കടം കയറി ആത്മഹത്യ ചെയ്തയാളിന്റെ ഭൂമിയില്‍ സിപിഎം കൊടികുത്തി; വില്‍പന നടത്താനാകാതെ കുടുംബം

കൊല്ലം: കടം കയറി ആത്മഹത്യ ചെയ്തയാളിന്റെ സ്ഥലം അവകാശികള്‍ വില്‍ക്കാനൊരുങ്ങിയപ്പോള്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ കൊടുംക്രൂരത. സ്ഥലത്ത് കൊടികുത്തിയും കുടില്‍ കെട്ടിയും സമരം ചെയ്താണ് കുടുംബത്തെ സിപിഎം ഉപദ്രവിക്കുന്നത്. വസ്തു വില്‍ക്കണമെങ്കില്‍ ഇവിടെ നേരത്തെയുണ്ടായിരുന്ന ഇഷ്ടികക്കമ്പനിയിലെ തൊഴിലാളികള്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്നാണു ആവശ്യം. കമ്പനി നടത്തിയിട്ടില്ലാത്തതിനാല്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന നിലപാടിലാണ് ഭൂവുടമ പിറവന്തൂര്‍ വെട്ടിത്തിട്ട വന്മല വെള്ളത്തറയില്‍ റുഖിയാ ബീവി.

നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും റൂറല്‍ എസ്പിക്കും ഇവര്‍ പരാതി നല്‍കി. മണ്‍റോത്തുരുത്തിലെ പട്ടംതുരുത്തില്‍ 1.33 ഏക്കര്‍ ഭൂമി 2000ലാണു കെ.എം.ഷെറീഫ് ഭാര്യ റുഖിയാ ബീവിയുടെ പേരില്‍ വിലയ്ക്കു വാങ്ങിയത്. ഇവിടെ മുന്‍ ഉടമ നടത്തിയിരുന്ന ഇഷ്ടികക്കമ്പനിയുടെ ബാധ്യതകളെല്ലാം തീര്‍ത്തിട്ടാണു വിലയാധാരം എഴുതിയതെന്നു റുഖിയാ ബീവി പറയുന്നു.

കമ്പനിയില്‍ നിന്ന് ഇഷ്ടിക മൊത്തമായി എടുത്തു ഷെറീഫ് കച്ചവടം നടത്തിയിരുന്നു. കടം കയറിയതോടെ 2001ല്‍ കമ്പനി പൂട്ടി. കടബാധ്യതയെ തുടര്‍ന്നു ഷെറീഫ് 2011ല്‍ ആത്മഹത്യ ചെയ്തു. കഴിഞ്ഞ വര്‍ഷം മകളുടെ വിവാഹം നടത്തിയതോടെ ഉണ്ടായ കടം വീട്ടാന്‍ വസ്തു പ്ലോട്ടുകളായി വില്‍ക്കാന്‍ തീരുമാനിച്ചു. ഒരു പ്ലോട്ട് വിറ്റപ്പോഴേക്കും സിപിഎം പ്രാദേശിക നേതാക്കളും ചില ഇടനിലക്കാരും രംഗത്തുവരികയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

മുന്‍പ് ഉണ്ടായിരുന്ന ഇഷ്ടികക്കമ്പനിയിലെ തൊഴിലാളികള്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്നും അതിനായി 5 ലക്ഷം രൂപ വേണമെന്നുമാണ് സിപിഎം ആവശ്യം. കടം കയറി ആത്മഹത്യ ചെയ്ത വ്യക്തിയുടെ കുടുംബത്തോട് കൊടുംക്രൂരതയാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. മകളുടെ വിവാഹം നടത്തിയതിന്റെ കടം വീട്ടാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതെ കുടുംബം ബുദ്ധിമുട്ട് അനുഭവിക്കുന്നതിനിടയിലാണ് സിപിഎം ക്രൂരത.

SHARE