നമ്മുടെ പ്രദേശത്ത് ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

സംസ്ഥാനം കോവിഡ് വ്യാപനത്തിന്റെ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. വ്യാപനത്തിന്റെ തോത് വര്‍ധിച്ചതോടെ നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. കോവിഡുമായി ബന്ധപ്പെട്ടുള്ള മുന്‍കരുതലുകള്‍ നമുക്ക് ഒന്ന് പരിശോധിക്കാം.

രോഗം സ്ഥിരീകരിച്ച ആളുടെ വീട്ടില്‍ താമസിക്കുന്ന ആളാണെങ്കില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍:

ഒരേ വീട്ടില്‍ താമസിച്ച്, രോഗിയുമായി നേരിട്ട് ബന്ധം പുലര്‍ത്തുന്നവര്‍ പ്രാഥമിക (പ്രൈമറി) കോണ്‍ടാക്റ്റുകളാണ്.
രോഗിയോടൊപ്പം അവസാനം ചിലവഴിച്ച ദിവസം മുതല്‍ 14 ദിവസം കര്‍ശനമായും വീടിനുള്ളില്‍ കഴിയേണ്ടതാണ്. ഒരു കാരണവശാലും പുറത്തു പോകാന്‍ പാടില്ല. അവശ്യ സാധനങ്ങള്‍ സന്നദ്ധപ്രവര്‍ത്തകര്‍ എത്തിക്കുന്നതാണ്.വീടിനുള്ളിലുള്ള ആരെങ്കിലും രോഗസാധ്യത ഉള്ളവരാണെങ്കില്‍ (65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍, ഗര്‍ഭിണികള്‍) ഇവര്‍ക്കായി പ്രത്യേക മുറിയും കുളിമുറിയും മാറ്റിവയ്ക്കുന്നതാണ് നല്ലത്.

നേരിട്ടിടപഴകിയവരില്‍ തന്നെ, വളരെ അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ തുടര്‍ന്നുള്ള 14 ദിവസം കൂടി നിരീക്ഷണത്തിലായിരിക്കണം.
ഈ കാലയളവില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കുക, മാസ്‌ക് ധരിക്കുക, കൈകള്‍ ശുചിയാക്കുക, പൊതുയിടങ്ങളില്‍ തുപ്പാതിരിക്കുക, പൊതു പരിപാടികളില്‍ പങ്കെടുക്കാതിരിക്കുക, എന്തെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുക.

രോഗസാധ്യത ഉള്ളവരെ വീട്ടില്‍ നിന്നു മാറ്റി പാര്‍പ്പിക്കേണ്ടതുണ്ടോ?

രോഗിയുമായി അടുത്തിടപഴകിയവരെ മറ്റു വീടുകളിലേക്ക് കൊണ്ടുപോകുന്നത് അവിടെയും രോഗവ്യാപനത്തിന് കാരണമായിത്തീരാം. ഇപ്പോള്‍ നില്‍ക്കുന്ന വീട്ടില്‍തന്നെ പ്രത്യേക സൗകര്യങ്ങള്‍ മാറ്റി വയ്ക്കുന്നതാണ് നല്ലത്.വീട്ടിനുള്ളിലും എല്ലാവരും മാസ്‌ക് ധരിക്കുകയും കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കുകയും സാധനങ്ങള്‍ പങ്കിടാതിരിക്കുകയും ചെയ്യുക.

രോഗിയെ നേരിട്ട് കണ്ടിട്ടില്ലാത്ത എന്നാല്‍ അദ്ദേഹത്തിന്റെ മകനുമായി അടുത്തിടപഴകിയ ആള്‍ ക്വാറന്റീനില്‍ കഴിയേണ്ടതുണ്ടോ?

നിങ്ങള്‍ ഇടപഴകിയിരിക്കുന്നത് രോഗിയോടല്ല, രോഗിയുടെ പ്രൈമറി കോണ്‍ടാക്റ്റ് ആയ മകനുമായി ആയതിനാല്‍ നിങ്ങള്‍ സെക്കന്‍ഡറി കോണ്‍ടാക്റ്റ് ആണ്.സാമൂഹിക അകലം പാലിക്കുക, അനാവശ്യ യാത്രകള്‍ ഒഴിവാക്കുക, നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക, കൈകള്‍ ശുചിയാക്കുക, പൊതുയിടങ്ങളില്‍ തുപ്പാതിരിക്കുക, പൊതു പരിപാടികളില്‍ പങ്കെടുക്കാതിരിക്കുക.
രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍മാത്രം സ്രവ പരിശോധന മതി.നിങ്ങള്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ആള്‍ രോഗിയുമായി വളരെ അടുത്തിടപഴകിയതു മൂലം രോഗിയാകാന്‍ നല്ല സാധ്യത നിലനില്‍ക്കുന്നുണ്ടെങ്കില്‍ ക്വാറന്റീന്‍തന്നെ സ്വീകരിക്കുന്നതാണ് ഉത്തമം.

താമസിക്കുന്ന വീടിന് അടുത്താണ് രോഗിയുടെ വീട്. ആ വീട്ടിലെ ആരുമായും കഴിഞ്ഞ രണ്ട് ആഴ്ചയില്‍ ഇടപഴകിയിട്ടില്ലെങ്കിലും എന്തെങ്കിലും മുന്‍കരുതലുകള്‍ സ്വീകരിക്കണോ?

നിങ്ങള്‍ക്ക് രോഗിയുമായോ അവരുടെ െ്രെപമറി കോണ്‍ടാക്റ്റുകളുമായോ നേരിട്ട് സമ്പര്‍ക്കമില്ലാത്തതിനാല്‍ നിങ്ങള്‍ ഒരു പ്രാദേശിക കോണ്‍ടാക്റ്റ് മാത്രമാണ്.സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൈകള്‍ ശുചിയാക്കുക, പൊതുയിടങ്ങളില്‍ തുപ്പാതിരിക്കുക, പൊതു പരിപാടികളില്‍ പങ്കെടുക്കാതിരിക്കുക എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ മാത്രം മതി. തല്‍ക്കാലം വീട്ടിലെ ആരെയും മാറ്റിപ്പാര്‍പ്പിക്കേണ്ടതില്ല. വീടിനുള്ളില്‍ അവര്‍ക്ക് മാത്രമായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുന്നതാണ് നല്ലത്.

കടയില്‍ രോഗി വന്നതായി പറയുന്നു. അദ്ദേഹത്തെ പരിചയമില്ല. അതുകൊണ്ട് വന്നോ എന്നോ സമ്പര്‍ക്കം ഉണ്ടായിരുന്നോ എന്നോ അറിയില്ല. എന്തു ചെയ്യണം?

നിങ്ങളുടെ കടയില്‍ എത്തിയ ആളുകളുടെ പട്ടിക നിങ്ങളുടെ പക്കല്‍ കാണുമല്ലോ. അതില്‍ പേരുണ്ടോ എന്ന് പരിശോധിക്കുക. ആ സമയത്ത് ഏതൊക്കെ ആളുകള്‍ കടയില്‍ ഉണ്ടായിരുന്നോ, അവര്‍ക്കെല്ലാം ചെറുതോ വലുതോ ആയ സമ്പര്‍ക്കം ഉണ്ട്. അദ്ദേഹവുമായി സംസാരിക്കുകയോ, പണം വാങ്ങുകയോ ചെയ്തു എന്ന് സംശയിക്കുന്നവരെല്ലാം ക്വാറന്റീന്‍ വേണ്ടവരാണ്. തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തരെ ഇക്കാര്യം അറിയിക്കേണ്ടതാണ്. അവര്‍ റിസ്‌ക് പരിശോധിച്ച് ആവശ്യമെങ്കില്‍ ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തും.

രോഗി കയറിയ ഓട്ടോ ഓടിച്ച ആളുടെ ഭാര്യയോടൊപ്പം ഞാന്‍ ജോലി ചെയ്തിരുന്നു. ക്വാറന്റൈന്‍ ആവശ്യമാണോ?

ആവശ്യമില്ല. ഭാര്യ സെക്കന്‍ഡറി കോണ്‍ടാക്റ്റ് മാത്രമാണ്. നിങ്ങള്‍ പ്രാദേശിക കോണ്‍ടാക്റ്റും.സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൈകള്‍ ശുചിയാക്കുക, പൊതുയിടങ്ങളില്‍ തുപ്പാതിരിക്കുക, പൊതു പരിപാടികളില്‍ പങ്കെടുക്കാതിരിക്കുക എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ മാത്രം മതി.ഓട്ടോ ഡ്രൈവര്‍ ടെസ്റ്റ് ചെയ്ത് പോസിറ്റീവ് ആയാല്‍ ഭാര്യ പ്രൈമറിയും നിങ്ങള്‍ സെക്കന്‍ഡറിയും കോണ്‍ടാക്റ്റുകള്‍ ആവും.

സാധനങ്ങള്‍ വാങ്ങാന്‍ പോകാറുള്ള അതേ കടയില്‍ തന്നെയാണ് രോഗിയും കുടുംബവും വരാറ്. ക്വാറന്റീനില്‍ പോകണോ?

രോഗിയുമായും കുടുംബവുമായും നേരിട്ട് ഇടപഴകിയിട്ടില്ലെങ്കില്‍, അവിടെ കയറുന്നതിന് മുമ്പ് നിങ്ങള്‍ കൈകള്‍ ശുചിയാക്കിയതാണെങ്കില്‍, ക്വാറന്റീന്‍ ആവശ്യമില്ല. പൊതു നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ മതി.

എങ്ങനെയാണ് ടെസ്റ്റ് നടത്തുക? എത്ര സമയത്തിനുള്ളില്‍ ഫലം അറിയാനാവും?

ടെസ്റ്റിന്റെ സമയവും സ്ഥലവും ആരോഗ്യ പ്രവര്‍ത്തകര്‍ മുന്‍കൂട്ടി അറിയിക്കുന്നതാണ്. മൂക്കില്‍ നിന്നുള്ള സ്രവമാണ് പരിശോധനക്ക് എടുക്കുന്നത്.ടെസ്റ്റ് വേദന ഉണ്ടാക്കുന്നതല്ല.രണ്ടോ മൂന്നോ മിനിറ്റ് മാത്രമേ സ്രവം എടുക്കുന്നതിന് ആവശ്യമുള്ളൂ.കണ്‍ണ്ടയിന്‍മെന്റ് സോണല്ലാത്ത, വ്യാപനം ഇല്ലാത്ത, ഇടങ്ങളില്‍ ചെയ്യുന്ന പരിശോധന പി.സി.ആര്‍. ടെസ്റ്റാണ്പ്രത്യേക ലാബുകളില്‍ മാത്രം ചെയ്യുന്ന ഈ പരിശോധനക്ക് 6 മണിക്കൂര്‍ എങ്കിലും ആവശ്യമായതിനാല്‍ ഫലം അറിയുന്നതിന് കുറഞ്ഞ് മൂന്നു ദിവസമെങ്കിലും ആവശ്യമാണ്.കണ്ടയിന്‍മെന്റ് സോണുകളില്‍ നടത്തുന്ന ആന്റിജന്‍ ടെസ്റ്റിന്റെ ഫലം ലഭിക്കാന്‍ ഒരു മണിക്കൂറില്‍ താഴെ മാത്രമേ ആവശ്യമുള്ളൂ.പരിശോധനക്ക് എടുക്കുന്ന സമയം എന്തു തന്നെയാണെങ്കിലും നിശ്ചിത ദിവസങ്ങള്‍ ക്വാറന്റീനില്‍ കഴിയേണ്ടതാണ്.

രോഗിയുടെ പ്രാഥമിക കോണ്‍ടാക്റ്റ് ആയ വ്യക്തിയുടെ ടെസ്റ്റ് ഫലം നെഗറ്റീവാണ്. ഇനി അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റീനില്‍ തുടരേണ്ടതുണ്ടോ?

നാം ചെയ്യുന്ന ടെസ്റ്റ് പോസിറ്റീവ് ആണെങ്കില്‍ അയാളുടെ ശരീരത്തില്‍ കൊറോണ വൈറസ് ബാധയുണ്ടെന്ന് ഉറപ്പിക്കാനാവും.
എന്നാല്‍, നെഗറ്റീവ് ആണെങ്കില്‍ ഉറപ്പിക്കാനാവില്ല. ഒരു പക്ഷേ, ചില ദിവസങ്ങള്‍ കഴിഞ്ഞാവും ടെസ്റ്റിന് കണ്ടുപിടിക്കാനാവുന്ന അളവിലേക്ക് വൈറസ് എത്തുന്നത്. അതിനാല്‍ രോഗിയുമായി അവസാന സമ്പര്‍ക്കത്തിനു ശേഷം 14 ദിവസം നിര്‍ബന്ധമായും ക്വാറന്റീനില്‍ തുടരണം.

എപ്പോഴാണ് ഒരു പ്രദേശം കണ്ടയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കുന്നത്?

എവിടെ നിന്നു രോഗ ബാധ ഉണ്ടായി എന്നു വ്യക്തമല്ലാത്ത കേസുകളും നിശ്ചിത എണ്ണത്തിലധികം െ്രെപമറി, സെക്കന്‍ഡറി കോണ്‍ടാക്റ്റുകളും ഉണ്ടാകുമ്പോഴാണ് ജില്ലാ ഭരണകൂടം ഒരു പ്രദേശത്തെ കണ്ടയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കുന്നത്.

SHARE