ഡല്‍ഹി; ഹര്‍ജികളില്‍ ഇന്ന് സുപ്രീംകോടതി അടിയന്തര വാദം കേള്‍ക്കും

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം തടയാന്‍ ഡല്‍ഹി പൊലീസിനും കേന്ദ്ര സര്‍ക്കാറിനും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് അടിയന്തര വാദം കേള്‍ക്കും. ഷാഹിന്‍ബാഗ് ഉള്‍പ്പെടെയുള്ള കേസുകള്‍ പരിഗണിക്കുന്ന ജസ്റ്റിസുമാരായ എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഷാഹിന്‍ബാഗ് സമരക്കാരുമായി മധ്യസ്ഥ ചര്‍ച്ചക്ക് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ തലവനും മുന്‍ കേന്ദ്ര വിവരാവകാശ കമ്മീഷണറുമായ വജ്ഹത്ത് ഹബീബുല്ല, ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ്, സാമൂഹിക പ്രവര്‍ത്തകന്‍ ബഹാദൂര്‍ അബ്ബാസ് നഖ്‌വി എന്നിവരാണ് ഇന്നലെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. അടിയന്തരമായി വാദം കേള്‍ക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിച്ച കോടതി കേസ് ഇന്നത്തേക്ക് നിശ്ചയിക്കുകയായിരുന്നു.
ഷാഹിന്‍ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന വനിതകള്‍ക്ക് എല്ലാ സംരക്ഷണവും ഉറപ്പാക്കണമെന്നാണ് വജ്ഹത് ഹബീബുല്ല ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ ഇവരുടെ സുരക്ഷയെ സംബന്ധിച്ച ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്. സമരവേദിയില്‍നിന്ന് ഇവരെ ഒഴിപ്പിക്കാനുള്ള ഏതു നീക്കവും അവരുടെ സുരക്ഷക്കുമേലുള്ള വലിയ ഭീഷണിയായിരിക്കും. പ്രത്യേകിച്ച് ഒരു വിഭാഗം ഇവര്‍ക്കെതിരെ നിരന്തരം അധിക്ഷേപങ്ങളും ഭീഷണികളും ചൊരിഞ്ഞുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ സമരക്കാര്‍ക്കെതിരെ ഗുരുതര ഭീഷണികളാണ് ഉയരുന്നത് – വജ്ഹത്് ഹബീബുല്ല ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
സുരക്ഷ ഉറപ്പു നല്‍കിയാല്‍ ഗതാഗത തടസ്സം നീക്കി സമരം തുടരാമെന്ന് നേരത്തെ ഷാഹിന്‍ബാഗ് സമരക്കാര്‍ വജ്ഹത് ഹബീബുല്ലയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ സമിതിയെ അറിയിക്കും സമിതി ഇവര്‍ക്ക് സുരക്ഷ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. തൊട്ടു പിന്നാലെ മധ്യസ്ഥ സമിതി സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഡല്‍ഹി പൊലീസിനെതിരെ അതിഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഈ സത്യവാങ്മൂലവും ഇന്ന് കോടതി പരിഗണിച്ചേക്കും.

SHARE