കലാപത്തില്‍പെട്ട മുസ്‌ലിം കുടുംബങ്ങള്‍ക്ക് രക്ഷകരായി ഹിന്ദു അയല്‍ക്കാര്‍

ഡല്‍ഹിയില്‍ സംഘപരിവാര്‍ നടത്തുന്ന വംശീയ അതിക്രമങ്ങളില്‍ നിന്ന് മുസ്ലിം കുടുംബങ്ങള്‍ക്ക് താങ്ങായി ഹിന്ദുക്കളായ അയല്‍ക്കാര്‍. സംഘപരിവാര്‍ ക്രൂരതയില്‍ നിന്ന് 25 മുസ്ലിംകളെയാണ് ഹിന്ദു അയല്‍ക്കാര്‍ രക്ഷിച്ചത്.ശ്യാംവിഹറിലാണ് സംഭവം. അക്രമികള്‍ മടങ്ങിയതോടെ ഇവര്‍ പൊലീസ് സഹായത്തോടെ മുസ്തഫാബാദ് ആശുപത്രിയിലെത്തുകയായിരുന്നു. ഡല്‍ഹി എയിംസിലെ ഹര്‍ജിത് സിങ് ഭാട്ടിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ശ്യാംവിഹാറില്‍ ഇന്നലെ മുതല്‍ ഹിന്ദു വീടുകളില്‍ അഭയംതേടിയ 25 മുസ്ലിം കുടുംബങ്ങളെ പൊലീസിന്റെ സഹായത്തോടെ പുറത്തെത്തിക്കുകയും ഇന്ന് വൈകീട്ട് മുസ്തഫാബാദ് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ആര്‍.എസ്.എസ്, ബി.ജെ.പി ഗുണ്ടകളില്‍ നിന്ന് തങ്ങളെ രക്ഷിച്ചത് ഹിന്ദു അയല്‍ക്കാരാണെന്ന് ആ കുടുംബങ്ങള്‍ പറഞ്ഞു. ഇതാണ് എന്റെ ഇന്ത്യ’
എന്നാണ് ഹര്‍ജിത് സിങ് ഭട്ടി ട്വീറ്റ് ചെയ്തത്.

വംശീയ അതിക്രമം നടക്കുന്ന മേഖലകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ അതിക്രമങ്ങളും മറ്റും പുറംലോകത്തെ അറിയിച്ചത് ഹര്‍ജിത് സിങ് ഭട്ടിയായിരുന്നു. സ്വകാര്യ ആംബുലന്‍സുകളെ പൊലീസ് കടത്തിവിട്ടില്ലെന്നും അന്താരാഷ്ട്ര നിയമങ്ങളെ പോലും കാറ്റില്‍പറത്തും വിധമാണ് പൊലീസ് പെരുമാറിയതെന്നും അദ്ദേഹം ആരോപിച്ചു.