‘ചൈനയോട് ചോദിച്ചാല്‍ മറുപടി കിട്ടും’; മാധ്യമപ്രവര്‍ത്തകയുമായി തര്‍ക്കിച്ച് വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ച് ട്രംപ്

വാഷിംഗ്ടണ്‍: മാധ്യമപ്രവര്‍ത്തകരുമായി തര്‍ക്കിച്ച് വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കോവിഡ് വൈറസ് പരിശോധനകള്‍ക്ക് അമേരിക്ക എന്തുകൊണ്ടാണ് ഇത്രയധികം പ്രാധാന്യം നല്‍കുന്നതെന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. എന്നാല്‍ ചോദ്യം ഇഷ്ടപ്പെട്ടാത്ത ട്രംപ് ചൈനയോട് ഇക്കാര്യം ചോദിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സിബിഎസ് ന്യൂസിന്റെ വീജിയ ജിയാംഗ്, സിഎന്‍എന്‍ന്റെ കയ്തലാന്‍ കോളിന്‍സ് എന്നിവരുമായാണ് ട്രംപ് തര്‍ക്കിച്ചത്.

കൊറോണ വൈറസ് പരിശോധനകള്‍ക്ക് യുഎസ് ഇത്രയധികം പ്രാധാന്യം നല്‍കുന്നത് എന്തുകൊണ്ടെന്നായിരുന്നു ജിയാംഗിന്റെ ചോദ്യം. എന്തുകൊണ്ടാണ് ഇത് പ്രാധാന്യമര്‍ഹിക്കുന്നത് ദിനേന അമേരിക്കക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ഇപ്പോഴും കൂടുതല്‍ കേസുകള്‍ എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യുമ്പോഴും പരിശോധനകളുടെ കാര്യത്തില്‍ ലോകത്തിലെ മറ്റ് രാജ്യങ്ങളുമായി മത്സരം എന്തിനാണെന്നായിരുന്നു ജിയാംഗ് ചോദിച്ചത്.

എന്നാല്‍ ഈ ചോദ്യം ചൈനയോട് ചോദിക്കാനായിരുന്നു ട്രംപിന്റെ മറുപടി. ലോകത്ത് എല്ലായിടത്തും കൊറോണ മൂലം ജീവന്‍ നഷ്ടപ്പെടുന്നുണ്ട്. നിങ്ങള്‍ ഇത് ചൈനയോട് ചോദിക്കേണ്ട ചോദ്യമാണ്. എന്നോട് ചോദിക്കരുത്. ചൈനയോട് ചോദിക്കുക ട്രംപ് പ്രതികരിച്ചു. എന്തിനാണ് തന്നോട് പ്രത്യേകമായി ഇത് പറയുന്നതെന്ന് ചൈനയിലെ ഷിയാമെനില്‍ ജനിച്ച സിബിഎസ് ന്യൂസ് റിപ്പോര്‍ട്ടര്‍ ട്രംപിനോട് തിരിച്ചു ചോദിച്ചു.

മോശം ചോദ്യം ചോദിക്കുന്നവര്‍ ആരായാലും താന്‍ ഇത്തരത്തില്‍ പ്രതികരിക്കുമെന്ന് ട്രംപ് മറുപടിയായി പറഞ്ഞു. എന്നാല്‍ ഇത് മോശം ചോദ്യമല്ലെന്നും എന്തുകൊണ്ടാണ് ടെസ്റ്റുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതെന്നും ജിയാംഗ് തിരിച്ചടിച്ചു. ഉടനെ ട്രംപ് അടുത്ത ആള്‍ ചോദ്യം ചോദിക്കാന്‍ ആവശ്യപ്പെട്ടു. സിഎന്‍എന്‍ മാധ്യമപ്രവര്‍ത്തക കോളിന്‍സ് ചോദ്യം ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ ട്രംപ് തടഞ്ഞു. പിന്നീട് കോളിന്‍സിന് അവസരം നല്‍കാതെ ട്രംപ് വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. കൊറോണ വൈറസ് ജൈവായുധമാണെന്ന് ആരോപിച്ച് ചൊനക്കെതിരെ തുടക്കത്തില്‍ തന്നെ അമേരിക്ക രംഗത്തെത്തിയിരുന്നു.

SHARE