മന്ത്രിസഭയില്‍ കോവിഡ്; ഉത്തരഖാണ്ഡ് മുഖ്യമന്ത്രിയടക്കം എല്ലാവരും ക്വാറന്റീനില്‍

ന്യൂഡല്‍ഹി: മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഉത്തരഖാണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തടക്കം യോഗത്തില്‍ പങ്കെടുത്ത മന്ത്രിമാരടക്കം എല്ലാവരും ക്വാറന്റീനില്‍ പ്രവേശിച്ചു. മെയ് 29ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ ഇവര്‍ക്കൊപ്പം പങ്കെടുത്ത ടൂറിസം മന്ത്രി സത്പാല്‍ മഹാരാജിന് കൊറോണവൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണിത്.

ഉത്തരഖാണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജിനും അഞ്ച് കുടുംബാംഗങ്ങള്‍ക്കും കഴിഞ്ഞ ദിവസമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മന്ത്രിയുടെ ഭാര്യക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇവര്‍ എല്ലാവരും ഇപ്പോള് എയിംസ് ആസ്പത്രിയില്‍ ചികിത്സയിലാണ്. ഇവരുമായി ബന്ധമുള്ള 41 ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാംബിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.

വെള്ളിയാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ സത്പാലും പങ്കെടുത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സ്വമേധയാ ഹോം ക്വാറന്റീനില്‍ പ്രവേശിക്കുകയായിരുന്നു. മന്ത്രിസഭാ യോഗത്തില്‍ സാമൂഹിക അകലവും മാസ്‌ക് അടക്കമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തതിനാല്‍ വ്യാപനസാധ്യത കുറവാണെന്നാണ് വിവരം. ഹോം ക്വാറന്റീലാണെങ്കിലും മന്ത്രിമാര്‍ അവരുടെ ജോലികള്‍ ചെയ്യുമെന്ന് ഉത്തരഖാണ്ഡ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.