അതിരപ്പിള്ളി പദ്ധതി; സര്‍ക്കാര്‍ നീക്കത്തിനെതിരെ സി.പി.ഐ

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ സി.പി.ഐയും അതിന്റെ യുവജന വിഭാഗമായ എ.ഐ.വൈ.എഫും രംഗത്ത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പല പഠന റിപ്പോര്‍ട്ടുകളിലും പദ്ധതി പരിസ്ഥിതിക്ക് വിനാശകരമാണെന്ന് വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ പദ്ധതി എല്‍.ഡി.എഫ് നയത്തിന് എതിരാണെന്നാണ് എ.ഐ.വൈ.എഫ് പറയുന്നത്. ജനവികാരത്തെ മറികടന്നുകൊണ്ട് പിടിവാശിയുടെ പേരില്‍ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് ശ്രമമെങ്കില്‍ അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് സജിലാല്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

തീരുമാനം കേരളത്തിന്റെ വികസനത്തിനോ ഭാവിക്കോ ഒട്ടും ഗുണകരമല്ലെന്നായിരുന്നു സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് അഞ്ച് കിലോമീറ്റര്‍ മുകളിലും വാഴച്ചാലിന് 400 മീറ്റര്‍ മുകളിലുമാണ് നിര്‍ദിഷ്ട അണക്കെട്ട്.അണക്കെട്ടിന് 23മീറ്റര്‍ ഉയരവും 311 മീറ്റര്‍ വീതിയുമുണ്ടാവും. 163 മെഗാവാട്ടാണ് ഉത്പാദനമാണ് ലക്ഷ്യം.

നേരത്തേ പലതവണ ഉപേക്ഷിച്ച പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കെ.എസ്.ഇ.ബിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. പദ്ധതി നടപ്പിലാക്കുന്നതിനുള്ള എന്‍.ഒ.സിയാണ് സര്‍ക്കാര്‍ കെ.എസ്.ഇ.ബിക്ക് നല്‍കിയത്. പദ്ധതിയുമായി മുന്നോട്ട് പോകണമെങ്കില്‍ പാരിസ്ഥിതിക അനുമതി അടക്കം വീണ്ടും വേണം. ഇതിനുവേണ്ടിയുള്ള നിര്‍ദ്ദേശം സമര്‍പ്പിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ എന്‍ ഒ സി വേണമെന്നാണ് കേന്ദ്ര വൈദ്യുതി അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനാണ് അനുമതി നല്‍കിയിരിക്കുന്നത്.

പദ്ധതിക്ക് നേരത്തേ ലഭിച്ച വനം വകുപ്പിന്റെയും പരിസ്ഥിതി വകുപ്പിന്റെയും അനുമതിയുടെ കാലാവധി 2017 ല്‍ കഴിഞ്ഞിരുന്നു . 2018 പദ്ധതിയില്‍ നിന്നും പിന്മാറുന്നതായി വൈദ്യുതി മന്ത്രി എംഎം മണി നിയമസഭയില്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പത്രിപക്ഷ നേതാവ് ചെന്നിത്തല വ്യക്തമാക്കി.

SHARE