ഫിഷറീസ് വകുപ്പിന്റെ ഉത്തരവ് നടപ്പിലാക്കില്ലെന്ന് ധീവരസഭ

ആലപ്പുഴ: കൊറോണയെ തുടര്‍ന്ന് കേരളം മുഴുവന്‍ ലോക്ക് ഡൗണും നിരോധനാജ്ഞയും പ്രഖ്യാപിയ്ക്കുകയും കേരളത്തിലെ എല്ലാ തൊഴില്‍ സ്ഥാപനങ്ങളും അടച്ചിട്ടിരിയ്ക്കുന്ന അവസ്ഥയില്‍ മത്സ്യത്തൊഴിലാളി സംഘടനകളുടേയും മത്സ്യത്തൊഴിലാളികളുടേയും എതിര്‍പ്പിനെ അവഗണിച്ച് മത്സ്യത്തൊഴിലാളികളെ മത്സ്യ ബന്ധനത്തിന് അനുവദിച്ചു കൊണ്ട് 27. 3. 2020ല്‍ ഫിഷറീസ് വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ധീവരസഭ നടപ്പിലാക്കുകയില്ലായെന്ന് ധീവരസഭ ജനറല്‍ സെക്രട്ടറി V.ദിനകരന്‍ പറഞ്ഞു.

C-lT-U ഒഴികെ കേരളത്തിലെ മുഴുവന്‍ മത്സ്യത്തൊഴിലാളി സംഘടനകളും ഈ ഉത്തരവിനെ എതിര്‍ത്തിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലും തിരുവനന്തപുരം ജില്ലയിലെ പരുത്തിയൂരും ഇന്നലെ ഉണ്ടായ സംഭവ വികാസങ്ങള്‍ അറിഞ്ഞിട്ടും ഇത്തരം ഒരു ഉത്തരവ് ഇറക്കിയത് മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സുരക്ഷയോടുള്ള വെല്ല് വിളിയാണ്. ഫിഷറീസ് മന്ത്രിയുടെ അനുവാദം ഉണ്ടെന്ന് പറഞ്ഞ് ആലപ്പുഴ ജില്ല കളക്ടറും മത്സ്യഫെഡ് ചെയര്‍മാനും പോലീസ് മേധാവികളും യോഗം ചേര്‍ന്ന് അമ്പലപ്പുഴയിലെ നീര്‍ക്കുന്നത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോകാനും അവിടെ മത്സ്യവിപണനം നടത്താനും തീരുമാനിച്ചു. ധീവരസഭ അടക്കമുള്ള സംഘടനകള്‍ ഇതിനെതിരെ രംഗത്ത് വന്നതിന്റെ ഫലമായി C-IT-U ആഭിമുഖ്യമുള്ള 5 ല്‍ താഴെ വള്ളങ്ങള്‍ മാത്രമാണ് മത്സ്യ ബന്ധനത്തിന് പോയത്.

പരിമിതമായ മത്സ്യവുമായി മടങ്ങി വന്ന ഈ വള്ളങ്ങളിലെ മത്സ്യം വില്‍ക്കാന്‍ നീര്‍ക്കുന്നത്തേയും പുന്നപ്രയിലേയും മത്സ്യത്തൊഴിലാളികള്‍ അനുവദിച്ചില്ല.ഇതേ തുടര്‍ന്ന് മത്സ്യ ബന്ധന പരിപാടി ഉപേക്ഷിച്ചതായി മത്സ്യഫെഡിലെ ആലപ്പുഴയിലുള്ള ഉദ്യോഗസ്ഥന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിയ്ക്കുകയും ചെയ്തു. ഇന്ന് മത്സ്യത്തൊഴിലാളികള്‍ ആരും തന്നെ മത്സ്യത്തൊഴിലാളി സംഘടനകളുടെ ആഹ്വാനം അനുസരിച്ച് മത്സ്യ ബന്ധനത്തിന് പോയിട്ടില്ല. ലോക് ഡൗണ്‍ അവസാനിക്കുന്നതു വരെ മത്സ്യ ബന്ധനത്തിന് പോകണ്ട എന്ന് തീരുമാനിച്ചിട്ടുണ്ട്. കൊറോണ എന്ന മഹാമാരി തീരദേശത്ത് പടര്‍ന്ന് പിടിച്ചാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്ത് കണക്കിലെടുത്ത് ഫിഷറീസ് വകുപ്പിന്റെ ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. ഇനിയും ഈ ഉത്തരവ് നടപ്പിലാക്കാനാണ് ഉദ്ദേശമെങ്കില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണും ജില്ല ഭരണാധികാരികള്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയും പിന്‍വലിയ്ക്കുന്നതാണ് ഉത്തമം. തീരമേഖലയെ കൊറോണ മേഖലയാക്കാതെ തീരദേശവാസികള്‍ക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങളും മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും നല്‍കുകയും അവര്‍ക്കായി സ്‌പെഷ്യല്‍ പാക്കേജ് നടപ്പിലാക്കുകയും ചെയ്ത് മുഖ്യമന്ത്രി നിര്‍ദേശിച്ചതു പോലെ അവരെ വീടുകളില്‍ വിശ്രമിയ്ക്കാന്‍ അനുവദിയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

SHARE