വീണ്ടും കോവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് കോവിഡിന് കീഴടങ്ങിയത് മൂന്ന് പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കാസര്‍കോട്, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലായി ഇന്ന് ഇതുവരെ മൂന്ന് പേരാണ് കോവിഡിന് കീഴടങ്ങിയത്. കൊവിഡ് രോഗബാധിതരായിരുന്നുവെങ്കിലും മരിച്ച മൂന്ന് പേരും മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. തൃക്കരിപ്പൂര്‍ ആയിറ്റി സ്വദേശി എപി അബ്ദുള്‍ ഖാദര്‍ (62) ആണ് കാസര്‍കോട് ഇന്ന് ചികിത്സയിലിരിക്കെ മരിച്ചത്. കാന്‍സര്‍ ബാധിതനാണ് ഇയാള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലായിരുന്ന വടകര വെള്ളികുളങ്ങര സ്വദേശി സുലേഖയും ഇന്നാണ് മരിച്ചത്. 63 വയസായിരുന്നു. ഹൃദയ സംബന്ധമായ ചികിത്സ കഴിഞ്ഞ ഇവര്‍ക്ക് പ്രമേഹവും വൃക്കരോഗവും ഉണ്ടായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോള്‍ ജോസഫ് ഇന്ന് രാവിലെ മരിച്ചു. 70 വയസുള്ള ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

SHARE