കോവിഡ് കാലത്തും വളരെ അലംബാവത്തോടെ എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷ; രക്ഷിതാക്കളും വിദ്യാര്‍ഥികളും ഒരുപോലെ വലഞ്ഞു


മലപ്പുറം: കേരള എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ നടത്തിപ്പ് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ വലച്ചു. ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പരീക്ഷയില്‍ പങ്കെടുക്കാന്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നും വന്നവരെയാണ് കൂടുതല്‍ വലച്ചത്. കോവിഡ് പ്രോട്ടോക്കോളും മറ്റു നിയമങ്ങളും കൂടിയായപ്പോള്‍ ഉച്ച ഭക്ഷണം കഴിക്കാന്‍ പോലും പലരും മഴയത്തു മരച്ചുവടുകളില്‍ അഭയം തേടി.

വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് റൂമടക്കമുള്ള സൗകര്യങ്ങള്‍ ചെയ്തു നല്‍കിയില്ല. ശൗചാലയ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ വലഞ്ഞു. പുരുഷന്മാര്‍ അടുത്തുള്ള കുറ്റിക്കാടുകളില്‍ പോയാണ് ബാത്‌റൂം സൗകര്യങ്ങള്‍ നിര്‍വഹിച്ചത്.

പരീക്ഷാ സമയത്ത് രക്ഷിതാക്കളെ കോമ്പൗണ്ടിനകത്തേക്ക് പ്രവേശിപ്പിക്കാതിരുന്നതിനാല്‍ പുറത്തു നിന്ന മഴ നനയേണ്ടി വന്നു. കോവിഡ് സാമൂഹ്യ വ്യാപനം നടന്ന പൊന്നാനിയില്‍ നിന്നുപോലും കുട്ടികള്‍ രക്ഷിതാക്കള്‍ക്കൊപ്പം പരീക്ഷക്കെത്തിയിട്ടുണ്ട് എന്നതും വലിയ ഭീതി പരത്തുന്നുണ്ട്. രൂക്ഷമായ ഈ കോവിഡ് കാലത്തു ഇത്ര ഉദാസീനമായി പരീക്ഷ നടത്തിയതില്‍ വലിയ സുരക്ഷാ വീഴ്ചയും ഉണ്ടായിട്ടുണ്ട് എന്ന് രക്ഷിതാക്കള്‍ പറയുന്നു .