കോവിഡ് നല്‍കിയ പാഠം പഠിക്കാതെ ചൈന; നായ ഇറച്ചി മേളക്ക് തുടക്കം

ഷാങ്ഹായ്: ലോകത്തിലെ രാജ്യങ്ങളെല്ലാം കോവിഡിനെ ചെറുത്ത് തോല്‍പ്പിക്കുന്നതിന്റെ തിരക്കിലമരുമ്പോള്‍ കൊറോണ വൈറസിന്റെ ഉത്ഭവ സ്ഥാനമെന്ന് കരുതുന്ന ചൈനക്ക് യാതൊരു മാറ്റവുമില്ല. രാജ്യത്തെ ഏറ്റവും വലിയ നായ ഇറച്ചി മേള യുലിന്‍ നഗരത്തില്‍ ഇത്തവണയും മുടങ്ങാതെ ആരംഭിച്ചു. ജൂണ്‍ 21 മുതല്‍ 30 വരെയാണ് കുപ്രസിദ്ധമായ മേള. നായ ഇറച്ചി വാങ്ങുന്നതിന് ആയിരങ്ങളാണ് മേളയ്‌ക്കെത്തുക.

വുഹാനിലെ മാംസച്ചന്തയില്‍നിന്നാണ് ലോകത്തെ ഞെട്ടിച്ച പുതിയ കൊറോണ വൈറസിന്റെ വരവെന്നു കണ്ടെത്തിയിരുന്നു. അതിനു പിന്നാലെ വന്യജീവികളുടെ ഇറച്ചി വില്‍ക്കുന്നതിനു ചൈന നിയന്ത്രണവും കൊണ്ടുവന്നിരുന്നു. ഇറച്ചിക്കു വേണ്ടി വില്‍ക്കേണ്ട മൃഗങ്ങളുടെ പട്ടികയില്‍നിന്ന് നായയെ ഒഴിവാക്കാന്‍ കാര്‍ഷിക വകുപ്പ് തീരുമാനവുമെടുത്തു. നിലവില്‍ വളര്‍ത്തു മൃഗമായി മാത്രമേ നായ്ക്കളെ ഉപയോഗിക്കാവൂ എന്നാണു നിര്‍ദേശം. ഇതെല്ലാം കാറ്റില്‍പ്പറത്തിയാണ് മേള ആരംഭിച്ചിരിക്കുന്നത്.

അതിനിടെ, ഇക്കഴിഞ്ഞ ഏപ്രിലില്‍ ഷെന്‍ജേന്‍ നഗരം നായ ഇറച്ചി നിരോധിക്കുകയും ചെയ്തു. ചൈനയില്‍ ആദ്യമായിട്ടായിരുന്നു ഇത്തരമൊരു നിരോധനം. എന്നിട്ടും മറ്റു നഗരങ്ങള്‍ പാഠം പഠിച്ചില്ല. മാത്രവുമല്ല കോവിഡ് രണ്ടാം വരവിന്റെ സൂചനകള്‍ ലഭിച്ചിട്ടും ആയിരങ്ങള്‍ ഒത്തു ചേരാനുള്ള സാഹചര്യമൊരുക്കിയിരിക്കുകയാണു ചൈന. കോവിഡിനു വിരുന്നൊരുക്കുന്നതിനു സമാനമാണിതെന്നാണ് മൃഗസ്‌നേഹികള്‍ വിമര്‍ശിക്കുന്നത്.

കൂട്ടില്‍ കുത്തിനിറച്ച നിലയില്‍ വില്‍പനയ്‌ക്കെത്തുന്ന നായ്ക്കള്‍ യുലിന്‍ മേളയിലെ സങ്കടക്കാഴ്ചയാണ്. പ്രാകൃതമായ രീതിയില്‍ നായ്ക്കളെ കൈകാര്യം ചെയ്യുന്നതിനു കുപ്രസിദ്ധവുമാണ് മേള. മൃഗങ്ങളെയും ഇറച്ചിയും കൈകാര്യം ചെയ്യുന്നത് പലപ്പോഴും വൃത്തിഹീനമായ സാഹചര്യത്തിലാണ്. കോവിഡ് കാലത്തെ ഇറച്ചി വില്‍പനയിലെ നിയന്ത്രണങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് ഇപ്പോള്‍ മേള നടത്തിയിരിക്കുന്നതും.ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷനലിന്റെ നേതൃത്വത്തില്‍ യുലിന്‍ മേള തടയാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഒരു കോടിയോളം നായ്ക്കളെയും 40 ലക്ഷത്തോളം പൂച്ചകളെയുമാണ് ചൈന ഇറച്ചിക്കായി ഓരോ വര്‍ഷവും കൊന്നൊടുക്കുന്നതെന്നാണു കണക്കുകള്‍.

SHARE