കോവിഡ്: ഗുജറാത്തില്‍ ഗുരുതര സാഹചര്യം, നേരിട്ട് ഇടപെട്ട് കേന്ദ്രസര്‍ക്കാര്‍-വീണ്ടും ചോദ്യം ചെയ്യപ്പെട്ട് ഗുജറാത്ത് മോഡല്‍

ന്യൂഡല്‍ഹി: ഗുജറാത്ത് വികസനത്തിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്ത് സംസ്ഥാനത്ത് കോവിഡ് പടര്‍ന്നു പിടിക്കുന്നു. ബുധനാഴ്ചയിലെ കണക്കുപ്രകാരം ഗുജറാത്തില്‍ 6245 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 4225 കേസുകളും അഹമ്മദാബാദില്‍ 368 മരണങ്ങളുമുണ്ടായി.

കോവിഡ് നേരിടുന്നതില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രി വിജയ് രൂപാനിയെ നേരിട്ട് വിളിച്ച് അതൃപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ പി.എം.ഒ നേരിട്ട് ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചു പണിയും നടത്തി. അഹമ്മദാബാദ്, സൂറത്ത് എന്നിവിടങ്ങളില്‍ ലോക്ക്ഡൗണ്‍ കര്‍ശ്ശനമായി നടപ്പാക്കാന്‍ ഏഴു കമ്പനി സി.ആര്‍.പി.എഫിനെ വിന്യസിച്ചിട്ടുണ്ട്.

വെല്ലുവിളിയായി മരണ നിരക്ക്

5.49 ശതമാനമാണ് ഗുജറാത്തിലെ മരണനിരക്ക്. ദേശീയ തലത്തില്‍ ഇത് 3.42 ശതമാനം മാത്രമാണ്. ഇതാണ് സര്‍ക്കാറിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നത്. ആശുപത്രിയിലെത്തിച്ച് അര മണിക്കൂറിന് അകം യുവാക്കള്‍ പോലും മരണത്തിന് കീഴടങ്ങുന്നതായി ഡോക്ടര്‍മാരെ ഉദ്ധരിച്ച് അഹമ്മദാബാദ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രിയില്‍ വേണ്ടത്ര വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ ഇല്ലാത്തതാണ് മരണനിരക്കിലെ വര്‍ദ്ധനയ്ക്ക് കാരണമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഗുജറാത്തിലെ 396 മരണങ്ങളില്‍ 182 എണ്ണവും (46%) കഴിഞ്ഞ ആറു ദിവസാണ് ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി

കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘത്തെ സംസ്ഥാനത്തേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി രൂപാനി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചിട്ടുണ്ട്. വിദഗ്ദ്ധരുടെ സാന്നിദ്ധ്യം ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ആത്മവിശ്വാസം കൂട്ടുമെന്ന് ഇന്‍ഫെക്ഷ്യസ് ഡിസീസ് സ്‌പെഷ്യലിസ്റ്റ് ഡോ. അതുല്‍ പട്ടേല്‍ ചൂണ്ടിക്കാട്ടുന്നു.

ഗുജറാത്ത് മോഡല്‍ എന്ന പൊള്ള

2108-19 സാമ്പത്തിക വര്‍ഷത്തില്‍ ഗുജറാത്ത സര്‍ക്കാര്‍ ആരോഗ്യ-കുടുംബ ക്ഷേമത്തിനായി ചെലവഴിച്ചത് പതിനായിരം കോടി രൂപയാണ്. സംസ്ഥാനത്തെ മൊത്തം ജി.ഡി.പിയുടെ 0.85 ശതമാനം മാത്രം വരുന്ന തുകയാണിത്. ഒരു ഗുജറാത്തിക്ക് അഞ്ചു രൂപ പോലും ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ ചെലവഴിച്ചില്ലെന്ന് ചുരുക്കം. 2020-21 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ ആരോഗ്യ മേഖലയ്ക്കായി നീക്കി വച്ചിട്ടുള്ളത് 923 കോടി മാത്രമാണ്. ബിഹാറില്‍ ഇത് 1814 കോടിയും രാജസ്ഥാനില്‍ 1400 കോടിയുമാണ്.

ഇതു മാത്രമല്ല, ദേശീയ കുടുംബ ആരോഗ്യ സര്‍വേ പ്രകാരം അഞ്ചു വയസ്സിനുള്ള സംസ്ഥാനത്തെ 45 ശതമാനം കുട്ടികള്‍ക്കും ഭാരക്കുറവുണ്ട്. 57 ശതമാനം കുട്ടികള്‍ക്ക് വിളര്‍ച്ചയുണ്ട്. ഇത്തരം ദേശീയ ആരോഗ്യ മാനദണ്ഡങ്ങളില്‍ എല്ലാം ഗുജറാത്ത് പിന്നിലാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഈ സാഹചര്യത്തിലാണ് കോവിഡിനെതിരെയുള്ള സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നത്.

കുടിയേറ്റ തൊഴിലാളികളോട് ക്രൂരത

സംസ്ഥാനത്തെ വ്യവസായ മേഖലയുടെ നട്ടെല്ലാണ് കുടിയേറ്റ തൊഴിലാളികള്‍. ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരങ്ങളാണ് അഹമ്മദാബാദിലും സൂറത്തിലും വഡോദരയിലും ജോലി ചെയ്യുന്നത്.

കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് തിരിച്ചു പോകാനുള്ള ട്രയിന്‍ ടിക്കറ്റിന്റെ 85 ശതമാനം സബ്‌സിഡിയും ബാക്കി 15 ശതമാനം സംസ്ഥാന സര്‍ക്കാറുമാണ് വഹിക്കുന്നത് എന്നുമാണ് കേന്ദ്രത്തിന്റെ വാദം. എന്നാല്‍ യാത്രാക്കൂലി സ്വന്തം പോക്കറ്റില്‍ നിന്ന് എടുത്താണ് യാത്ര ചെയ്യുന്നത് എന്ന് തൊഴിലാളികള്‍ പറയുന്നു. നേരത്തെ, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കേന്ദ്ര നിര്‍ദ്ദേശം പാലിക്കുന്നുണ്ടെന്ന് ബി.ജെ.പി അവകാശപ്പെട്ടിരുന്നു.