ഗതികെട്ടാല്‍ ട്രംപും മാസ്‌കിടും; കോവിഡിന് മുമ്പില്‍ മുട്ടുമടക്കി യു.എസ് പ്രസിഡണ്ട്- ചിത്രങ്ങള്‍ വൈറല്‍

വാഷിങ്ടണ്‍: മാസ്‌ക് ധരിക്കില്ലെന്ന ദുര്‍വാശി ഒടുവില്‍ ഉപേക്ഷിച്ച് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. മിഷിഗനിലെ ഫോര്‍ഡ് കമ്പനി സന്ദര്‍ശനത്തിനിടെയാണ് ട്രംപിന് മാസ്‌കിടേണ്ടി വന്നത്. ഈ ചിത്രങ്ങള്‍ വൈറ്റ് ഹൗസ് മറച്ചുപിടിച്ചെങ്കിലും സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു. യു.എസ് മാദ്ധ്യമമായ സ്‌കൈ ന്യൂസ് ഇതിന്റെ വീഡിയോയും പുറത്തുവിട്ടു

വെന്റിലേറ്ററുകളും മറ്റു മെഡിക്കല്‍ ഉപകരണങ്ങളും നിര്‍മിക്കുന്ന ഫോര്‍ഡിന്റെ ഫാക്ടറിയിലാണ് ട്രംപെത്തിയത്. ഫോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കൊപ്പം മാസ്‌ക് ധരിച്ചു നില്‍ക്കുന്ന ട്രംപിന്റെ ചിത്രങ്ങളാണ് സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി താന്‍ മാസ്‌ക് ധരിക്കില്ലെന്ന് നിരവധി വാര്‍ത്താ സമ്മേളനങ്ങളില്‍ ട്രംപ് ആവര്‍ത്തിച്ചിരുന്നു. മാസ്‌ക് ധരിച്ച് മാദ്ധ്യമങ്ങള്‍ക്ക് സന്തോഷം നല്‍കാന്‍ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഫാക്ടറി സന്ദര്‍ശിക്കുന്നതിന് മുമ്പു തന്നെ മാസ്‌ക് ധരിക്കണമെന്ന് അധികൃതര്‍ അദ്ദേഹത്തെ അറിയിച്ചിരുന്നു. മാസ്‌ക് ധരിക്കുന്നത് സ്റ്റേറ്റിലെ നിയമമാണ് എന്ന് ചൂണ്ടിക്കാട്ടി മിഷിഗന്‍ അറ്റോണി ജനറല്‍ ഡാന നെസ്സല്‍ വൈറ്റ് ഹൗസിന് കത്തു നല്‍കുകയും ചെയ്തിരുന്നു. മാസ്‌ക് ധരിക്കാതെ ട്രംപ് ദുര്‍വ്വാശിയുള്ള കുട്ടികളെ പോലെ പെരുമാറുന്നു എന്ന് നേരത്തെ നെസ്സല്‍ കുറ്റപ്പെടുത്തിയിരുന്നു.

അതിനിടെ, യു.എസിലെ കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു. 94000ത്തില്‍ അധികം പേരാണ് രാജ്യത്ത് മരണത്തിന് കീഴടങ്ങിയത്.