യ,പാല്‍ ഉല്‍പാദനം വര്‍ധിപ്പിക്കുമെന്ന് പറയുന്നത് പ്രതീക്ഷാജനകമാണെങ്കിലും അതെങ്ങനെയാണെന്ന ചോദ്യത്തിന് ഉത്തരമില്ല. പ്രത്യേകിച്ചും കടല്‍മല്‍സ്യസമ്പത്ത് വന്‍ഭീഷണിനേരിടുമ്പോള്‍. ചുരുക്കത്തില്‍ നാട്ടില്‍ പണമിറക്കേണ്ടവരെ ഭയപ്പെടുത്തിയതും വേണ്ടാത്ത നൂലാമാലകളില്‍ കുരുക്കിയതുമാണ് രാജ്യത്തിന്റെ പ്രതിസന്ധിക്ക് ഹേതു. റിസര്‍വ്ബാങ്ക് മുന്‍ഗവര്‍ണര്‍ ഡോ. രഘുറാംരാജന്‍ പറഞ്ഞതുപോലെ,സമാധാനത്തിനാണ് സര്‍ക്കാര്‍ ആദ്യം പരിഹാരംകാണേണ്ടത്. മറ്റുള്ളതെല്ലാം പിന്നാലെ വന്നുകൊള്ളും.

SHARE