കോവിഡ്; യു.എസിലും യു.കെയിലുമായി 27 ലക്ഷം പേര്‍ മരിക്കുമെന്ന് പഠനം

ലണ്ടന്‍: കാര്യക്ഷമമായ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ കോവിഡ്19 അമേരിക്കയിലും ബ്രിട്ടനിലും വന്‍നാശം വിതക്കുമെന്ന് പഠനം. അമേരിക്കയില്‍ 22 ലക്ഷം പേരുടെയും ബ്രിട്ടനില്‍ അഞ്ചു ലക്ഷം പേരുടെയും ജീവന്‍ നഷ്ടമാകും എന്നാണ് പഠനത്തില്‍ പറയുന്നത്. ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ മാത്തമാറ്റികല്‍ ബയോളജി പ്രൊഫസര്‍ നീല്‍ ഫെര്‍ഗൂസണിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. പ്രധാനമായും ഇറ്റലിയില്‍നിന്നുള്ള കണക്കുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണ്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കി. ആളുകളുടെ ഒത്തുചേരല്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയകള്‍ ഒഴിച്ചുള്ളവ ഒഴിവാക്കാനും ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഠിനമായ സമയമാണ് മുന്നിലുള്ളത് എന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ ആഗോള ആരോഗ്യ വിദഗ്ദ്ധന്‍ ടിം കോല്‍ബോണ്‍ പറഞ്ഞു.

SHARE