കര്‍ണ്ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡി.കെ ശിവകുമാറും കുമാരസ്വാമിയും തമ്മില്‍ കൂടിക്കാഴ്ച്ച

ബംഗളൂരു: കര്‍ണ്ണാടകയില്‍ ഡിസംബര്‍ അഞ്ചിന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറും ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലുള്ള സര്‍ക്കാര്‍ കര്‍ണ്ണാടകയില്‍ വീണ്ടും അധികാരത്തില്‍ വരുന്നതിന് സാധ്യയുണ്ടെന്ന് വ്യക്തമാക്കുന്നു. ഹുബ്ബള്ളി വിമാനത്താവളത്തിലെ വിഐപി ലോഞ്ചിലായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച്ച. നേരത്തെ, കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ താഴെ വീണിരുന്നു.

വിമാനത്താവളത്തില്‍ വെച്ച് ഇരുവരും 20മിനിറ്റോളം സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, സൗഹൃദ സംഭാഷണങ്ങള്‍ മാത്രമാണ് നടത്തിയതെന്ന് ഇരുവരും പ്രതികരിച്ചു. ഡിസംബര്‍ അഞ്ചിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പാണ് നിലവിലെ യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവി തീരുമാനിക്കുക. 15 മണ്ഡലങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് എട്ടെണ്ണത്തില്‍ ജയിച്ചാല്‍ മാത്രമേ യെദിയൂരപ്പ സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ കഴിയൂ. ഡിസംബര്‍ ഒമ്പതിനാണ് ഫലം പുറത്തുവരിക.

ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് തിരിച്ചടിയാവുമെന്ന് കുമാരസ്വാമി പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ വീണ്ടും സഖ്യത്തിലെത്താന്‍ ഇരുപാര്‍ട്ടികളും താല്‍പ്പര്യപ്പെടുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ വീണ്ടും മുഖ്യമന്ത്രിയാകാനില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അങ്ങനെയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിന് നല്‍കിയായിരിക്കും സഖ്യം നിലവില്‍ വരിക.