ഡല്‍ഹി കലാപം; കാഴ്ച്ചക്കാരായി പൊലീസ്

ന്യൂഡല്‍ഹി: കാഴ്ച്ചക്കാരുടെ റോളായിരുന്നു കഴിഞ്ഞ രണ്ട് ദിവസം ഡല്‍ഹിയല്‍ പൊലീസിന്. കലാപകാരികള്‍ അഴിഞാടിയിട്ടും ഒരു നടപടി പോലും അര്‍ സ്വീകരിച്ചില്ല. ഇന്നലെ സ്‌പെഷ്യല്‍ കമ്മീഷണറായി എസ.എന്‍.ശ്രീവാസ്തവയെ നിയോഗിച്ചത് മാത്രമാണ് കേന്ദ്രം നടത്തിയ ഏക നീക്കം.
അതിനിടെ ഡല്‍ഹിയില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തി കലാപത്തിന് ആഹ്വാനം ചെയ്ത ബിജെപി നേതാവ് കപില്‍ മിശ്രക്കെതിരെ പാര്‍ട്ടി എംപി ഗൗതം ഗംഭീര്‍. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ആരായാലും മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും ബിജെപിയോ കോണ്‍ഗ്രസോ എഎപിയോ ഏതു പാര്‍ട്ടിയുടെ നേതാവായാലും അയാള്‍ക്കെതിരെ കടുത്ത നടപടി വേണം. കപില്‍ മിശ്രയുടെ പ്രസംഗം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി.
ഇത് ഒരു രാഷ്ട്രീയ കക്ഷിയുടെ വിഷയമല്ലെന്നും ഡല്‍ഹിയുടെ കാര്യമാണെന്നും ഗംഭീര്‍ തുറന്നടിച്ചു. ഷഹീന്‍ ബാഗില്‍ സമാധാനപരമായ പ്രതിഷേധമാണ് നടന്നിരുന്നത്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇവിടെയെത്തുമ്പോള്‍ത്തന്നെ പ്രതിഷേധം അക്രമാസക്തമായി. ഇതു ശരിയല്ല. സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശം അംഗീകരിക്കാം. എന്നാല്‍ കല്ലെടുക്കുന്നതിന് അതില്ല. പൊലീസിന്റെ മുന്നില്‍ തോക്കും പിടിച്ചു നിങ്ങള്‍ എങ്ങനെയാണു നില്‍ക്കുന്നതെന്നും ഡല്‍ഹി സംഘര്‍ഷത്തില്‍ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു മടങ്ങവേ ഗംഭീര്‍ പറഞ്ഞു. മൂന്ന് ദിവസത്തിനകം ഡല്‍ഹിയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന് മുന്നറിയിപ്പു നല്‍കുന്ന വീഡിയോ ഞായറാഴ്ച കപില്‍ മിശ്ര ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. തെരുവിലിറങ്ങുമെന്നും സമാധാനപരമാകില്ല കാര്യങ്ങളെന്നും വിഡിയോയില്‍ കപില്‍ മിശ്ര ഭീഷണി മുഴക്കിയിരുന്നു. മിശ്രയുടെ റാലിക്കു ശേഷമാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപമുണ്ടാവുന്നത്.
ജാഫറാബാദിലെയും ചാന്ദ് ബാഗിലെയും റോഡുകളില്‍നിന്ന് പ്രതിഷേധക്കാരെ ഒഴിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നായിരുന്നു ഡല്‍ഹി കപില്‍ മിശ്രയുടെ ഭീഷണി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം അവസാനിക്കുന്നതുവരെ തങ്ങള്‍ സംയമനം പാലിക്കുമെന്നും പിന്നാലെ സമരക്കാരെ ഒഴിപ്പിക്കാന്‍ തെരുവിലിറങ്ങും മിശ്ര പറഞ്ഞിരുന്നു. വീഡിയോ പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം തന്നെ ജാഫറാബാദിലടക്കം പ്രശ്‌നങ്ങള്‍ ആരംഭിച്ചു. സീലംപൂരിലും മൗജ്പൂരിലും അക്രമസംഭവങ്ങളുണ്ടായി. കല്ലേറില്‍ തുടങ്ങിയ സംഘര്‍ഷം വെടിവെപ്പും തീക്കളിയുമായി. ഡല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ തുടരുകയാണ്. ഡല്‍ഹി തെരഞ്ഞെടുപ്പ് വേളയിലും കപില്‍ മിശ്രയുടെ പ്രസംഗങ്ങള്‍ വിവാദമായിരുന്നു.

SHARE