കോവിഡ്; എല്ലാവരും യാത്രകളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തണം

തിരുവനന്തപുരം: സംസ്ഥാനത്തെ ഉറവിടം കണ്ടെത്താന്‍ സാധിക്കാതെ കേസുകളുടെ കാര്യത്തില്‍ പരിഹാരമുണ്ടാക്കുന്നതിന്റെ ഭാഗമായി എല്ലാവരും ‘ബ്രേക്ക് ദി ചെയിന്‍ ഡയറി’ സൂക്ഷിക്കുകയും നടത്തുന്ന യാത്രകളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുകയും വേണം. കയറിയ വാഹനങ്ങളുടെ നമ്പര്‍, സമയം, കയറിയ ഹോട്ടലിന്റെ പേര്, സമയം തുടങ്ങിയ വിവരങ്ങളെല്ലാം ഡയറിയിലോ ഫോണിലോ രേഖപ്പെടുത്തി സൂക്ഷിച്ചു വെക്കണം. രോഗബാധിതയുണ്ടായാല്‍ സന്ദര്‍ശിച്ച സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് മനസിലാക്കാനും ആരൊക്കെ അടുത്ത് ഇടപഴകിയെന്ന് കണ്ടെത്താനും ഇത് സഹായകമാകും. ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക് പ്രകാരം ഓഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള കോവിഡ് കേസുകളുടെ എണ്ണം വളരെ വലുതാണ്.

സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.53 പേര്‍ രോഗമുക്തരായി. പുതിയ രോഗബാധിതരില്‍ 84 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. 33 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. ആറ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു.
പാലക്കാട് 24, ആലപ്പുഴ 18, പത്തനംതിട്ട 13, കൊല്ലം 13, എറണാകുളം 10, തൃശ്ശൂര്‍ 10, കണ്ണൂര്‍ 9, കോഴിക്കോട് 7, മലപ്പുറം 6, കാസര്‍കോട് 4, ഇടുക്കി 3, തിരുവനന്തപുരം, കോട്ടയം, വയനാട് രണ്ട് വീതം ആളുകള്‍ക്കാണ് ഇന്ന് രോ?ഗം സ്ഥിരീകരിച്ചത്.
നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പത്തനംതിട്ട9, ആലപ്പുഴ 3, കോട്ടയം2, ഇടുക്കി2, എറണാകുളം2, തൃശ്ശൂര്‍3, പാലക്കാട് 5, മലപ്പുറം12, കോഴിക്കോട് 6, കണ്ണൂര്‍1, കാസര്‍കോട് 8.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5240 സാമ്പിള്‍ പരിശോധിച്ചു. 3726 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളത് 1761 പേരാണ്. 1,59,614 പേരാണ് നിരീക്ഷണത്തിലുള്ളത്. 2349 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്. 344 പേരെ ഇന്നു മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,56,401 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 4182 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

SHARE