ചൈനയില്‍ വീണ്ടും കോവിഡ്; പത്തു മേഖലകളില്‍ ലോക്ഡൗണ്‍


ബീജിങ്: ചൈനയിലെ ബീജിങ്ങില്‍ വീണ്ടും കൊവിഡ് വ്യാപനം. ഇവിടെ പത്ത് മേഖലകളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ബീജിങ്ങിലെ രണ്ട് മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് വൈറസ് വ്യാപനം ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഹൈദിയാനില്‍ ഭക്ഷ്യ മാര്‍ക്കറ്റില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മാര്‍ക്കറ്റിന് സമീപത്തുള്ള സ്‌കൂളുകള്‍ അടച്ചു. നേരത്തെ സിന്‍ഫാദി മാര്‍ക്കറ്റിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ബീജിങ്ങില്‍ ഇന്ന് മാത്രം 36 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയില്‍ മാത്രം 49 കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 75 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതൊരു രണ്ടാം ഘട്ട വ്യാപനത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയും ചൈനിയലെ ദേശീയ ആരോഗ്യ അധികൃതര്‍ പങ്കുവെക്കുന്നുണ്ട്. മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് ഇടപഴകിയ മുഴുവന്‍ ആളുകളെയും പരിശോധിക്കാനാണ് ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി 10000 ടെസ്റ്റുകള്‍ ഇന്നലെ മാത്രം നടത്തിയിരുന്നു.

SHARE