പൊലീസ് ആസൂത്രിതമായി കൊന്നതോ? ദുബെ വധത്തില്‍ ഉയരുന്ന ചോദ്യങ്ങള്‍


ന്യൂഡല്‍ഹി: വികാസ് ദുബെയുടെ കൊലപാതകത്തില്‍ പൊലീസ് വിഭാഗം സംശയത്തിന്റെ നിഴലില്‍. വികാസിനെ വാഹനത്തില്‍ കാന്‍പുരിലേക്കു കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷി മൊഴികളും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു. വികാസിനെ വധിക്കാന്‍ തന്നെ തീരുമാനിച്ച് കൊണ്ടു പോയതാണെന്ന ആരോപണത്തിന് സാധൂകരണം നല്‍കുന്ന നിരവധി സാഹചര്യ തെളിവുകളുണ്ട്.

3 കാറുകളാണു മധ്യപ്രദേശില്‍നിന്നു ദുബെയുമായി പുറപ്പെട്ടത്. ദുബെ സഞ്ചരിച്ച കാര്‍ കാന്‍പുരിനു 30 കിലോമീറ്റര്‍ അകലെ ബധുനിയില്‍ മറിഞ്ഞെന്നാണു പൊലീസ് വിശദീകരണം. എന്നാല്‍ പുലര്‍ച്ചെ 4നു ടോള്‍ബൂത്ത് കടന്നപ്പോള്‍ വികാസ് സഞ്ചരിച്ച കാറല്ല അപകടത്തില്‍ മറിഞ്ഞത്. ഇതെക്കുറിച്ചു മാധ്യമങ്ങള്‍ സംശയമുയര്‍ത്തിയെങ്കിലും പൊലീസ് പ്രതികരിച്ചിട്ടില്ല.

സംഭവത്തിനു തൊട്ടുമുന്‍പ്, അപകടസ്ഥലത്തിനു 2 കിലോമീറ്റര്‍ അകലെ മാധ്യമങ്ങളുടെ വാഹനങ്ങള്‍ പൊലീസ് തടഞ്ഞു.

ദൃക്‌സാക്ഷികള്‍ പലരും വെടിശബ്ദം കേട്ടെങ്കിലും വാഹനം മറിഞ്ഞതായി ആരും പറയുന്നില്ല. ‘വെടിവയ്പിന്റെ ശബ്ദം കേട്ടു. എന്താണെന്നു നോക്കാന്‍ പോയപ്പോള്‍ പൊലീസ് തടഞ്ഞു’ – സംഭവസ്ഥലത്തിനു സമീപം നടന്നു പോകുകയായിരുന്ന ആഷിഷ് പാസ്വാന്‍ പറയുന്നു.

കൊടുംകുറ്റവാളിയായ ദുബെയെ കൈവിലങ്ങണിയിച്ചിരുന്നില്ലേ എന്ന ചോദ്യവും ബാക്കി. ദുബെയ്ക്കു സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ദിവസം ചിലര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ദുബെയുടെ സംഘത്തിലെ 5 പേര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചു സിബിഐ അന്വേഷണം വേണമെന്നും അഭിഭാഷകനായ ഗണശ്യാം ഉപാധ്യായ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി അധികാരമേറ്റ 2017 മാര്‍ച്ച് മുതല്‍ 2019 ജൂണ്‍ 11 വരെ 77 ക്രിമിനലുകള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണു കണക്കുകള്‍. ദുബെ കീഴടങ്ങാന്‍ പലതവണ പൊലീസിനെ സന്നദ്ധത അറിയിച്ചിട്ടും അറസ്റ്റ് വൈകിപ്പിക്കുകയാണെന്നു ആരോപണം ഉയര്‍ന്നിരുന്നു.

ഈ മാസം 2നു ബിക്രു ഗ്രാമത്തിലാണു ഡിസിപി ദേവേന്ദ്ര മിശ്ര ഉള്‍പ്പെടെ 8 പൊലീസുകാര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട 21 പേരില്‍ 6 പേര്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. 3 പേര്‍ പിടിയിലായി. 7 പേര്‍കൂടി അറസ്റ്റിലായിട്ടുണ്ട്.

SHARE