സെപ്തംബര്‍ മധ്യത്തോടെ കേരളത്തില്‍ കോവിഡ് വ്യാപനം കുറയുമെന്ന് വിദഗ്ധസമിതി

തിരുവനന്തപുരം: സെപ്തംബര്‍ പകുതിയോടെ കേരളത്തിലെ കോവിഡ് വ്യാപനം കുറഞ്ഞു തുടങ്ങുമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി അധ്യക്ഷന്‍ ഡോക്ടര്‍ ബി ഇക്ബാല്‍. സര്‍ക്കാര്‍ നടപടികളും കേരളത്തിലെ വ്യാപന പ്രവണതയും വിലയിരുത്തിയാണ് ഡോ ബി ഇക്ബാലിന്റെ കുറിപ്പ്. എന്നാല്‍ ആരോഗ്യമേഖലയില്‍ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ട്. അതേസമയം, ഈ മാസം അവസാനത്തോടെ കേസുകള്‍ പാരമ്യത്തിലെത്തുന്നത് മുന്നില്‍ക്കണ്ട് നടപടികള്‍ ശക്തമാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.

ഇപ്പോഴും നിയന്ത്രണത്തില്‍ തന്നെയെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്ന സംസ്ഥാനത്തെ കോവിഡ് വ്യാപന പ്രവണത വിലയിരുത്തിയാണ്, സെപ്തംബര്‍ മധ്യത്തോടെ വ്യാപനനിരക്ക് കുറഞ്ഞു തുടങ്ങാമെന്ന വിലയിരുത്തല്‍ ഡോ. ബി ഇക്ബാല്‍ പങ്കുവെക്കുന്നത്. സര്‍ക്കാരാകട്ടെ പൊലീസിന് കൂടുതല്‍ ചുമതല നല്‍കി നടപടികള്‍ ശക്തമാക്കിയിരിക്കുകയുമാണ്. അതേസമയം കര്‍ശന ക്വറന്റീന്‍, പ്രായമായവരെയടക്കം സംരക്ഷിക്കുന്ന റിവേഴ്‌സ് ക്വാറന്റീന്‍ ശക്തമായി നടപ്പാക്കണം. പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും വിദഗ്ദ ചികിത്സയ്ക്ക് കൊവിഡ് ആശുപത്രികളും സജ്ജം. ഒരുമിച്ചുള്ള കോവിഡ് പ്രതിരോധത്തോടൊപ്പം ഡിസംബറോടെ വാക്‌സിനും പ്രതീക്ഷിക്കാം. ഇതാണ് വിദഗ്ദ സമിതിയംഗം ഡോ ബി ഇക്ബാല്‍ പങ്കുവെക്കുന്ന കുറിപ്പിന്റെ ചുരുക്കം.

നേരത്തെ വിവിധ സമിതികള്‍ നല്‍കിയ മുന്നറിയിപ്പുകളനുസരിച്ചാണ് ഇതുവരെയുള്ള വ്യാപന വര്‍ധനവ്. അതേസമയം കുറഞ്ഞു തുടങ്ങുന്നതിന് മുന്നോടിയായി കേസുകള്‍ കുത്തനെ കൂടാന്‍ പോവുന്ന ഘട്ടമാണ് വരാനിരിക്കുന്നതെന്ന് ആരോഗ്യവിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആഗസ്ത് അവസാനത്തോടെ പ്രതിദിനം പതിനെട്ടായിരം കേസുകള്‍ വരെയാകാമെന്ന മുന്നറിയിപ്പുകള്‍ സര്‍ക്കാരിന് മുന്നിലുമുണ്ട്. വരുന്ന ആഴ്ച്ചകള്‍ അതിവനിര്‍ണായകം. ഈ സാഹചര്യത്തിലാണ് രണ്ടാഴ്ച്ചക്കകം നിയന്ത്രിക്കണമെന്ന കര്‍ശന നിര്‍ദേശവുമായി പൊലീസിന് ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. സൈബര്‍ സംവിധാനമടക്കം കുറ്റാന്വേഷണ സംവിധാനങ്ങള്‍ വരെ ഉപയോഗിച്ചാകും പൊലീസ് സമ്പര്‍ക്ക പട്ടികയടക്കം തയാറാക്കുക.

സെപ്തംബര്‍ പകുതിയോടെ വ്യാപനം കുറയാമെന്ന വിലയിരുത്തലില്‍ അമിതപ്രതീക്ഷ വേണ്ടെന്ന ഭിന്നാഭിപ്രായവും ശക്തമാണ്. നിയന്ത്രിത മേഖലകള്‍ക്ക് പുറത്ത് നടക്കുന്ന വ്യാപനം കണക്കുകൂട്ടലുകളെ തകിടം മറിക്കാം. നിയന്ത്രിത മേഖലകളെ അടച്ചിട്ട് വ്യാപനം നിയന്ത്രിക്കുമ്പോള്‍, ഇവ തുറക്കുന്നതോടെ വ്യാപനം പഴയ പടിയാകാമെന്നും മുന്നറിയിപ്പ്. അതേസമയം രോഗം കണ്ടു പിടിക്കാന്‍ പര്യാപ്തമായ പരിശോധനകള്‍ ഇപ്പോഴും കേരളം നടത്തുന്നില്ലെന്ന വിമര്‍ശനവും ആരോഗ്യമേഖലയിലുള്ളഴര്‍ക്കിടയില്‍ നിലനില്‍ക്കുകയാണ്.

SHARE