മൃതദേഹത്തിലൂടെ കോവിഡ് പകരുമോ?


കോവിഡ് സമൂഹത്തിലുണ്ടാക്കിയ ഭീതി ചെറുതല്ല എന്നു നമുക്കറിയാം. ഭീതി കാരണം കഴിഞ്ഞ ദിവസം കോട്ടയത്ത് കോവിഡ് ബാധിച്ചു മരിച്ച ആളുടെ സംസ്‌കാരം പോലും തടഞ്ഞ സംഭവമുണ്ടായി. എന്നാല്‍ വിവേക ശൂന്യവും അടിസ്ഥാന രഹിതവുമായ ആശങ്കകളാണ് ഇതിനു പിന്നിലെന്നാണ് വിദഗ്ധാഭിപ്രായം.

മരിച്ചവരില്‍ നിന്ന് കോവിഡ് പകരില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്തെന്നാല്‍ ചുമ,സ്പര്‍ശനം എന്നിവയിലൂടെയാണ് വൈറസ് പുറത്തേക്കു വരുന്നത്. മരിച്ച ഒരാളെ സംബന്ധിച്ച് അത് രണ്ടും സാധ്യമല്ലല്ലോ. സ്വതന്ത്രമായി പുറത്തേക്കുവന്ന് മറ്റൊരാളില്‍ പ്രവേശിക്കാന്‍ വൈറസിന് കഴിയില്ല. കോവിഡ് മാനദണ്ഡങ്ങള്‍പാലിച്ച് സ്രവങ്ങള്‍ പുറത്തുവരാത്തരീതിയില്‍ മുഖം മാത്രം കാണിച്ചാണ് മൃതദേഹങ്ങള്‍ വിട്ടുനല്‍കുന്നത്.

മൃതദേഹം ദഹിപ്പിക്കുമ്പോള്‍ അന്തരീക്ഷത്തിലൂടെ വരുന്ന പുകയിലൂടെയും കോവിഡ് പകരില്ല. ഉയര്‍ന്ന താപനിലയില്‍ വൈറസിന് നില്‍ക്കാന്‍ പറ്റാത്തതാണ് കാരണം. ദഹിപ്പിക്കുമ്പോള്‍ 800 മുതല്‍ 1000 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഉഷ്മാവ്.

അതുപോലെ മറ്റൊരു തെറ്റിദ്ധാരണയാണ് മണ്ണില്‍ അടക്കം ചെയ്ത ആളില്‍ നിന്ന് കോവിഡ് പകരുമെന്നത്. കോവിഡ് ശവസംസ്‌കാര മാനദണ്ഡങ്ങള്‍ പാലിച്ച് ആഴത്തിലുള്ള കുഴികളില്‍ ബ്ലീച്ചിങ് പൗഡറും അണുനശീകരണ ദ്രാവകങ്ങളും ഉപയോഗിച്ച് പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞാണ് അടക്കം ചെയ്യുന്നത്. അതിനാല്‍ തന്നെ പകരില്ല. മാത്രമല്ല, ഇത് അടുത്തുള്ള കുളം, കിണറുകള്‍ക്കു വരെ ദോഷം ചെയ്യുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. അതും ശരിയല്ല. വൈറസ് മൃതശരീരത്തില്‍ കൂടിപ്പോയാല്‍ രണ്ടു ദിവസമേ കാണൂ. ശരീരം ജീര്‍ണിച്ചു മണ്ണില്‍ ലയിക്കണമെങ്കില്‍ ദിവസങ്ങളുടെ സമയമെടുക്കും. അപ്പോഴേക്ക് വൈറസ് നശിച്ചിട്ടുണ്ടാകും.

ആകയാല്‍ മൃതദേഹത്തില്‍ നിന്നല്ല രോഗം വരുന്നത്. രോഗബാധിതരായ ആളുകള്‍ ചടങ്ങുകളില്‍ പങ്കെടുക്കുകയും സാമൂഹികഅകലം പാലിക്കാതെ അവരുമായുള്ള സമ്പര്‍ക്കം വഴിയും രോഗമാണ് രോഗ വ്യാപനം ഉണ്ടാകുന്നത്.

SHARE