ഭരണകൂടം ജനാധിപത്യ മൂല്യങ്ങളെ തിരസ്‌ക്കരിക്കരുത്


സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും ജനകീയ വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്യേണ്ടത്് പ്രതിപക്ഷത്തിന്റെ ചുമതലയാണ്. ജനാധിപത്യ സംവിധാനത്തിന്റെ നല്ലനടപ്പ് തന്നെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഊര്‍ജസ്വലമായ രാഷ്ട്രീയ ഇടപെടലുകളില്‍ അധിഷ്ഠിതവുമാണ്. കേരളത്തെ സംബന്ധിച്ച് നിയമസഭക്കകത്തും പുറത്തും പ്രതിപക്ഷം എല്ലാക്കാലത്തും തങ്ങളുടെ ചുമതല വഹിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചിട്ടുണ്ട്. മുന്നണി സംവിധാനം ഇന്ത്യയില്‍ ആദ്യമായി വിജയകരമായി നടപ്പാക്കപ്പെട്ട സംസ്ഥാനം കൂടിയാണ് കേരളം. ജനാധിപത്യ ബോധം രാഷ്ട്രീയ ജാഗ്രതയായി സൂക്ഷിക്കുന്ന ഒരു സമൂഹമെന്ന നിലയില്‍ പ്രബുദ്ധരാണ് കേരളീയര്‍. വര്‍ഗീയ അജണ്ടകള്‍ക്കെതിരായി ശക്തമായ ചെറുത്തുനില്‍പ്പിന് സംസ്ഥാനത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമാണ് ഈ രാഷ്ട്രീയ ജാഗ്രത.
പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങളെ മാനിക്കുകയെന്ന ജനാധിപത്യസര്‍ക്കാരിന്റെ മൗലിക കടമ ഇടതുമുന്നണി സര്‍ക്കാര്‍ ബോധപൂര്‍വം വിസ്മരിക്കുകയാണോ എന്ന സംശയമുയര്‍ത്തുന്ന നിലയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. അടുത്തടുത്തുണ്ടായ മൂന്ന് വിവാദ സംഭവങ്ങളില്‍ സര്‍ക്കാര്‍ നിലപാട് ഇതുവരെയുള്ള സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച പൊതുനിലപാടുകളോട് ഒത്തുപോകുന്നില്ലെന്ന വിമര്‍ശനം പരക്കെ ഉയരുന്നുണ്ട്. എന്നാല്‍ തങ്ങള്‍ക്കിതൊന്നും ബാധകമല്ലെന്ന ധാര്‍ഷ്ഠ്യം നിറഞ്ഞ അധികാര ഹുങ്ക് ഇടതുസര്‍ക്കാര്‍ പ്രകടിപ്പിക്കുകയാണ്. സര്‍ക്കാര്‍ പകര്‍ന്ന ഈ ഹുങ്കാണ് നിയമസഭക്ക് ഏതാനും വാരെ അകലെ വെച്ച് നിയമസഭാ സമാജികനെ വളഞ്ഞിട്ട് മര്‍ദ്ദിക്കാന്‍ പൊലീസിന് ധൈര്യം നല്‍കിയിട്ടുള്ളത്. പൊലീസിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായ ഷാഫി പറമ്പില്‍ എം.എല്‍.എയുടെ കൈ ഒരു പൊലീസുകാരന്‍ കടിച്ചു മുറിക്കുകയും ചെയ്തു. പലതുകൊണ്ടും പ്രബുദ്ധമായ കേരളത്തിന് ചേരാത്തവിധം കേരള പൊലീസിനെ പരിണമിപ്പിച്ചിരിക്കുകയാണ് ഇടതുസര്‍ക്കാര്‍. എന്തും ചെയ്യാനുള്ള ലൈസന്‍സ് കിട്ടിയ നിലയിലാണ് പൊലീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമാണ് പൊലീസെന്ന മാര്‍ക്‌സിയന്‍ കാഴ്ചപ്പാടിനെ അതേനിലയില്‍ പ്രാവര്‍ത്തികമാക്കുകയാണ് ഇടതുസര്‍ക്കാരെന്ന് പറയാതിരിക്കാനാകില്ല.
മൂന്ന് വിഷയങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടന നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയത്. കേരള രാഷ്ട്രീയത്തെ സമീപകാലത്ത് ചൂടുപിടിപ്പിച്ച, പരിഹാരം അനിവാര്യമായ നീതിയുടേയും വിശ്വാസ്യതയുടേയും ആശങ്കകളെ ചേര്‍ത്തുപിടിച്ചു നടന്ന സമരത്തെ ചോരയില്‍ മുക്കി അവസാനിപ്പിക്കാനുള്ള ശ്രമമാണ് നിര്‍ഭാഗ്യവശാല്‍ ഭരണകൂടം നടത്തിയത്. വാളയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട എട്ടും, പതിമൂന്നും വയസ്സുള്ള പെണ്‍കുട്ടികള്‍ക്ക് നീതി തേടി കേരളമെമ്പാടും നടന്ന പരശ്ശതം സമരങ്ങളുടേയും പ്രതിഷേധങ്ങളുടേയും തുടര്‍ച്ചയായിരുന്നു നിയമസഭാ മാര്‍ച്ച്. സംസ്ഥാനത്തെ യുവജനങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍പരത്തിയ പരീക്ഷാ തട്ടിപ്പിലൂടെ പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ത്ത പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ തിരുത്തുക എന്നതായിരുന്നു മറ്റൊരാവശ്യം. പ്രതിപക്ഷ യുവജന സംഘടനയായ മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധത്തിന്റെ തീപ്പന്തവുമായി ആഭ്യന്തര മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയതും ഈ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്. സര്‍വകലാശാലകളുടെ വിശ്വാസം തച്ചുതകര്‍ത്ത മാര്‍ക്ക് തട്ടിപ്പും മാര്‍ക്ക് ദാനവുമാണ് യുവജനങ്ങളെ തെരുവിലേക്ക് നയിച്ച മറ്റൊന്ന്. ഈ മൂന്ന് സംഭവങ്ങളിലും സര്‍ക്കാര്‍ പ്രതിപക്ഷ ശബ്ദത്തെ നിരാകരിക്കുന്നതില്‍ വൈരനിര്യാതന ബുദ്ധി പ്രകടിപ്പിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.
പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തില്‍ പ്രതിപക്ഷം ഈ മൂന്ന് വിഷയങ്ങളും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം മുന്നോട്ട് വെച്ചു. എന്നാല്‍ രണ്ട് ഭരണഘടനാ സ്ഥാപനങ്ങളില്‍ നടന്ന തട്ടിപ്പുകള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം മൂടിവെക്കാനുള്ള അധോമുഖ നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. കേരളത്തിന്റെ അഭിമാനസ്തംഭങ്ങളായ രണ്ട് സ്ഥാപനങ്ങള്‍ നാണക്കേടില്‍ മുഖം താഴ്ത്തി നില്‍ക്കുമ്പോള്‍ നാടിന്റെ നിയമനിര്‍മാണ സഭയില്‍ ജനപ്രതിനിധികള്‍ അത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നുവെങ്കില്‍ കേരളത്തിന്റെ യശസ്സിനെ അത് വാനോളം ഉയര്‍ത്തുമായിരുന്നു. യുവജനങ്ങളുടെ ആത്മവിശ്വാസം അത് വീണ്ടെടുക്കുമായിരുന്നു. ഒരു ജനതയുടെ അഭിമാനബോധത്തെ കളങ്കപ്പെടുത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള രാഷ്ട്രീയ ഐക്യപ്പെടല്‍ കേരളത്തിന്റെ പ്രബുദ്ധതയെ കൂടുതല്‍ പ്രകാശിപ്പിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസും കേരളയിലെ മാര്‍ക്ക് കുംഭകോണവും സംബന്ധിച്ച് ചര്‍ച്ചക്ക് പകരം ഉദ്യോഗസ്ഥര്‍ എഴുതി നല്‍കിയ വിശദീകരണം കൊണ്ട് അവസാനിപ്പിക്കുകയായിരുന്നു സര്‍ക്കാര്‍. ജീവിതമെന്തെന്ന് അറിയും മുമ്പ് വേട്ടക്കാരുടെ ഇരകളാക്കപ്പെട്ട് എട്ടും പന്ത്രണ്ടും വയസ്സുള്ള രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെട്ട സംഭവത്തിലും സര്‍ക്കാര്‍ ഇതേ നിലപാടാണ് സ്വീകരിച്ചത്.
ഒരു സര്‍ക്കാര്‍ പ്രതിപക്ഷാംഗങ്ങളോട് സ്വീകരിക്കുന്ന രാഷ്ട്രീയ ഔചിത്യമാണ് ഭരണകൂടത്തിന്റെ ജനാധിപത്യ മൂല്യത്തെ തിട്ടപ്പെടുത്തുന്നത്. നിയമസഭക്കകത്തും പുറത്തും ജനകീയ വിഷയങ്ങളോട് മുഖംതിരിക്കുന്ന ഒരു സര്‍ക്കാര്‍ ജനാധിപത്യ ബോധങ്ങളെ അപനിര്‍മിക്കുകയാണ് ചെയ്യുന്നത്. പൊലീസ് തെരുവിലിട്ട് ഒരു നിയമസഭാ സാമാജികന്റെ തല തല്ലിപ്പൊളിക്കുമ്പോഴും, അത് നിയമസഭയില്‍ ചര്‍ച്ച ചെയ്യാതെ വേട്ടക്കാര്‍ എഴുതി നല്‍കിയ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ആത്മസംതൃപ്തി അടയുമ്പോഴും കെട്ടുപോകുന്നത് കേരളം മുന്നോട്ടുവെച്ചിട്ടുള്ള ജനാധിപത്യ മൂല്യങ്ങളാണ്. ജനാധിപത്യ വേദികള്‍ ഏകമാനക ചിന്തകളുടെ തടവറകളാകരുത്. വെളിച്ചം കടക്കാത്ത ഗുഹകള്‍ അവര്‍ക്കായി കാലം കാത്തുവെച്ചിട്ടുണ്ടെന്നതാണ് ചരിത്രം.

SHARE