ജയിലറകള്‍ക്കു തകര്‍ക്കാനാവാത്ത വീര്യം


സി.പി സൈതലവി
ആനയായും സിനിമയായും മലപ്പുറം വീണ്ടും ദേശീയവാര്‍ത്തകളില്‍ വന്നുനിറയുമ്പോള്‍ അതിലുംവലിയ പ്രകോപനത്തിന്റെ അഗ്നിനാളങ്ങളെ സ്‌നേഹത്തിന്റെ മന്ത്രധ്വനികളാല്‍ കെടുത്തിക്കളഞ്ഞ മഹാനായ മനുഷ്യന്‍ ഓര്‍മയുടെ മുറ്റത്തുവന്നു നില്‍ക്കുന്നു. ഇന്ന് ജൂലൈ ആറാണ്. പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ ചരിത്രത്തിലേക്ക് പിന്‍വാങ്ങിയിട്ട് നാല്‍പത്തഞ്ചു വര്‍ഷം.
മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ സംഘ്പരിവാര്‍ സംഘടനകളുടെ പിന്നണിയോടെ രാജ്യമാകെ തിരയടിക്കുംവിധം പ്രക്ഷോഭം നയിച്ച കെ. കേളപ്പന്‍ നേതൃത്വം നല്‍കിയ അനുബന്ധസമരമായിരുന്നു അങ്ങാടിപ്പുറം തളിക്ഷേത്ര വിഷയം. മലപ്പുറം ജില്ല നിലവില്‍ വന്നാല്‍ ക്ഷേത്രങ്ങള്‍ക്കു രക്ഷയുണ്ടാവില്ലെന്ന വ്യാജപ്രചാരണത്തിന് കൊഴുപ്പേകാന്‍ വിഷയം വര്‍ഗീയശക്തികള്‍ ഏറ്റുപിടിച്ചു. പ്രാചീനകാലത്തെ ക്ഷേത്രാവശിഷ്ടങ്ങളുണ്ടെന്ന് കേളപ്പനും സംഘവും പറഞ്ഞ സ്ഥലം നില്‍ക്കുന്നത് തൊട്ടടുത്ത മസ്ജിദിന്റെ മുഖമടച്ച്. ഭൂമിയിന്മേലും അതിരിന്മേലുമുള്ള അവകാശവാദങ്ങള്‍, തര്‍ക്കങ്ങള്‍. 1968 ഒക്ടോബര്‍ സമരത്തിന്റെ തീക്ഷ്ണകാലമായി. ഒട്ടേറെ ഭക്തന്മാരും സമരത്തിലണിചേര്‍ന്നു. വീറൊട്ടും കുറയാതെ മറുഭാഗവും. ആരോപണ പ്രത്യാരോപണങ്ങള്‍ക്കു ചൂടുപിടിച്ചു. പ്രശ്‌നം കൈവിട്ടുപോകും മുമ്പ് മുസ്‌ലിംലീഗ് അധ്യക്ഷന്‍ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖിതങ്ങളും പാണക്കാട് പൂക്കോയതങ്ങളും ഓടിയെത്തി. ഇരുവിഭാഗവുമായി നിരന്തരം ചര്‍ച്ചകള്‍. അയവില്ലാത്ത വാശി. ഒടുവില്‍ ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പിലും വലുതാണ് നാടിന്റെ ശാന്തിയും ഭദ്രതയുമെന്ന്, ക്ഷുഭിതരായി നില്‍ക്കുന്നവരുടെ നീരസം ഗൗനിക്കാതെ നേതാക്കള്‍ പ്രഖ്യാപിച്ചു. പൂക്കോയ തങ്ങള്‍ തര്‍ക്കഭൂമിയിലേക്ക് ചെന്ന് ക്ഷേത്രത്തിനുള്ള സ്ഥലം നിര്‍ണയിച്ചു നല്‍കി. അന്നത്തെ ജനസംഘം ഭാരവാഹിയും ഇപ്പോള്‍ ബി.ജെ.പി ദേശീയ നേതാവുമായ ഒ.രാജഗോപാല്‍ എഴുതി: അന്ന് പൂക്കോയ തങ്ങളുടെ നിലപാട് ഹിന്ദുസമൂഹം അവിടെ ഒരു ക്ഷേത്രം എന്നുപറഞ്ഞു നിര്‍മിക്കുകയാണെങ്കില്‍ അതിനെ എതിര്‍ക്കുന്നത് എന്തിന് എന്നായിരുന്നു. തദ്ദേശീയരുടെ വികാരങ്ങളെ മാനിക്കുന്ന സമീപനമാണ് പൂക്കോയ തങ്ങള്‍ സ്വീകരിച്ചത്. മലപ്പുറം ജില്ലയില്‍ അങ്ങാടിപ്പുറത്ത് അവിടത്തെ പ്രബല ശക്തിയായ മുസ്‌ലിംലീഗ് അങ്ങനെയൊരു സമീപനം സ്വീകരിച്ചതുകൊണ്ട് അവിടെ ക്ഷേത്രം നിര്‍മിക്കപ്പെട്ടു. സമാധാനാന്തരീക്ഷം നിലനിന്നു. വൈരത്തിന്റെയും ഏറ്റുമുട്ടലിന്റെയും സംഘര്‍ഷത്തിന്റെയും നിലപാടുകള്‍ക്ക് പകരം പരസ്പരം വികാരങ്ങള്‍ അറിഞ്ഞു സഹകരിച്ചുമുന്നോട്ടുപോകുന്ന സമീപനമാണ് പൂക്കോയ തങ്ങള്‍ സ്വീകരിച്ചത്. പിന്നീട് (2007 ആഗസ്ത് 31) ആ ക്ഷേത്രത്തിന്റെ ഗോപുര വാതില്‍ ചില ദുഷ്ട ശക്തികള്‍ തീവെക്കുകയുണ്ടായി. ആ സമയത്ത് ശിഹാബ് തങ്ങളാണ് അവിടെ ആദ്യം എത്തിയ നേതാവും. അദ്ദേഹം അവിടെ എത്തിയതും മതവികാരം വ്രണപ്പെട്ട ആളുകളെ ആശ്വസിപ്പിക്കാന്‍ മുന്നോട്ടു വന്നു എന്നതും വളരെ സ്വാഗതാര്‍ഹമായ സമീപനമാണ്”
മലപ്പുറം കുന്നുമ്മലില്‍ നഗരസഭ പൊന്നുംവിലക്കെടുത്ത സ്ഥലത്ത് ഓഫീസ് നിര്‍മാണ പദ്ധതി ആരംഭിച്ചപ്പോള്‍ പത്രങ്ങളുണ്ടാക്കിയ വിവാദത്തിന്റെ പേരില്‍ ചര്‍ച്ചിന്റെ സ്ഥലം തിരിച്ചുതരണം, പണം മടക്കി നല്‍കാം എന്ന ക്രൈസ്തവ സമൂഹത്തിന്റെ ആവശ്യം പരിഹരിച്ചതും പൂക്കോയ തങ്ങളുടെ ഇവ്വിധമൊരു ഇടപെടലായിരുന്നു. കോഴിക്കോട് ബിഷപ്പ് പാണക്കാട്ട് ചെന്ന് തങ്ങളെ കണ്ടത് പ്രശ്‌നം പരിഹരിക്കാനായില്ലെങ്കിലും സമുദായത്തിന്റെ വികാരമറിയിക്കാം എന്ന ചിന്തയോടെയായിരുന്നു. പക്ഷേ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി ടെന്റര്‍ വിളിച്ച് നിര്‍മാണത്തിലേക്ക് നീങ്ങിയതാണെങ്കിലും പദ്ധതി ഉപേക്ഷിച്ച്, സ്ഥലം മടക്കി നല്‍കാന്‍ ചെയര്‍മാന്‍ ഡോ. എം.അബൂബക്കറിന് തങ്ങള്‍ നിര്‍ദേശം നല്‍കി. കുരുക്കുകളഴിച്ച് സൗഹൃദം സ്ഥാപിക്കാന്‍ തങ്ങളുടെ സാന്നിധ്യത്തില്‍ ഭരണ, പ്രതിപക്ഷ ഭേദമന്യെ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തു, മലപ്പുറത്ത് ക്രൈസ്തവ ജനസംഖ്യ ഒരു ശതമാനമായിരിക്കാം. പക്ഷേ അവരുടെ മനസ്സുവേദനിപ്പിക്കുന്ന നടപടി ഏത് കരാറിന്റെ പേരിലായാലും ഉണ്ടായിക്കൂടാ എന്നതായിരുന്നു പൂക്കോയ തങ്ങളുടെ പക്ഷം.
ആത്മീയനേതാവിനു രാഷ്ട്രീയത്തിലെന്തുചെയ്യാന്‍ കഴിയും എന്നു സന്ദേഹിച്ചവര്‍ക്കുമുന്നില്‍ ന്യായാന്യായങ്ങള്‍ക്കുവേര്‍തിരിവില്ലാതെ നീങ്ങുന്ന രാഷ്ട്രീയപരിസരത്തിനു നന്മയുടെയും സത്യത്തിന്റെയും ആത്മീയ ഭാവം പകരാന്‍ സാധിക്കുമെന്ന് പൂക്കോയ തങ്ങള്‍ ജീവിതവും കര്‍മവും കൊണ്ട് തെളിയിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഗാന്ധിമാര്‍ഗം പോലെ.
1967 ല്‍ മുസ്‌ലിംലീഗിന്റെ കേരളത്തിലെ ആദ്യ മന്ത്രിസഭാ പ്രവേശസന്ദര്‍ഭം. എം.പി.എം അഹമ്മദ് കുരിക്കള്‍ എന്ന ബാപ്പു കുരിക്കള്‍ തിരുവനന്തപുരത്തേക്ക് സത്യപ്രതിജ്ഞക്കു പുറപ്പെടുമ്പോള്‍ യാത്രയയക്കാന്‍ പൂക്കോയ തങ്ങള്‍ മഞ്ചേരിയില്‍ എത്തി. കാറില്‍ കുത്താനുള്ള ഹരിതപതാക കൈമാറിയ തങ്ങള്‍ കുരിക്കളുടെ തലയില്‍ കൈവെച്ചുകൊണ്ട് ആശീര്‍വദിച്ചു. ”ബാപ്പു, സത്യസന്ധമായി മാത്രം പ്രവര്‍ത്തിക്കുക. അധികാരം ജനങ്ങള്‍ക്കുള്ളതാണ്. പാവപ്പെട്ടവരെ സഹായിക്കുക.” ഈ രാഷ്ട്രീയ സത്യസന്ധതയാണ് ജീവിതമുടനീളം തങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതും അനുയായികളെ ഉപദേശിച്ചതും.
1917 ല്‍ ജനിച്ച് പതിനേഴാം വയസ്സില്‍ 1934 ലെ സെന്‍ട്രല്‍ അസംബ്ലി തെരഞ്ഞെടുപ്പ് മുതല്‍ സജീവ രാഷ്ട്രീയത്തിലിറങ്ങുകയും അതോടൊപ്പം സമുദായത്തിന്റെ ആത്മീയ ചൈതന്യമായി നിലകൊള്ളുകയും ചെയ്ത പൂക്കോയ തങ്ങള്‍ എന്ന വ്യക്തിത്വം നേടിയത് പോലെ ഒരു സമ്പൂര്‍ണ ജനസ്വാധീനം മറ്റൊരു രാഷ്ട്രീയ നേതാവിനും സ്വദേശത്ത് കിട്ടിക്കാണില്ല. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ അനുയായിയായി ആത്മസുഹൃത്തും സഹപ്രവര്‍ത്തകനുമായ ടി.എം ഇസ്ഹാഖ് മൗലവിക്കൊപ്പം പ്രവര്‍ത്തിച്ച കൗമാരകാലം. ലെറ്റര്‍ ഹെഡില്‍ ത്രിവര്‍ണ പതാക അച്ചടിച്ച ആവേശം തുളുമ്പുന്ന ദേശീയപ്രസ്ഥാന പ്രവര്‍ത്തകന്‍. 1937 ലെ നിയമസഭാ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് രംഗം വിട്ടു. പ്രിയ സുഹൃത്ത് ചാക്കീരി അഹമ്മദ് കുട്ടിയുടെ പ്രേരണയും സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ ഉപദേശവുമായി 1939 ല്‍ മുസ്‌ലിംലീഗിലെത്തി. മതരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മലപ്പുറം മേഖലയില്‍ മുസ്‌ലിംലീഗിന്റെ സൗമ്യസംഘാടകനുമായി.
പക്ഷേ, 1947 ലെ വിഭജനാനന്തരകാലം മുസ്‌ലിംലീഗില്‍ പ്രവര്‍ത്തിക്കുന്നത് അപകടകരമാകുമെന്നുകരുതി സമ്പന്നരും മദ്രാസ് അസംബ്ലിയില്‍ എം.എല്‍.എ മാരായിരുന്നവര്‍ പോലും രാഷ്ട്രീയം ഉപേക്ഷിച്ചപ്പോള്‍ പൂക്കോയ തങ്ങള്‍ പാര്‍ട്ടി സംഘടിപ്പിക്കാന്‍ ധീരനായി മുന്നിട്ടിറങ്ങി. പൊലീസ് നടപടികളെ ഭയക്കാതെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ സന്ദേശ പ്രചാരകനായി. സാധാരണക്കാരായ പ്രവര്‍ത്തകരില്‍ ആത്മധൈര്യം പകര്‍ന്നു. അവരോടൊപ്പം സഞ്ചരിച്ചു.
മുസ്‌ലിംലീഗിനുനേര്‍ക്കു നിരോധനത്തിന്റെ നിഴല്‍വീണ 1948 ലെ ഹൈദരാബാദ് ആക്ഷനില്‍ പൂക്കോയ തങ്ങളും സഹപ്രവര്‍ത്തകരും ജയിലിലടക്കപ്പെട്ടു. ഇ.എസ്.എം ഹനീഫ ഹാജി, എം.പി.എം ഹസ്സന്‍കുട്ടി കുരിക്കള്‍, എന്‍.വി അബ്ദുസ്സലാം മൗലവി, എം.എം കോയ, പെരൂല്‍ അഹമ്മദ് സാഹിബ്, നീലാമ്പ്ര മരക്കാര്‍ ഹാജി, കെ മമ്മദ് കുട്ടി ഹാജി തുടങ്ങിയവര്‍ക്കൊപ്പം അനിശ്ചിതമായ ജയില്‍ വാസം. പതിനേഴാം ദിവസമാണ് മോചിതനായത്. ഏറനാട് താലൂക്ക് മുസ്‌ലിംലീഗ് പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, മലപ്പുറം ജില്ലാ പ്രസിഡന്റ്, ബാഫഖി തങ്ങള്‍ അന്തരിച്ച ഒഴിവില്‍ 1973 ഫെബ്രുവരി 25 ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പദവികളിലെത്തി. സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റും നൂറുകണക്കിന് മഹല്ലുകളുടെ ഖാസിയുമായിരുന്നു. ചന്ദ്രികയുടെ മാനേജിങ് ഡയറക്ടറും ജാമിഅ നൂരിയ്യയുടെ സ്ഥാപക സെക്രട്ടറിയും മമ്പാട് എം.ഇ.എസ് കോളജ് കമ്മിറ്റിയുടെ പ്രസിഡന്റും. പരശ്ശതം പള്ളികളും സ്‌കൂളുകളും മദ്രസ്സകളും അനാഥാലയങ്ങളും സ്ഥാപിക്കുന്നതിന് മുന്നിട്ടിറങ്ങി.
ബാഫഖി തങ്ങള്‍ക്കു ശേഷമുണ്ടായ നിര്‍ണായക പ്രതിസന്ധിഘട്ടത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ ബഹുജനാടിത്തറക്കു ഒരു പോറലുമേല്‍ക്കാതെ സുഭദ്രമായി നിലനിര്‍ത്താന്‍ സി.എച്ച് മുഹമ്മദ് കോയ സാഹിബിനൊപ്പം പൂക്കോയ തങ്ങള്‍ നടത്തിയ വിശ്രമരഹിതമായ പ്രവര്‍ത്തനം ചരിത്രത്തില്‍ രേഖപ്പെട്ടതാണ്. പൂക്കോയ തങ്ങളുടെ ആരോഗ്യം ക്ഷയിപ്പിച്ചതും ഈ സന്നിഗ്ദഘട്ടത്തിലെ കഠിനപ്രയത്‌നങ്ങളായിരുന്നു.
രാജ്യത്ത് ഫാസിസ്റ്റ്ശക്തികള്‍ അധികാരം ലക്ഷ്യമിടുന്നതിന്റെ ആദ്യസൂചനകള്‍ പ്രകടമായ 1974 ലെ ആര്‍.എസ്.എസ്, ആനന്ദമാര്‍ഗ് കൂട്ടുകെട്ടിലേക്ക് കോണ്‍ഗ്രസ്സ് വിരോധം മൂത്ത് മാര്‍ക്‌സിസ്റ്റ് മുന്നണിയും നീങ്ങുന്ന സന്ദര്‍ഭത്തില്‍ കേരളത്തില്‍ അച്യുതമേനോന്റെ നേതൃത്വത്തിലെ ഐക്യകക്ഷി മന്ത്രിസഭ വീഴാതെ സുരക്ഷിതമാക്കുക എന്ന കാവല്‍ദൗത്യമാണ് പൂക്കോയ തങ്ങള്‍ നിര്‍വഹിച്ചത്. അടിയന്തരാവസ്ഥയെ തുടര്‍ന്ന് 1977 ലെ തെരഞ്ഞെടുപ്പില്‍ രാജ്യമാകെ കോണ്‍ഗ്രസ് വിരുദ്ധ തരംഗം അലയടിക്കുകയും കേന്ദ്രത്തില്‍ ജനസംഘം ഉള്‍പ്പെട്ട ജനതാ സര്‍ക്കാര്‍ ആദ്യമായി അധികാരമേല്‍ക്കുകയും ചെയ്തപ്പോള്‍ കേരളം വേറിട്ടുനിന്നു. അന്നു കേരളത്തിലേക്ക് സംഘ്പരിവാര്‍സ്വരമുള്ള ജനതാതരംഗം പ്രവേശിക്കാതെ തടഞ്ഞത് ഐക്യമുന്നണിയില്‍ മുസ്‌ലിംലീഗ് പകര്‍ന്ന ബഹുജനശക്തിയുടെ കരുത്തുകൊണ്ടുകൂടിയാണ്. 1974 ലെ രാഷ്ട്രീയ ഭിന്നതകളില്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ തകര്‍ന്നിരുന്നുവെങ്കില്‍ ജനാധിപത്യകക്ഷികള്‍ ദുര്‍ബലപ്പെട്ട് സംഭവിക്കാമായിരുന്ന അപകടത്തില്‍നിന്നും കേരളത്തെ രക്ഷിച്ചതും ഇന്നും ഫാസിസത്തിനു കയറിപ്പറ്റാനാവാത്ത ബാലികേറാമലയായി കേരളം ഉറച്ചു നില്‍ക്കുന്നതും അന്ന് പൂക്കോയ തങ്ങള്‍ കൈകൊണ്ട ധീരമായ രാഷ്ട്രീയ നിലപാടുകളുടെ ഫലസിദ്ധിയാണ്.
ദൂരവ്യാപകമായ ഫാസിസ്റ്റ് ഭീഷണിയെ ഗൗരവപൂര്‍വമായികണ്ട് ജനാധിപത്യ ചേരിയെ ബലപ്പെടുത്തുക എന്ന ആ രാഷ്ട്രീയലൈന്‍ ആണ് അദ്ദേഹത്തിന്റെ പിന്‍ഗാമികളായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും തുടര്‍ന്നത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട വേളയില്‍ കൈക്കൊണ്ട രാഷ്ട്രീയ നിലപാടും ആ ഘട്ടത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ടാക്കിയെങ്കിലും അധികാരമേറുന്ന ഫാസിസം ഒരു യാഥാര്‍ഥ്യമാകുകയും പില്‍ക്കാലമത് ഭീകരരൂപം പ്രാപിക്കുകയും ചെയ്തപ്പോള്‍ നേതാക്കള്‍ കൈക്കൊണ്ട ദീര്‍ഘ വീക്ഷണപരമായ നയസമീപനങ്ങളുടെ പ്രസക്തി പൊതുമണ്ഡലത്തിനും ബോധ്യപ്പെട്ടു. ഈ നയനിലപാടുകളുടെ സുതാര്യതകൊണ്ടുതന്നെ പില്‍ക്കാലം സംഘടനയില്‍ പുനരേകീകരണവും ഐക്യവും സാധ്യമാകുകയും ചെയ്തു.
അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും കറയറ്റ ഭക്തിയും അന്വേഷിച്ചാര്‍ജ്ജിച്ച അറിവും പൂക്കോയതങ്ങളിലെ ആദര്‍ശ സ്ഥൈര്യത്തിന്റെ അടിത്തറയാണ്. പ്രവാചക പാരമ്പര്യത്തിന്റെ ജീവിതനന്മകളും രാജ്യത്തിനും ജനങ്ങള്‍ക്കുമായി സമര്‍പ്പിക്കാനുള്ള സന്നദ്ധതയും പാണക്കാട് പൂക്കോയ തങ്ങള്‍ എന്ന മാതൃകാനേതൃത്വത്തിന്റെ കാതലാണ്. പൂക്കോയതങ്ങളുടെ ലക്ഷ്യവും മാര്‍ഗവും വിശുദ്ധമായതിന്റെ പ്രതീകമാണ് മക്കള്‍ അഞ്ചുപേരും പൗത്രപരമ്പയും ജനപ്രിയരായി സേവനപാതയില്‍ കര്‍മനിരതരായി ജ്വലിച്ചുനില്‍ക്കുന്നത്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നീ അഞ്ചുവിളക്കുകള്‍ കത്തിച്ചുവെച്ചാണ് പൂക്കോയ തങ്ങള്‍ പോയത് എന്ന് പറഞ്ഞതിന്റെ പൊരുള്‍.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് സൈനിക ശക്തിക്കെതിരെ പടനയിച്ചതിനു മരണപര്യന്തം നാടുകടത്തപ്പെട്ട പാണക്കാട് സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങളുടെ വീരപൗരുഷമാര്‍ജിച്ച ഈ പൗത്രനില്‍ ആദര്‍ശപാതയിലെ കയ്യാമങ്ങളും ജയില്‍വാസവും ഭീഷണികളും ഭയം ജനിപ്പിച്ചിട്ടില്ല. ആ ആദര്‍ശ സ്ഥൈര്യമാണ് ജനമനസ്സില്‍ നാലര പതിറ്റാണ്ടു കഴിഞ്ഞിട്ടും കെടാതെ നില്‍ക്കുന്ന ഓര്‍മയായി പൂക്കോയ തങ്ങള്‍ വന്നു നിറയുന്നതും തലമുറകളില്‍ ആവേശ ജ്വാലകളായുണരുന്നതും.

SHARE