ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗം പരിഗണിക്കുന്ന ഡല്‍ഹി ഹൈക്കോടതി ബെഞ്ചില്‍ മാറ്റം

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമെന്ന് നിര്‍ദ്ദേശിച്ചതിന് പിന്നാലെ കേസ് പരിഗണിക്കുന്ന ഡല്‍ഹി ഹൈക്കോടതി ബെഞ്ചില്‍ മാറ്റം. നാളെ കേസ് പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്. ജസ്റ്റിസ് മുരളീധര്‍ അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്.

ഡല്‍ഹി കലാപങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി കലാപം വ്യാപിച്ച സാഹചര്യത്തില്‍ കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗം കോടതി മുറിയില്‍ പ്രദര്‍ശിപ്പിച്ചു. അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ്മ, അഭയ് വര്‍മ്മ എന്നിവരുടെ പ്രസംഗങ്ങളും പരിശോധിച്ച് ഉചിതമായ നടപടി എടുക്കാനാണ് ഡല്‍ഹി പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കിയത്.

ഡല്‍ഹി കലാപ കേസ് പരിഗണിക്കവെ അസാധാരണ നടപടികളാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഉണ്ടായത്. ഡല്‍ഹിയിലെ കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി ഇന്നലെ അര്‍ദ്ധരാത്രി ഹൈക്കോടതി പരിഗണിച്ചിരുന്നു. കലാപ മേഖലയിലേക്ക് പോകാന്‍ പൊലീസിന് ഇന്നലെ കോടതി ഉത്തരവ് നല്‍കിയിരുന്നു. ഇന്ന് ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ കപില്‍ മിശ്രയുടെ വിദ്വേഷപ്രസംഗം കേട്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു കോടതിയിലുണ്ടായിരുന്നു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ മറുപടി.

തുടര്‍ന്ന് ജസ്റ്റിസ് എസ് മുരളീധര്‍ അദ്ധ്യക്ഷനായ ബഞ്ച് തന്നെ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് കാണിച്ചു. എന്തുകൊണ്ട് ഇതുവരെ കേസെടുത്തില്ലെന്ന് ചോദിച്ച കോടതി ഹര്‍ജിയില്‍ പറയുന്ന കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, പര്‍വേശ് വര്‍മ്മ, അഭയ് താക്കൂര്‍ എന്നിവരുടേത് ഉള്‍പ്പെടെ എല്ലാ വിദ്വേഷ പ്രസംഗങ്ങളിലും ഉടന്‍ തീരുമാനമെടുക്കണം എന്നും നിര്‍ദ്ദേശിക്കുകയായിരുന്നു,

ഇരകളുടെ കുടുംബവുമായി സംസാരിക്കാനും സ്ഥിതി നിരീക്ഷിക്കാനും അഡ്വക്കേറ്റ് സുബൈദ ബീഗത്തെ കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചു. ഹൈക്കോടതി കേസ് കേള്‍ക്കുന്ന സാഹചര്യത്തില്‍ സുപ്രീംകോടതി വിഷയത്തില്‍ ഇടപെട്ടില്ല. എന്നാല്‍ എന്തുകൊണ്ട് കണ്‍മുന്നില്‍ നടന്നത് തടയാന്‍ പൊലീസിനായില്ലെന്ന് ജസ്റ്റിസുമാരായ എസ്‌കെ കൗളും കെഎം ജോസഫും ഉള്‍പ്പെട്ട ബഞ്ച് ചോദിച്ചു. ബ്രിട്ടനിലെ പൊലീസില്‍ നിന്ന് പഠിക്കാനും കോടതി നിര്‍ദ്ദേശിച്ചു.