സംസ്ഥാനത്ത് ചെക്‌പോസ്റ്റുകളില്‍ പരിശോധന, അതിര്‍ത്തികളിലും ട്രെയിനുകളിലും കടുത്ത നിരീക്ഷണം

തിരുവനന്തപുരം: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ചെക്‌പോസ്റ്റുകളില്‍ കനത്ത പരിശോധന ആരംഭിച്ചു. ബസുകള്‍ അടക്കം എല്ലാ വാഹനങ്ങളിലെത്തുന്ന യാത്രക്കാര്‍ക്കും പനിയുണ്ടോ എന്നാണ് പരിശോധിക്കുന്നത്. അതോടൊപ്പം യാത്രക്കാരുടെ വിവരങ്ങളും രേഖപ്പെടുത്തിയശേഷമാണ് പോകാന്‍ അനുവദിക്കുന്നത്. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍, കുടുതല്‍ യാത്ര ചെയ്യുന്നവര്‍ എന്നിവരോട് ആരോഗ്യ വകുപ്പിനെ ബന്ധപ്പെടാനുമാണ് നിര്‍ദ്ദേശം.

കര്‍ണാടക തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട്ടിലെ ചെക് പോസ്റ്റുകളില്‍ കോവിഡ്19 തടയാന്‍ വാഹനങ്ങള്‍ തടഞ്ഞുള്ള പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. 36 സംഘങ്ങളെക്കൂടി ഇതിനായി നിയോഗിക്കും. മറ്റ് വകുപ്പുകളിലുള്ളവര്‍ക്കും പരിശീലനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലയില്‍ 75 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളത്.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 24 പോയിന്റുകളില്‍ ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ മുഴുവന്‍ വാഹനങ്ങളും പരിശോധിക്കും. കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ച പശ്ചാത്തലത്തില്‍ അവിടെയുള്ള വിദ്യാര്‍ത്ഥികളെ നാട്ടില്‍ എത്തിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി. വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് ശേഖരിക്കും. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന മുത്തങ്ങയ്ക്ക് സമീപം മൂലഹള്ളയില്‍ കര്‍ണാടക ആരോഗ്യവകുപ്പിന്റെ പരിശോധന നടക്കുന്നുണ്ട്.

SHARE