പീഡനക്കേസില്‍ വിചിത്ര ജാമ്യ വ്യവസ്ഥ; പരാതിക്കാരിയെ കൊണ്ട് രാഖി കെട്ടിക്കണമെന്ന് ആവശ്യം


പീഡന കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കാന്‍ വിചിത്ര വ്യവസ്ഥയുമായി മധ്യപ്രദേശ് ഹൈക്കോടതി. രക്ഷാബന്ധന്‍ ദിനത്തില്‍ പരാതിക്കാരിയായ യുവതിയെ കൊണ്ട് കയ്യില്‍ രാഖി കെട്ടിക്കണം, എല്ലാ കാലത്തും അവളെ സംരക്ഷിക്കാമെന്ന് ഉറപ്പ് നല്‍കണം- എങ്കില്‍ ജാമ്യം തരാം എന്നാണ് കോടതി വ്യക്തമാക്കിയത്.

പീഡന കേസിലെ പ്രതിയായ വിക്രം ബാഗ്രിക്കാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്. രാഖി കെട്ടുമ്പോള്‍ സഹോദരന്‍ സഹോദരിക്ക് സമ്മാനങ്ങള്‍ നല്‍കാറുണ്ട്. വിക്രത്തിന്റെ കാര്യത്തില്‍ എന്താണ് സമ്മാനമെന്നും കോടതി വ്യക്തമാക്കി. യുവതിക്ക് 11000 രൂപ സമ്മാനമായി നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം.

ജസ്റ്റിസ് രോഹിത് ആര്യയാണ് വിചിത്ര ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതി ഭാര്യക്കൊപ്പമാണ് പരാതിക്കാരിയുടെ വീട്ടില്‍ പോവേണ്ടത്. ആഗസ്ത് 3ന് പകല്‍ 11 മണിക്ക് പരാതിക്കാരിയുടെ വീട്ടില്‍ എത്തണം. മധുര പലഹാരങ്ങള്‍ നല്‍കണം. രാഖി കെട്ടാന്‍ പരാതിക്കാരിയോട് അപേക്ഷിക്കണം. എല്ലാ കാലത്തും അവളെ സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പരാതിക്കാരിയുടെ മകന് വസ്ത്രങ്ങളും മധുര പലഹാരങ്ങളും വാങ്ങാന്‍ 5000 രൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

30 വയസ്സുകാരിയുടെ ഉജ്ജൈയിനിയിലെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് വിക്രമിനെതിരെ കേസെടുത്തത്. ഏപ്രില്‍ 20നായിരുന്നു സംഭവം. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റം ചുമത്തി സെക്ഷന്‍ 354 പ്രകാരമാണ് കേസെടുത്തത്.

SHARE