കോവിഡ്;ഇസ്രായേലില്‍ സൈനികര്‍ ഐസോലേഷനില്‍; 95 മരണം

ജെറൂസലം: ഇസ്രായേലില്‍ സൈനികര്‍ക്കും കോവിഡ് ബാധ. ഇസ്രായേലില്‍ 2,876 സൈനികര്‍ ഐസൊലേഷനില്‍ ആണെന്നും 152 പേര്‍ക്ക് കോവിഡ് രോഗം ബാധിച്ചെന്നുമാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാവിലെ രോഗബാധിതരുടെ എണ്ണം 10,000 കവിഞ്ഞു. 95 പേര്‍ മരിച്ച രാജ്യത്ത് 167 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ജെറൂസലം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ബെനെ ബറാക് നഗരത്തിലാണ് ഇസ്രയേലില്‍ ഏറ്റവുമധികം കോവിഡ് രോഗികളുള്ളത്: 1,780 പേര്‍. നഗരത്തില്‍ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ അഞ്ച്് ദിവസത്തേക്കു കൂടി നീട്ടിയിട്ടുണ്ട്. രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള (1,681) ജെറുസലമിലും നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഇവയ്ക്കു പുറമെ തെല്‍ അവീവ് (434), ഇലാദ് (226), അഷ്‌കലോന്‍ (220), പെറ്റ തിക്വ (191), റിഷന്‍ ലെസിയോന്‍ (187), മോദിന്‍ ഇല്ലിത് (184), ബെയ്ത് ഷംഷ് (177), അഷ്‌ദോദ് (168) നഗരങ്ങളിലും കോവിഡ് രോഗികളുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ബെനെ ബറാകും ജെറുസലവും അടക്കമുള്ള നാല് നഗരങ്ങളില്‍ വന്‍തോതില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇതാദ്യമായി അറബ് നഗരങ്ങളുടെ കോവിഡ് വിവരം ഇസ്രയേല്‍ ആരോഗ്യമന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ടു. 16 രോഗികളുള്ള തമാറയാണ് ഒന്നാം സ്ഥാനത്ത്. ബഖ അല്‍ ഗര്‍ബിയ്യ (11), തായിബ (9), സഖ്‌നിന്‍ (6), മഗര്‍ (6) എന്നിവയാണ് മറ്റ് നഗരങ്ങള്‍. അറബ് വംശജര്‍ കൂടുതലായി താമസിക്കുന്ന നഗരങ്ങളിലെ രോഗബാധിതരുടെ എണ്ണം കുറയാനുള്ള കാരണം ടെസ്റ്റുകള്‍ കുറഞ്ഞതാണെന്നും ഇത്തരം പ്രദേശങ്ങളെ ഇസ്രയേല്‍ ഭരണകൂടം അവഗണിക്കുകയാണെന്നും ആരോപണമുണ്ട്.

ഇസ്രയേല്‍ സൈന്യത്തിന്റെ ജനറല്‍ സ്റ്റാഫ് തലവന്‍ ലഫ്. ജനറല്‍ അവിവ് കൊഹാവിക്ക് കോവിഡ് സംശയിച്ചിരുന്നെങ്കിലും പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. ഇദ്ദേഹം ഐസൊലേഷനില്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

SHARE