നാട്ടില്‍ കറങ്ങിനടന്ന കോവിഡ് രോഗിയെ കൈയോടെ പിടികൂടി; മെഡിക്കല്‍ കോളജിലാക്കി ആരോഗ്യവകുപ്പ്


കോട്ടപ്പാടി: നാട്ടില്‍ കറങ്ങി നടന്ന കൊറോണ രോഗിയെ കയ്യോടെ പിടികൂടി മെഡിക്കല്‍ കോളജിലാക്കി ആരോഗ്യവകുപ്പ്. കോതമംഗലം കോട്ടപ്പടിയില്‍ നിന്നാണ് തമിഴ്നാട് സ്വദേശിയായ ഇയാളെ ആരോഗ്യവകുപ്പ് പിടികൂടിയത്. തമിഴ്‌നാട്ടില്‍ വച്ചു രോഗം സ്ഥിരീകരിച്ച ഇയാള്‍ ക്വാറന്റൈനില്‍ കഴിയാതെ അത് മറിച്ചുവെച്ച് കോതമംഗലത്ത് എത്തുകയായിരുന്നു. ആരോഗ്യവകുപ്പ് കളമശേരി മെഡിക്കല്‍ കോളജിലേക്കാണ് ഇയാളെ മാറ്റിയിരിക്കുന്നത്.

ബുധനാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. വാളയാറില്‍ നിന്നും ബസ് മാര്‍ഗമാണ് ഇയാള്‍ കോട്ടപടിയിലെത്തിയതെന്നാണ് സൂചന. മുന്‍പ് ഇയാള്‍ കോട്ടപ്പടിയില്‍ ജോലി ചെയ്തിരുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയിരുന്ന ഇയാള്‍ വീണ്ടും തിരികെ എത്തുകയായിരുന്നു. തമിഴ്‌നാട്ടില്‍ വച്ച് രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും അവിടെ നിന്നും കടന്ന് കളയുകയായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.

കൊറോണ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. കോതമംഗലത്ത് എത്തുന്നതിന് മുന്‍പ് നേരത്തെ താമസിച്ചിരുന്ന സ്ഥലത്തും കോട്ടപടിയിലെ കടകളിലും ഇയാള്‍ സന്ദര്‍ശനം നടത്തിയതായാണ് വിവരം. ഇയാളുടെ സമ്ബര്‍ക്ക പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി വരികയാണ്. കോട്ടപടിയിലും പരിസര പ്രദേശങ്ങളിലും ഫയര്‍ഫോഴ്‌സ് അണുനശീകരണം നടത്തി. ഇവിടെ ആരോഗ്യവകുപ്പ് കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

SHARE