നാണംകെട്ടിറങ്ങാന്‍ ഇനിയും കാത്തുനില്‍ക്കണമോ


‘വിദ്യാഭ്യാസ രംഗത്ത് കേരളം കാത്തുസൂക്ഷിച്ച വിശ്വാസ്യതയും അന്തസും സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമുണ്ട്. കേരളത്തിന്റെ വിദ്യാഭ്യാസ മോഡല്‍ രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന ഒന്നാണ്. അതിനെ ശക്തിപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുക എന്നത് നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്’ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണിത്.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടെന്ന് ഇതിലും തെളിച്ച് ഗവര്‍ണര്‍ക്ക് പറയാന്‍ കഴിയുമെന്ന് തോന്നുന്നില്ല. മാര്‍ക്ക് ദാനവും മാര്‍ക്ക് കുംഭകോണവും ഉള്‍പ്പെടെ വഴിവിട്ട ഇടപെടലുകള്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്നുവെന്നത് പകല്‍പോലെ തെളിഞ്ഞുകഴിഞ്ഞ സത്യമാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസും പ്രൈവറ്റ് സെക്രട്ടറിയും ഉള്‍പ്പെടെ പ്രതിചേര്‍ക്കപ്പെട്ട വിവാദങ്ങളില്‍ സര്‍ക്കാര്‍ മെല്ലെപ്പോക്ക് നടത്തുമ്പോഴാണ് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറുടെ സ്വരം കടുത്തിരിക്കുന്നത്. തിരുത്തേണ്ടവര്‍ വാക്കുകളില്‍ ഒളിപ്പിച്ച മൗനം കൊണ്ട് സ്വയരക്ഷക്ക് വഴിതേടുന്ന ദയനീയ കാഴ്ച പരിഹാരമാകുന്നില്ല.
തിരുത്തേണ്ടത് തിരുത്താനും ശിക്ഷിക്കേണ്ടവരെ ശിക്ഷിക്കാനും മുന്‍നിലപാടുകളില്ലാതെ നടപടി എടുക്കേണ്ടത് സര്‍ക്കാരാണ്. കേരളം വിദ്യാഭ്യാസ രംഗത്ത് ആര്‍ജ്ജിച്ച വിശ്വാസ്യത നിലനിര്‍ത്താന്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകള്‍ക്ക് ഉത്തരവാദപ്പെട്ടവര്‍ എത്ര ഉന്നതരായാലും അവരെ പടിക്കുപുറത്തു നിര്‍ത്താനുള്ള നട്ടെല്ല് സര്‍ക്കാരിനുണ്ടാകണം.
ഗവര്‍ണറുടെ ഓഫീസുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിനേയും മന്ത്രിയെ തന്നെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്. രാഷ്ട്രീയധാര്‍മികതയോ, സുജനമര്യാദയോ മന്ത്രിയില്‍ നിന്നുണ്ടാകുമെന്ന് അരിയാഹാരം കഴിക്കുന്ന മലയാളികള്‍ ആരും കരുതുന്നില്ല. അല്‍പമുളുപ്പും വഹിക്കുന്ന പദവിയെക്കുറിച്ചുള്ള ഏകദേശ ധാരണയുമുണ്ടായിരുന്നുവെങ്കില്‍ എത്രയോ മുമ്പേ രാജിയെന്ന രണ്ടക്ഷരം കൊണ്ട് കേരള ജനതയുടെ വികാര വിചാരങ്ങള്‍ക്കൊപ്പം സമരസപ്പെടുമായിരുന്നു ഈ മന്ത്രി. മുടന്തന്‍ ന്യായങ്ങള്‍ നിരത്തി അല്‍പത്തം അഹങ്കാരമാക്കുന്ന പുംഗവന്‍മാര്‍ക്ക് ഇരിക്കാനുള്ളതാണോ മന്ത്രിക്കസേരയെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ്. ഗവര്‍ണര്‍ മാന്യമായ വാക്കുകള്‍ കൊണ്ട് അടയാളമിട്ട് പറഞ്ഞ കാര്യങ്ങളില്‍ ന്യായീകരണ യുക്തികൊണ്ട് അര്‍ത്ഥം കണ്ടെത്തുന്നതിന് പകരം വാക്കുകളിലെ അന്തസത്ത ഉള്‍ക്കൊള്ളുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്.
കേരള സാങ്കേതിക സര്‍വകലാശാലയില്‍ മാത്രമല്ല, എംജിയിലും കേരളസര്‍വകലാശാലയിലും ഗുരുതരമായ തെറ്റുകളാണ് ആവര്‍ത്തിച്ചത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട സര്‍വകലാശാലകളില്‍ മന്ത്രിയുടെ ഓഫീസ് ലക്കുംലഗാനുമില്ലാതെ ഇടപെട്ടതിന്റെ എത്രയോ സംഭവങ്ങളാണ് പുറത്തുവന്നത്. മാര്‍ക്ക്ദാനം മുതല്‍ പ്രവൃത്തിദിവസങ്ങള്‍ വെട്ടിക്കുറക്കാനുള്ള നിര്‍ദ്ദേശം വരെ മന്ത്രിയുടെ ഓഫീസ് സര്‍വകലാശാലകള്‍ക്ക് നല്‍കി. ചരിത്രത്തിലിതുവരെ ഒരു മന്ത്രിയും ഇത്തരത്തില്‍ സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തിന് മേല്‍ പരിക്കേല്‍പിച്ചിട്ടില്ല. പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിന് ശേഷം മാര്‍ക്ക്ദാനം നടത്തി, തോറ്റ വിദ്യാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ തട്ടിക്കൂട്ടിയ അദാലത്തിന് നേതൃത്വം നല്‍കിയത് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് വ്യക്തമായെങ്കിലും അങ്ങനെ ഒരു സംഭവം നടന്നിട്ടേ ഇല്ലെന്ന നുണ ആവര്‍ത്തിക്കുകയാണ് മന്ത്രിയുടെ ഓഫീസ് ചെയ്തത്. ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്ന് നുണ പൊളിഞ്ഞതോടെ തെറ്റ് ആവര്‍ത്തിക്കുമെന്ന പ്രഖ്യാപനവും മന്ത്രിയില്‍ നിന്നുണ്ടായി. മാര്‍ക്ക്ദാന വിവാദം പരിശോധിച്ച ഗവര്‍ണറുടെ സെക്രട്ടറി മാര്‍ക്ക്ദാനത്തില്‍ മന്ത്രി കെ.ടി ജലീലിന് വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പരീക്ഷാ ഫീസ് ഒടുക്കാനെത്തിയ തോറ്റ വിദ്യാര്‍ത്ഥികളെ വിജയിച്ച വാര്‍ത്ത അറിയിച്ച്് കേരള സര്‍വകലാശാല വിദ്യാര്‍ത്ഥികളെ മാത്രമല്ല, കേരളത്തേയും ഞെട്ടിച്ചു കളഞ്ഞു. നൂറ് കണക്കിന് വിദ്യാര്‍ത്ഥികളെയാണ് ഇത്തരത്തില്‍ സര്‍വകലാശാല വിജയിപ്പിച്ചു കരകയറ്റിയത്. കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറിനെ പ്രതിയാക്കി ഈ കേസ് ഒതുക്കിതീര്‍ത്ത മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. ഉന്നത വിദ്യാഭ്യാസ രംഗം ഇതിലും കുത്തഴിയാന്‍ ഇനിയില്ലെന്ന വിമര്‍ശനം മന്ത്രിയുടെ ഓഫീസ് കേട്ടഭാവം പോലും നടിച്ചിട്ടില്ല. സംസ്ഥാനത്തെ ഉന്നത കലാലയങ്ങള്‍ അക്രമി കൂട്ടങ്ങളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായ സ്ഥിതിയാണ്.
തിരുത്താനുറച്ചാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ മാധ്യമങ്ങളെ കണ്ടത്. ഇതിന് മുമ്പൊരു കാലത്തും ഗവര്‍ണര്‍ മാധ്യമങ്ങളെ ഇവ്വിധത്തില്‍ അഭിമുഖീകരിച്ചിട്ടില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ചട്ടവിരുദ്ധ നടപടികളില്‍ തകരുന്ന സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യസ മേഖലയെ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന വ്യക്തമായ സൂചന ഗവര്‍ണറുടെ വാക്കുകളിലുണ്ട്. 16ന് എല്ലാ സര്‍വകലാശാലകളിലേയും വൈസ് ചാന്‍സിലര്‍മാരുടെ യോഗം ഗവര്‍ണര്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. കേരള വിദ്യാഭ്യാസ രംഗത്തിനുള്ള അന്തസും വിശ്വാസ്യതയും തകരാന്‍ സമ്മതിക്കില്ലെന്ന് ആവര്‍ത്തിച്ചാണ് ഗവര്‍ണര്‍ വി.സിമാരുടെ സമ്മേളന വിവരം അറിയിച്ചത്. സര്‍വകലാശാലയുടെ തലവന്‍ ഗവര്‍ണര്‍ ആണെങ്കിലും അപൂര്‍വ്വമായി മാത്രമാണ് ഗവര്‍ണര്‍മാര്‍ സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെട്ട് പരസ്യമായി വിമര്‍ശിക്കുന്നത്. ഇപ്പോള്‍ കേരള ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായ വിമര്‍ശനം കേരള ചരിത്രത്തില്‍ ആദ്യത്തേതാണ്.
ഗവര്‍ണറുടെ വിമര്‍ശനം ചെന്നുതറക്കുന്നത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന് നേര്‍ക്കാണ്. അത് തിരിച്ചറിയാനുള്ള വിവേകമെങ്കിലും മന്ത്രിയും സര്‍ക്കാരും കാട്ടണം. വക്ക് പോയ ന്യായവാദങ്ങള്‍ കൊണ്ടോ, ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ കൊണ്ടോ നാണക്കേട് മറയ്ക്കാനാകില്ല. നാണംകെട്ടിറങ്ങിപ്പോകുന്നതിന് പകരം അവശേഷിക്കുന്ന മാന്യതയെങ്കിലും കാത്ത് സംരക്ഷിക്കാന്‍ കൃത്യമായ നിലപാട് ഉന്നത വിദ്യാഭ്യാസ മന്ത്രി സ്വീകരിക്കണം.

SHARE