കേരളത്തില്‍ അതിതീവ്ര കോവിഡ് ഉണ്ടായേക്കാം; കൂടുതല്‍ പഠനങ്ങള്‍ വേണമെന്ന് വിദഗ്ധര്‍

കോവിഡ് വ്യാപനത്തിന്റെ പുതിയ ഘട്ടത്തില്‍ സംസ്ഥാനത്ത് ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസിന്റെ ആക്രമണമുണ്ടായേക്കാമെന്നും കൂടുതല്‍ പഠനങ്ങള്‍ വേണമെന്നും വിദഗ്ധര്‍. മഴ തുടങ്ങിയതോടെ അന്തരീക്ഷ ഊഷ്മാവ് കുറയുന്നതും രോഗവ്യാപനം കൂട്ടിയേക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

വയനാട്ടില്‍ ചെന്നൈയില്‍നിന്ന് വന്ന ഒരേയൊരു രോഗിയില്‍നിന്ന് 15 പേരിലേക്കാണു കോവിഡ് പകര്‍ന്നത്. കാസര്‍കോട്, മുംബൈയില്‍നിന്നെത്തിയ ആളില്‍നിന്ന് 5 പേരിലേക്കും പകര്‍ന്നു. വൈറസിനു ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടാകാമെന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നാണ് വിദഗ്ധരുടെ നിഗമനം.രോഗബാധിതരുമായി നേരിട്ട് ബന്ധമില്ലാത്ത ഇടുക്കിയിലെ ബേക്കറിയുടമയ്ക്ക് രോഗം സ്ഥിരീകരിച്ചതും സമൂഹത്തില്‍ അറിയപ്പെടാത്ത രോഗബാധിതരുണ്ടാകാനുളള സാധ്യത കൂട്ടുന്നു. പാലക്കാട്, കാസര്‍കോട്, ഇടുക്കി തുടങ്ങിയ അതിര്‍ത്തി ജില്ലകളിലെ രോഗബാധ വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു. അതുകൊണ്ടുതന്നെ കടുത്ത ശ്വാസകോശ രോഗമുളളവരെയും പനി തുടങ്ങിയ ലക്ഷണങ്ങളുളളവരെയും കൂടുതലായി പരിശോധിക്കണമെന്നാണ് ആവശ്യമുയരുന്നത്.

SHARE