രാജ്യത്ത് 24 മണിക്കൂറിനിടെ 9851 കോവിഡ് കേസുകളും 273 മരണവും


രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 9851 പോസിറ്റീവ് കേസുകളും 273 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര അടക്കം അഞ്ച് സംസ്ഥാനങ്ങളിലാണ് 83 ശതമാനം മരണവും.

മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നാണ് ഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്നാട്ടില്‍ കൊവിഡ് കേസുകള്‍ 28000 പിന്നിട്ടു. 24 മണിക്കൂറിനിടെ 1438 പുതിയ കേസുകളും 12 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ പോസിറ്റീവ് കേസുകള്‍ 28,694 ഉം മരണം 232 ഉം ആയി. ചെന്നൈയില്‍ മാത്രം രോഗം പിടിപ്പെട്ടത് 19815 പേര്‍ക്കാണ്.

മൂന്ന് ജഡ്ജിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മദ്രാസ് ഹൈക്കോടതി ഈമാസം 30 വരെ അടച്ചിടാന്‍ തീരുമാനിച്ചു. ജഡ്ജിമാര്‍ ഔദ്യോഗിക വസതിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ സിറ്റിംഗ് നടത്തും. ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ 26000 വും മരണം എഴുനൂറും കടന്നു. 24 മണിക്കൂറിനിടെ 1330 പോസിറ്റീവ് കേസുകളും 25 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രികളില്‍ കിടക്കകളുടെ ദൗര്‍ലഭ്യമെന്ന പരാതികള്‍ ഡല്‍ഹി സര്‍ക്കാര്‍ നിഷേധിച്ചു.5000 കിടക്കകള്‍ തയാറാക്കി വച്ചിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു.

ഗുജറാത്തില്‍ ആകെ പോസിറ്റീവ് കേസുകള്‍ 19200 ഉം മരണം 1190ഉം ആയി.

SHARE