പിണറായി സര്‍ക്കാരിന്റെ ഞാണിന്മേല്‍കളി


മുസ്്‌ലിംകളെ മാത്രം അകറ്റിനിര്‍ത്തിക്കൊണ്ടുള്ള പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഘോരഘോരം വായിട്ടടിക്കുകയാണ് സി.പി.എമ്മും ആ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരും. എന്നാല്‍ ഇതുകൊണ്ട് എന്താണ് ജനങ്ങള്‍ക്ക് ഗുണമുണ്ടായതെന്ന ചോദ്യത്തിന് അവര്‍ക്ക് ഉത്തരമില്ല. കഴിഞ്ഞദിവസത്തെ റിപ്പബ്ലിക് ദിനത്തില്‍ മനുഷ്യശൃംഖല തീര്‍ത്ത് നാടാകെ തങ്ങള്‍ ന്യൂനപക്ഷങ്ങളുടെ കൂടെയാണെന്ന് വിളിച്ചുപറഞ്ഞ സി.പി.എമ്മിന്റെയും അവരുടെ സര്‍ക്കാരിന്റെയും ഉള്ളിലിരിപ്പ് യഥാര്‍ത്ഥത്തില്‍ എന്താണെന്ന് പുറത്തുവന്നിരിക്കുകയാണ് ഗവര്‍ണറുടെ കാര്യത്തിലെ അവരുടെ പുതിയ നിലപാടിലൂടെ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കൊണ്ടുവരാനിരിക്കുന്ന നിയമസഭാപ്രമേയത്തെ എതിര്‍ക്കുമെന്ന സൂചനയാണ് ഇതിനകം സര്‍ക്കാരും സി.പി.എമ്മും നല്‍കിയിട്ടുള്ളത്. ഇത്രയും വര്‍ഗീയമായും സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കും ഇംഗിതത്തിനും എതിരായും പ്രവര്‍ത്തിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നൊരു ഗവര്‍ണറുമായി ഒത്തുപോകാനാണ് സി.പി.എമ്മിന്റെ ശ്രമം എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ന്യൂനപക്ഷ മതേതര ഭരണഘടനാസംരക്ഷണത്തിന്റെ ചാമ്പ്യന്‍പട്ടം തരാതരം അണിഞ്ഞുനടക്കുന്ന സി.പി.എമ്മിന് പ്രതിപക്ഷത്തിന്റെ പ്രമേയത്തെ പിന്തുണക്കാന്‍ വൈമനസ്യമുണ്ടായതെന്നതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ സര്‍ക്കാരിനോ സി.പി.എമ്മിനോ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇന്ന് തുടങ്ങാനിരിക്കുന്ന നിയമസഭാബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തില്‍ ഗവര്‍ണര്‍ നടത്തേണ്ട പ്രസംഗത്തില്‍ അദ്ദേഹം പലതും വെട്ടിത്തിരുത്തുകയും ഒഴിവാക്കുകയും ചെയ്യുമെന്നാണ് ഗവര്‍ണര്‍ തന്നെ പരോക്ഷമായി സൂചിപ്പിച്ചിരിക്കുന്നത്. മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തെ അംഗീകരിക്കാതിരിക്കാന്‍ ഭരണഘടനാപരമായോ ധാര്‍മികമായോ പോലും ഒരു ഗവര്‍ണര്‍ക്കും അധികാരമില്ലെന്നിരിക്കെ എന്തിനാണ് ഭരണഘടനയും നിയമവും നാഴികക്ക് നാല്‍പതുവട്ടം ഉരുവിടുന്ന ആരിഫ് മുഹമ്മദ്ഖാന് ഇതില്‍ വൈമനസ്യം തോന്നേണ്ടത്. ഇത് അദ്ദേഹത്തിന്റെ ഭരണഘടനാചുമതലയില്‍പെട്ടതാണ്. ഇതല്ലാതെ കാര്യമായ ഒരു അധ്വാനവും ഗവര്‍ണര്‍ തസ്തിക കൊണ്ടില്ലതാനും. എന്നിട്ടും ആരിഫ് മുഹമ്മദ് ഖാന്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് അദ്ദേഹത്തിന്റെ മഹോത്തരമായ പദവിക്ക് ഒട്ടും യോജിച്ചതല്ല. എന്നാല്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായി ചുമതലയേറ്റതുമുതലിങ്ങോട്ട് അഞ്ചു മാസത്തോളമായി തുടരുന്ന അദ്ദേഹത്തിന്റെ പ്രവൃത്തികളും പ്രസംഗങ്ങളും പൊതുജനമധ്യത്തിലെ വായ്ത്താരികളും കണക്കിലെടുക്കുമ്പോള്‍ അദ്ദേഹം ഒരു പക്ഷേ സഭയിലെത്താതിരിക്കുകയോ പ്രസംഗം വായിക്കാതിരിക്കുകയോ അതല്ലെങ്കില്‍, തന്റേതായി ചിലത് കൂട്ടിച്ചേര്‍ക്കുകയോ ചെയ്‌തേക്കാം. ഈ ഭീതിയാണ് പൊതുവില്‍ ജനങ്ങള്‍ക്കുമുമ്പിലിപ്പോഴുയര്‍ന്നുവന്നിട്ടുള്ളത്.
ഇതിന് മറുപടി കൊടുക്കേണ്ടത് തീര്‍ച്ചയായും സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന്റെ ബാധ്യതയാണ്. അതല്ലാതെ ഗവര്‍ണറെ സുഖിപ്പിച്ച് ചായ വാങ്ങിക്കുടിച്ചും തീര്‍ക്കേണ്ട നിസ്സാരകാര്യമല്ലിത്. ഇതിനാണ് പ്രതിപക്ഷം സഭയില്‍ ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയവുമായി രംഗത്തുവരുന്നത്. സര്‍ക്കാര്‍ പരാജയപ്പെടുന്നിടത്ത് അവരെ നിലക്കുനിര്‍ത്തി തിരുത്തേണ്ട ഭരണഘടനാബാധ്യതയാണ ് പ്രതിപക്ഷം ഇതിലൂടെ നിര്‍വഹിക്കാന്‍ ശ്രമിക്കുന്നത്. അതേസമയം പ്രതിപക്ഷത്തിന്റെ നീക്കത്തെ രാഷ്ട്രീയ മുതലെടുപ്പായി ദുര്‍വ്യാഖ്യാനിക്കാനുള്ള കുടില നീക്കമാണ് ഇപ്പോള്‍ ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്ന് നടക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നത്. സത്യത്തില്‍ ഗവര്‍ണറുടെയും അദ്ദേഹത്തെ നിയമിച്ച ബി.ജെ.പിയുടെ കേന്ദ്ര സര്‍ക്കാരിന്റെയും നിലപാടുകളെ പരോക്ഷമായി പിന്താങ്ങുന്ന സമീപനമാണ് സി.പി.എം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. എല്ലാ കാലത്തും ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കുകയും ഇരുട്ടിന്റെ മറവില്‍ വര്‍ഗീയ ശക്തികളുമായി നീക്കുപോക്ക് നടത്തുകയും ചെയ്യുന്ന രീതി ഇവിടെയും സി.പി.എം തുടരുന്നുവെന്നര്‍ത്ഥം. ബാബരി മസ്ജിദിന്റെ കാര്യത്തില്‍ അത് ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്ത് പ്രശ്‌നം തീര്‍ക്കണമെന്ന് നിര്‍ദേശിച്ച സി.പി.എം നേതാക്കളുടെ പിന്മുറക്കാരില്‍നിന്ന് ഇതിലുമധികം പ്രതീക്ഷിക്കുകയും വയ്യല്ലോ.
ഗവര്‍ണര്‍ക്കെതിരായ പ്രമേയം അംഗീകരിക്കാമെന്ന് ഇതിനകം സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിയമമന്ത്രികൂടിയായ എ.കെ ബാലന്‍ അതിനെ പിന്തുണക്കുന്നില്ല. മന്ത്രിമാരായ ഇ.പി ജയരാജനും ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവനും ഇതേ നിലപാടുതന്നെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ബി.ജെ.പിക്കെതിരെ പ്രസംഗിക്കുന്ന മുഖ്യമന്ത്രിയാകട്ടെ ഗവര്‍ണറെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന കാഴ്ചയാണ് കാണുന്നത്. റിപ്പബ്ലിക് ദിനത്തിലെ ഗവര്‍ണറുടെ വസതിയിലെ ‘അറ്റ് ഹോം’ പരിപാടിയിലും പിന്നീട് സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും മുഖ്യമന്ത്രിയും ഗവര്‍ണറും സ്വീകരിച്ചിരിക്കുന്ന നിലപാട് പരസ്പരം കുറ്റപ്പെടുത്താതിരിക്കാനായിരുന്നു. രണ്ട് ഭരണഘടനാസ്ഥാപനങ്ങള്‍ തമ്മില്‍ ഒരേ സംസ്ഥാനത്ത് ഏറ്റുമുട്ടുന്നത് സഭ്യമല്ലെങ്കിലും അക്കാര്യം എന്തുകൊണ്ട് തുറന്നുപറയാന്‍ മുഖ്യമന്ത്രി മടികാണിക്കുന്നു? മാത്രമല്ല, കേന്ദ്രത്തിനെതിരെ പ്രതിപക്ഷവുമായി ചേര്‍ന്ന് സത്യഗ്രഹം നടത്തിയപ്പോഴും പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ട് പൗരത്വനിയമം പിന്‍വലിക്കണമെന്ന് പ്രമേയം സംയുക്തമായി പാസാക്കിയപ്പോഴുമൊന്നും ഈ പക്വതാവികാരം എന്തുകൊണ്ട് കണ്ടില്ല? ഇതിനൊക്കെ മറുപടി പറയാതെ നിയമസഭാസമ്മേളനവുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് പ്രതിപക്ഷത്തെയും സംസ്ഥാനത്തെ ജനതയെയാകെയും വഞ്ചിക്കലായിരിക്കും. അത് പ്രതിപക്ഷം ഒരുകാരണവശാലും സഭക്കകത്തും പുറത്തും അനുവദിച്ചുതരാന്‍ പോകുന്നില്ല. ഏത് ഭരണഘടനാസ്ഥാപനമായാലും ആത്യന്തികമായി അവ ജനാധിപത്യത്തില്‍ ജനങ്ങളുടെ കീഴിലാണെന്ന ബോധവും ബോധ്യവും ഭരണകുഞ്ചിക സ്ഥാനത്തിരിക്കുന്നവര്‍ക്ക് ഉണ്ടായേ തീരൂ. അതല്ലെങ്കില്‍ ബി.ജെ.പിക്കും ഗവര്‍ണര്‍ക്കുമെതിരെ സി.പി.എമ്മും ഇടതുപക്ഷവും കാട്ടിക്കൂട്ടിക്കൊണ്ടിരിക്കുന്നതെല്ലാം എങ്ങോട്ടുംചായാവുന്ന ഞാണിന്മേല്‍കളിയും രാഷ്ട്രീയ തറവേലയുമായേ കാണാന്‍ കഴിയൂ.

SHARE