കോവിഡിനെതിരെ വാക്‌സിന്‍ കണ്ടെത്തിയെന്ന് ഇറ്റാലിയന്‍ ഗവേഷകര്‍

റോം: ഇസ്രയേലിനു പിന്നാലെ കൊറോണ വൈറസിനെതിരെ വാക്‌സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി ഇറ്റലിയും രംഗത്ത്. പുതിയതായി വികസിപ്പിച്ച മരുന്ന് എലികളില്‍ പരീക്ഷിച്ച് വിജയിച്ചെന്നും കോശങ്ങളില്‍ വാക്‌സിന്‍ ആന്റിബോഡികള്‍ നിര്‍മ്മിച്ച് കൊറോണ വൈറസിനെ നിര്‍വീര്യമാക്കിയെന്നും ഗവേഷകര്‍ വ്യക്തമാക്കിയതായി ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി അന്‍സ റിപ്പോര്‍ട്ട് ചെയ്തു.

റോമിലെ സ്പല്ലാന്‍സാനി ആശുപത്രിയിലായിരുന്നു വാക്‌സിന്‍ പരീക്ഷണമെന്നാണ് ഇറ്റലി അറിയിക്കുന്നത്. വേനല്‍ക്കാലത്തിന് ശേഷം മനുഷ്യരില്‍ നേരിട്ട് പരീക്ഷിക്കുമെന്നും വാക്‌സിന്‍ വികസിപ്പിച്ച ‘ടാകിസ്’ സ്ഥാപനത്തിന്റെ സിഇഒ ല്യൂഗി ഔറിസിചിയോ വ്യക്തമാക്കി.

കൊറോണ വൈറസിനെതിരെ പ്രതിരോധമരുന്ന് കണ്ടെത്തിയതായി ഇസ്രയേലും അവകാശപ്പെട്ടിരുന്നു. വൈറസിനെ പ്രതിരോധിച്ച് നശിപ്പിക്കുന്ന ആന്റിബോഡി കണ്ടെത്തിയെന്നായിരുന്നു ഇസ്രയേലിന്റെ അവകാശവാദം. പ്രധാനമന്ത്രിയുടെ ഓഫീസിനു കീഴിലുള്ള ഇസ്രയേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ റിസര്‍ച്ച് ആണ് മരുന്ന് കണ്ടെത്തിയത്. ഇസ്രയേല്‍ പ്രതിരോധമന്ത്രി നാഫ്റ്റലി ബെന്നറ്റ് ആണ് വിവരം അറിയിച്ചത്. നെസ്സ് സിയോണയിലുള്ള രഹസ്യ റിസര്‍ച്ച് സെന്ററിലായിരുന്നു മരുന്ന് കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങള്‍ നടന്നത്.

SHARE