സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

എറണാകുളം: സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. തൃപ്പൂണിത്തുറ കരിങ്ങാച്ചിറ ചക്കിയാട്ടില്‍ ഏലിയാമ്മ (85) ആണ് മരിച്ചത്. ഇതോടെ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണങ്ങളുടെ എണ്ണം നാല് ആയി. ന്യുമോണിയ ബാധിച്ച് എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ജൂലൈ 23 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏലിയാമ്മ ഇന്നു രാത്രി 8 മണിക്കാണ് മരിച്ചത്.

കൊല്ലത്തും കോഴിക്കോടുമാണ് ഇന്ന് മറ്റ് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് ജില്ലയില്‍ രണ്ട് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ചികിത്സയിലായിരുന്ന കൊട്ടാരക്കര തലച്ചിറ സ്വദേശി അസ്മബീവി (73) ആണ് കൊല്ലത്ത് മരിച്ചത്. ഇവരെ 20ാം തിയതിയാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആയിരുന്നു മരണം. 77 വയസുകാരനായ കോഴിക്കോട് പള്ളിക്കണ്ടി കെ ടി ആലിക്കോയ, 63 വയസ്സുകാരനായ മലപ്പുറം സ്വദേശി മുഹമ്മദ് എന്നിവരാണ് കോഴിക്കോട് മരിച്ച മറ്റു രണ്ടുപേര്‍.

SHARE